കള്ളക്കടത്തിനെതിരെ പോരാട്ടം കടുപ്പിച്ച് സൗദി കസ്റ്റംസ്
text_fieldsജിദ്ദ: സൗദിയിൽ കള്ളക്കടത്തും മയക്കുമരുന്ന് കടത്തും തടയാൻ ശക്തമായ നടപടിയുമായി അധികൃതർ. പഴുതടച്ച പരിശോധനകളാണ് രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലും പ്രധാന നഗര പാതകളിലും നടക്കുന്നത്. ഒരാഴ്ചക്കിടെ തുറമുഖങ്ങളിൽനിന്ന് കസ്റ്റംസ് 106 തരം മയക്കുമരുന്നുകൾ ഉൾപ്പെടെ 1,332 കള്ളക്കടത്ത് വസ്തുക്കൾ പിടികൂടിയതായി സകാത്ത്- നികുതി- കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
വ്യോമ, കര, കടൽ കവാടങ്ങളിൽ നടത്തിയ പരിശോധനയിൽ 702 തരം നിരോധിത വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 2,261 തരം പുകയിലയും അനുബന്ധ ഉൽപന്നങ്ങളും 26 തരം കറൻസികളും 10 ആയുധങ്ങളും മറ്റു ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. രാജ്യത്തേക്കുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.
സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ദേശീയ സമ്പദ്വ്യവസ്ഥയുടെ വ്യവസ്ഥാപിതത്വവും കൈവരിക്കുന്നതിന് വിവിധ പൊലീസ് വകുപ്പുകളുടെ കൂട്ടായ സഹകരണത്തോടെയും ഏകോപനത്തിലൂടെയുമാണ് കേസുകൾ കൃത്യമായി കണ്ടെത്തുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനകളാണ് നടക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെടുകയോ കുറ്റവാളികളെ കണ്ടെത്തുകയോ ചെയ്താൽ ആ വിവരം രാജ്യത്തെ ഏതെങ്കിലും സുരക്ഷാവിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അധികൃതരെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ 995 നമ്പറിലോ 995@gdnc.gov.sa എന്ന ഇമെയിൽ വിലാസത്തിലോ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ ശരിയാണെങ്കിൽ നൽകിയ വ്യക്തികൾക്ക് പാരിതോഷികം നൽകുമെന്നും അധികൃതർ അറിയിച്ചു.