സമുദ്രസഞ്ചാര സുരക്ഷ ഉറപ്പുവരുത്തും -ജി.സി.സി പ്രതിരോധ മേധാവികൾ
text_fieldsയാദിൽ സംഘടിപ്പിച്ച ഡ്രാഗൺ ഗ്രൂപ് ഫോറത്തിന്റെ എട്ടാമത് യോഗം സൗദി ജനറൽ സ്റ്റാഫ്
മേധാവി ജനറൽ ഫയ്യദ് അൽ റുവൈലി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കപ്പൽ ചാലുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ചർച്ച ചെയ്തും സമുദ്ര സഞ്ചാര സുരക്ഷ ഉറപ്പുവരുത്താൻ യോജിച്ച മുന്നേറ്റം വിളംബരം ചെയ്തും ഡ്രാഗൺ ഗ്രൂപ് ഫോറത്തിന്റെ എട്ടാമത് യോഗം റിയാദിൽ സമാപിച്ചു. ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന് പുറമേ മധ്യപൗരസ്ത്യ മേഖലയിലെ 10 രാജ്യങ്ങളിൽനിന്നുള്ള പ്രതിരോധ മേധാവികൾക്കുള്ള വാർഷിക ഫോറമാണ് ഡ്രാഗൺ ഗ്രൂപ്.
ഗൾഫ് സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയറ്റിന് പുറമേ, ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത്, ഈജിപ്ത്, ഇറാഖ്, ജോർഡൻ, ബ്രിട്ടൻ, നോർത്തേൺ അയർലൻഡ് എന്നിവയുടെ ചീഫ് ഓഫ് സ്റ്റാഫും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സൗദി പ്രതിരോധ മന്ത്രാലയമാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്. കടൽ സഞ്ചാരത്തിന്റെ സുരക്ഷക്കുള്ള പ്രാധാന്യം യോഗത്തിൽ ഡ്രാഗൺ ഗ്രൂപ് പ്രതിരോധ മേധാവികൾ ഊന്നിപ്പറഞ്ഞു.
കടൽ സഞ്ചാര സ്വാതന്ത്ര്യമെന്നത് ആഗോളതലത്തിൽ മുഴുവൻ താൽപര്യങ്ങളുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര ആവശ്യമാണ്. സമുദ്ര സഞ്ചാരത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു പ്രവർത്തനവും അവസാനിപ്പിക്കാൻ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. മറ്റു പൊതുതാൽപര്യമുള്ള വിഷയങ്ങൾ കൂടി ചർച്ച ചെയ്ത യോഗം സൗദി ജനറൽ സ്റ്റാഫ് മേധാവി ഫയ്യദ് അൽ റുവൈലി ഉദ്ഘാടനം ചെയ്തു.
ഭീകരതക്കെതിരായ പോരാട്ടം, ഫലസ്തീൻ പ്രദേശങ്ങളിലെ വികസനങ്ങൾ, മാനുഷിക സഹായം എത്തിക്കുന്നതിന്റെ പ്രാധാന്യം, പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ എന്നീ വിഷയങ്ങളും യോഗത്തിൽ ചർച്ചചെയ്തു. സമുദ്ര സഞ്ചാരം സുരക്ഷിതമാക്കുകയും ജലപാതകളുടെ സുരക്ഷ ഉറപ്പാക്കുകയും കള്ളക്കടത്തും കടൽക്കൊള്ളയും ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ജി.സി.സി പ്രതിരോധ മേധാവികൾ ഊന്നിപ്പറഞ്ഞു.