സൗദി കിരീടാവകാശി യു.എസിലെത്തി, ദ്വിദിന സന്ദർശനത്തിന് തുടക്കം
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്വീകരിക്കുന്നു
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ ചരിത്രപരമായ യു.എസ് സന്ദർശനത്തിന് തുടക്കം. സൗദി സമയം ചൊവ്വാഴ്ച വൈകീട്ട് ഏഴ് (യു.എസ് സമയം രാവിലെ 11)നാണ് അദ്ദേഹം വാഷിങ്ടണിൽ വിമാനമിറങ്ങിയത്. വൈറ്റ് ഹൗസിൽ സൈനിക ബഹുമതികളോടു കൂടിയുള്ള ഔപചാരികമായ വൻ വരവേൽപാണ് നൽകിയത്. എഫ്-35 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെ പ്രതിരോധ, വ്യാപാര, ഊർജ മേഖലകളുമായി ബന്ധപ്പെട്ട വൻകിട ഇടപാടുകളുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായ ഈ ദ്വിദിന സന്ദർശനത്തെ ലോകം വളരെ പ്രാധാന്യപൂർവമാണ് ഉറ്റുനോക്കുന്നത്.
സൗദി, അമേരിക്കൻ പതാകകൾ നിറഞ്ഞ് പറികളിക്കുന്ന വൈറ്റ് ഹൗസിെൻറ സൗത്ത് ലോണിൽ കുതിര സേനയുൾപ്പടെ എല്ലാ സൈനിക വിഭാഗങ്ങളും അണിനിരന്ന് പ്രൗഢഗംഭീരവും രാജകീയവുമായ സ്വീകരണം ഒരുക്കി. വൈറ്റ് ഹൗസിെൻറ സൗത്ത് പോർട്ടിക്കോയുടെ ഗേറ്റിന് അരികെ സൗദി പാരമ്പര്യ വേഷമണിഞ്ഞ് കറുത്ത ഗൗണിൽ വന്നിറങ്ങിയ കിരീടാവകാശിയെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഹസ്തദാനം ചെയ്ത് ഊഷ്മളമായി വരവേറ്റു. അതിന് ശേഷം വൈറ്റ് ഹൗസിന് ഉള്ളിലേക്ക് പോയ ഇരുവരും ഒട്ടും സമയം കളയാതെ നിശ്ചയിക്കപ്പെട്ട കാര്യപരിപാടികളിലേക്ക് നീങ്ങി.
സന്ദർശനത്തിെൻറ ആദ്യ ദിനമായ ചൊവ്വാഴ്ച വൈറ്റ് ഹൗസ് കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് നടക്കുന്നത്. ഉച്ചയോടെ ഓവൽ ഓഫീസിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. പ്രതിരോധ സഹകരണം, പ്രാദേശിക സ്ഥിരത, സമാധാന പ്രക്രിയ, ഗസ്സയെ സാധാരണ നിലയിലേക്ക് കൊണ്ടുവരൽ, സാമ്പത്തിക, സാങ്കേതിക ബന്ധങ്ങൾ (എ.ഐ, ആണവോർജ്ജം) എന്നിവ സംബന്ധിച്ച പ്രധാന ചർച്ചകളാണ് നടക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം കാബിനറ്റ് റൂമിൽ യു.എസ്, സൗദി ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഉന്നതതല ചർച്ചകൾ തുടരും.
ഉച്ചക്ക് ശേഷം വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളിൽ നിരവധി ഉഭയകക്ഷി കരാറുകൾ ഒപ്പുവെക്കും. 48 എഫ്-35 ഫൈറ്റർ ജെറ്റുകൾ സൗദി വാങ്ങുന്നത് സംബന്ധിച്ച കരാറും ഇതിൽ ഉൾപ്പെടും എന്ന് കരുതുന്നു. വൈകീട്ട് 6.30 ഓടെ വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ കിരീടാവകാശിയോടുള്ള ആദരസൂചകമായി ട്രംപ് വിശിഷ്ടമായ അത്താഴവിരുന്ന് ഒരുക്കും.
