രാജ്യസുരക്ഷ ഉറപ്പാക്കാൻ സൗദി പ്രതിജ്ഞാബദ്ധം; ജി.സി.സി ആഭ്യന്തര മന്ത്രിതല തീരുമാനങ്ങൾക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ
text_fieldsസൽമാൻ രാജാവ് സൗദി മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
ജിദ്ദ: രാജ്യത്തിെൻറയും ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിൽ രാജ്യം ഒട്ടും മടി കാണിക്കില്ലെന്ന് സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം ആവർത്തിച്ച് വ്യക്തമാക്കി. മാതൃരാജ്യത്തെ പ്രതിരോധിക്കുന്നതിലും രാജ്യത്തിെൻറ നേട്ടങ്ങളും ആസ്തികളും സംരക്ഷിക്കുന്നതിലും സൗദി സായുധ സേന പ്രകടിപ്പിക്കുന്ന ഉയർന്ന പ്രവർത്തനക്ഷമതയെ മന്ത്രിസഭ പ്രശംസിച്ചു. ഈ വർഷത്തെ ഹജ്ജ് സീസണിനായി തയാറാക്കിയ വിവിധ പ്രവർത്തന പദ്ധതികൾ മന്ത്രിസഭാ യോഗം അവലോകനം ചെയ്തു.
‘ഗെസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമി’െൻറ ചട്ടക്കൂടിനുള്ളിൽ കൈവരിച്ച പുരോഗതിയും യോഗം വിലയിരുത്തി. വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനവും, തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു. മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മനുഷ്യവിഭവശേഷിയും സാങ്കേതിക-സംഘടനാ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള സംവിധാനങ്ങൾ നടത്തുന്ന ശ്രമങ്ങളെ കൗൺസിൽ വിലയിരുത്തി. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന തീർഥാടകർക്ക് ഉയർന്ന തലത്തിലുള്ള ആശ്വാസവും മനസ്സമാധാനവും നൽകാൻ ഈ ഒരുക്കങ്ങൾ സഹായിക്കുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
ഹജ്ജ് സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയവും മറ്റ് സർക്കാർ ഏജൻസികളും നടത്തുന്ന ശ്രമങ്ങളെയും സുപ്രീം ഹജ്ജ് കമ്മിറ്റിയുടെ തുടർനടപടികളെയും മന്ത്രിസഭ അഭിനന്ദിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ഉള്ളടക്കം യോഗത്തിൽ വിശദീകരിച്ചു. സംയുക്ത സഹകരണ മേഖലകളെക്കുറിച്ചും മേഖലയുടെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളുമായും കിരീടാവകാശി ചർച്ച ചെയ്തതായി മന്ത്രിസഭയെ അറിയിച്ചു. റിയാദിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗ തീരുമാനങ്ങൾക്ക് മന്ത്രിസഭ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. റിയാദ് മെട്രോ പദ്ധതിയുടെ പ്രധാന സ്റ്റേഷനുകളിലെ നിർമാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ച പശ്ചാത്തലം കൗൺസിൽ വിലയിരുത്തി. അന്താരാഷ്ട്ര ശാസ്ത്ര-എൻജിനീയറിങ് മേളയായ ‘ഐ.എസ്.എഫ് 2026’-ൽ 24 അവാർഡുകൾ നേടി രാജ്യത്തിെൻറ ഖ്യാതി ഉയർത്തിയ സൗദിയിലെ വിദ്യാർഥി-വിദ്യാർഥിനികളുടെ ഉന്നത വിജയത്തെയും മന്ത്രിസഭ പ്രത്യേകം പ്രശംസിച്ചു.


