അനാഥ കുട്ടികളെ അണച്ചുപിടിച്ച് സൗദി കുടുംബങ്ങൾ
text_fieldsറിയാദ്: അനാഥ കുട്ടികളെ അണച്ചുപിടിച്ച് നിരവധി സൗദി കുടുംബങ്ങൾ. 11,000ത്തിലധികം കുടുംബങ്ങൾ അനാഥരായ കുട്ടികളെ ദത്തെടുത്തതെന്ന് ദേശീയ ഫോസ്റ്റർ കെയർ അസോസിയേഷൻ ഞായറാഴ്ച ലോക ദത്തെടുക്കൽ ദിനത്തിൽ പ്രഖ്യാപിച്ചു. സൗദി പ്രസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, അജ്ഞാതരായ മാതാപിതാക്കളുടെ അനാഥരായ കുട്ടികൾക്കായുള്ള ദേശീയ ഫോസ്റ്റർ കെയർ പരിപാടിയുടെ മേൽനോട്ടം വഹിക്കാൻ രാജ്യത്തിന്റെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അധികാരപ്പെടുത്തിയ ഏക സംഘടനയായ ‘അൽ വിദാദ്’ ചാരിറ്റി അസോസിയേഷനാണ് ഈ കണക്ക് പുറത്തുവിട്ടത്.
‘അൽ വിദാദ്’ എക്‌സിൽ പ്രസിദ്ധീകരിച്ച ഒരു വിഡിയോയിൽ, ദത്തെടുക്കുന്ന രക്ഷിതാവ് തന്റെ കുട്ടിയെക്കുറിച്ച് പറഞ്ഞത് ഇപ്രാകാരമാണ്: ‘അവൾ എന്നെ കെട്ടിപ്പിടിക്കുമ്പോൾ, അവൾ എന്റെ ഹൃദയത്തെ കെട്ടിപ്പിടിക്കുന്നതായി എനിക്ക് തോന്നുന്നു.’ മറ്റൊരു രക്ഷിതാവ് പറഞ്ഞു: ‘എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷവതിയായിരുന്നിട്ടില്ല, ‘അമ്മ’ എന്ന വാക്കിനേക്കാൾ എന്നെ സന്തോഷിപ്പിച്ച ഒരു വാക്ക് കേട്ടിട്ടില്ല.
’ ദത്തെടുക്കൽ പരിപാടിയിൽ പങ്കെടുത്ത മാതാപിതാക്കളിൽ ഒരാൾ അതിനെ ‘എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ വികാരം’ എന്ന് വിശേഷിപ്പിച്ചു. മറ്റൊരാൾ പറഞ്ഞു: ‘ഈ അവസരം നൽകിയതിന് ‘അൽ വിദാദ്’ അസോസിയേഷനോട് ഞങ്ങൾ നന്ദി പറയുന്നു.’ ദത്തെടുക്കലിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സാമൂഹിക സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അൽ വിദാദിന്റെ ശ്രമങ്ങളുടെ ഒരു വിപുലീകരണമാണ് ഈ കാമ്പയിനെന്ന് അസോസിയേഷൻ സി.ഇ.ഒ ദൈഫ് അൽ നാമി പറഞ്ഞു.
അവബോധം പ്രചരിപ്പിക്കുന്നതിനൊപ്പം, അനാഥരായ കുട്ടികളെയും അവരുടെ വളർത്തു കുടുംബങ്ങളെയും പിന്തുണക്കുന്നതിനായി അൽ വിദാദ് ചാരിറ്റി അസോസിയേഷൻ നിരവധി സേവനങ്ങൾ നൽകുന്നു. ജീവിതകാലം മുഴുവൻ അവരുടെ കുട്ടികളെ പരിപാലിക്കാൻ കുടുംബങ്ങൾക്ക് സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ കൗൺസലിങ് നൽകിവരുന്നുണ്ട്. അനാഥരായ കുട്ടികൾക്ക് താൽക്കാലിക താമസസൗകര്യം നൽകുകയും കുടുംബങ്ങളെ മുലയൂട്ടുന്നതിന് അൽ വിദാദ് ചാരിറ്റി അസോസിയേഷൻ സഹായിക്കുകയും ചെയ്യുന്നു.