രണ്ടാം ദിനമായ ബുധനാഴ്ച്ച സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും യു.എസ്. സെനറ്റിലെയും പ്രതിനിധിസഭയിലെയും നേതാക്കളുമായി ഇടപെടുന്നതിലും സന്ദർശന പരിപാടികൾ ശ്രദ്ധ കേന്ദ്രീകരിക്കും. ജോൺ എഫ്. കെന്നഡി സെൻററിൽ സൗദി-അമേരിക്കൻ നിക്ഷേപ സമ്മേളനം ഇരു നേതാക്കളുടെയും നേതൃത്വത്തിൽ നടക്കും. യു.എസിലെ എ.ഐ, സാങ്കേതിക വിദ്യ മേഖലകളിൽ ഒരു ലക്ഷം കോടി ഡോളറിെൻറ സൗദിയുടെ നിക്ഷേപ പദ്ധതികൾ ഈ സമ്മേളനത്തിൽ പ്രഖ്യാപിക്കും.
തുടർന്ന് കാപ്പിറ്റോൾ ഹില്ലിൽ യു.എസ് കോൺഗ്രസ് അംഗങ്ങളുടെ യോഗത്തിൽ സംബന്ധിക്കും. തന്ത്രപരമായ പങ്കാളിത്തം, സുരക്ഷാ ആശങ്കകൾ, പ്രാദേശിക നയം എന്നിവ ചർച്ച ചെയ്യും. യു.എസ് എ.ഐ മേഖലയിലെ ഔദ്യോഗിക പ്രതിനിധികളും സാങ്കേതിക വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയാണ് അവസാന പരിപാടി.
2017-ൽ വാഷിങ്ടൺ ഡിസിയിലേക്ക് നടത്തിയ ആദ്യ സന്ദർശനത്തിന് എട്ട് വർഷത്തിന് ശേഷമാണ് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻറായ ശേഷമുള്ള സൗദി കിരീടാവകാശിയുടെ രണ്ടാമത്തെ ഈ സന്ദർശനം.
സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ സുപ്രധാന വഴിത്തിരിവായിരിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ. പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താനും എഫ്-35 യുദ്ധവിമാനങ്ങളുടെയും മറ്റ് നൂതന പ്രതിരോധ സംവിധാനങ്ങളുടെയും വിതരണം ഉൾപ്പെടെ പ്രാദേശിക സുരക്ഷയിൽ സഹകരണം വികസിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റർ ജെറ്റുകൾ സൗദിക്ക് നൽകുന്നത് ട്രംപ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ
ജിദ്ദ: ലോക്ക്ഹീഡ് മാർട്ടിന്റെ എഫ് -35 യുദ്ധവിമാനങ്ങൾ സൗദി അറേബ്യക്ക് വിൽക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിരീടാവകാശി അമീർ മുഹമ്മദ് സൽമാന്റെ വാഷിങ്ടൺ സന്ദർശനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. വിൽക്കാനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സൗദി ഞങ്ങളുടെ വലിയ സഖ്യകക്ഷിയാണെന്നും അവർക്ക് ഞങ്ങൾ യുദ്ധവിമാനങ്ങൾ നൽകുമെന്നും സംശയലേശമന്യേ ട്രംപ് വ്യക്തമാക്കുകയായിരുന്നു. സൗദിയുമായി രാജ്യ സുരക്ഷാകരാറിൽ ഒപ്പുവെക്കുന്നതിനെക്കുറിച്ചും ആലോചിക്കുകയാണ്. തീർച്ചയായും ഞാൻ അത് ചെയ്യാൻ പദ്ധതിയിടുന്നു. അവർക്ക് ഞങ്ങളോട് വലിയ സ്നേഹവും ബഹുമാനവുമുണ്ട് എന്നും ട്രംപ് കൂട്ടിച്ചേർത്തു. 48 എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് സൗദിയുടെ പദ്ധതി. ഈ ആവശ്യം പെന്റഗണിനോട് ഉന്നയിക്കുകയും അതിനാവശ്യമായ കടമ്പകൾ മറികടന്നതായും റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.


