ആഗോള പ്ലാറ്റ്‌ഫോമായ ടേസ്റ്റ് അറ്റ്‌ലസ്സിന്റെ 2025ലെ മികച്ച ഭക്ഷണങ്ങളിൽ ‘സൗദി ഹനീത്ത്’ ഒന്നാമത്
text_fieldsസൗദി ഹനീത്ത് വിഭവം
ജിദ്ദ: ലോകമെമ്പാടുമുള്ള പ്രധാന ഭക്ഷണങ്ങളെ വിലയിരുത്തുന്ന ആഗോള പ്ലാറ്റ്‌ഫോമായ ടേസ്റ്റ് അറ്റ്‌ലസ്സിന്റെ 2025ലെ മികച്ച അരിയും മാംസവും ചേർന്ന മധ്യേഷ്യൻ വിഭവങ്ങളുടെ പട്ടികയിൽ ‘സൗദി ഹനീത്ത്’ ഒന്നാമത്. മേഖലയിലെ മറ്റ് പ്രശസ്തമായ വിഭവങ്ങളെ പിന്തള്ളിയാണ് സൗദി വിഭവം ഈ നേട്ടം കൈവരിച്ചത്.
സൗദി ഹനീത്തിന് അഞ്ചിൽ 4.5 സ്റ്റാർ റേറ്റിങ് ലഭിച്ചു, ഇതോടെ മിഡിൽ ഈസ്റ്റിലെ ആട്ടിറച്ചി, അരി വിഭവങ്ങൾ എന്ന വിഭാഗത്തിൽ ഇത് ഒന്നാംസ്ഥാനം നേടി. ഇറാനിയൻ കബാബ് (4.4), ഇറാഖി, ഖത്തറി ക്വൗസി (4.2), ഫലസ്തീനിയൻ, ജോർദാനിയൻ മഖ്ലൂബ (4.2), സൗദി കബ്സ, മന്തി (4.1) എന്നിവയെ പിന്തള്ളിയാണ് ഹനീത്ത് ഈ നേട്ടം സ്വന്തമാക്കിയത്. ഇത് സൗദി വിഭവങ്ങളുടെ തനിമയും വൈവിധ്യവും രുചി സമൃദ്ധിയും വിളിച്ചോതുന്നു.
സൗദി അറേബ്യയിലെ, പ്രത്യേകിച്ച് അസീർ മേഖലയിലും തെക്കൻ പ്രദേശങ്ങളിലുമുള്ള ഏറ്റവും പ്രശസ്തമായ പരമ്പരാഗത വിഭവങ്ങളിൽ ഒന്നാണ് ഹനീത്ത്. ഇലകളും ചൂടുള്ള കല്ലുകളും കൊണ്ട് മൂടിയ കുഴിയോ തന്തൂറോ ഉപയോഗിച്ച് ഒരു പ്രത്യേക രീതിയിലാണ് ഇതിലെ മാംസം വേവിക്കുന്നത്.
ഇത് മാംസത്തിന് ഏറെ രുചിയും ശ്രദ്ധേയമായ സ്വർണ നിറവും നൽകുന്നു. ഈ പട്ടികയിൽ മറ്റ് പ്രാദേശിക വിഭവങ്ങളായ ഈജിപ്ഷ്യൻ മുന്തിരി ഇലകൾ (4.0), ഇറാനിയൻ ടാബ്രിസ് കോഫ്ത (3.9), ഒമാൻ ബാർബിക്യൂ (3.8), ടർക്കിഷ് കോഫ്ത കാഡിൻ ബുഡോ (3.8) എന്നിവയും ഉൾപ്പെട്ടിരുന്നു. മികച്ച റാങ്കുകളിൽ ഹനീത്ത്, കബ്സ, മന്തി എന്നീ മൂന്ന് സൗദി വിഭവങ്ങളാണ് ഇടം നേടിയത്.
ലോകമെമ്പാടുമുള്ള സന്ദർശകരുടെയും ഭക്ഷണ പ്രേമികളുടെയും വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് ടേസ്റ്റ് അറ്റ്‌ലസ് റാങ്കിംഗുകൾ നിശ്ചയിക്കുന്നത്. ശരാശരി റേറ്റിംഗും ഓരോ വിഭവത്തിനും ലഭിച്ച അംഗീകൃത വോട്ടുകളുടെ എണ്ണവും അടിസ്ഥാനമാക്കിയാണ് ഫലങ്ങൾ കണക്കാക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള പ്രശസ്തമായ വിഭവങ്ങളെ തിരിച്ചറിയുന്നതിൽ ടേസ്റ്റ് അറ്റ്‌ലസിന് ആഗോളതലത്തിൽ വിശ്വാസ്യത നൽകുന്നു.
ഈ നേട്ടം സൗദി വിഭവങ്ങളുടെ ആഗോള സാന്നിധ്യം വർധിപ്പിക്കുകയും, പ്രാദേശിക പാചക പൈതൃകം ലോകമെമ്പാടും രേഖപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള സൗദിയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സൗദി പാചകകലയെ യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള കൾച്ചറൽ ആർട്സ് കമ്മീഷന്റെയും സാംസ്കാരിക മന്ത്രാലയത്തിന്റെയും സംരംഭങ്ങളുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.


