4,000 വാസ്തുവിദ്യ പൈതൃക കേന്ദ്രങ്ങളുടെ കോഡിങ് പൂർത്തിയാക്കി സൗദി ഹെറിറ്റേജ് കമീഷൻ
text_fieldsസൗദി ഹെറിറ്റേജ് കമീഷൻ ദേശീയ പൈതൃക രജിസ്റ്ററിൽ നേരത്തെ ഉൾപ്പെടുത്തിയ ചില ഇടങ്ങൾ
യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുള്ള 4,000 വാസ്തുവിദ്യാ പൈതൃക സ്ഥലങ്ങളുടെ കോഡിങ് നടപടികൾ പൂർത്തിയാക്കിയതായി ദേശീയ ഹെറിറ്റേജ് കമീഷൻ പ്രഖ്യാപിച്ചു. ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തിയ സൈറ്റുകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അവസാന ഘട്ടമാണ് ഇതോടെ പൂർത്തിയായിരിക്കുന്നത് എന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് വ്യക്തമാക്കി. രജിസ്റ്റർ ചെയ്യപ്പെട്ട ഓരോ സ്ഥലത്തും ക്യു.ആർ കോഡ് ഉൾക്കൊള്ളുന്ന ഫലകങ്ങൾ സ്ഥാപിക്കുകയും, ഈ സൈറ്റുകളെ ഔദ്യോഗിക വാസ്തുവിദ്യാ പൈതൃക രജിസ്റ്ററുമായി ഡിജിറ്റലായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പൈതൃക കേന്ദ്രങ്ങളുടെ ഔദ്യോഗികമായ വർഗീകരണം ഉറപ്പാക്കുന്നതിലൂടെ അവയുടെ സംരക്ഷണം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പുരാവസ്തു-വാസ്തുവിദ്യാ പൈതൃക സംവിധാനത്തിലൂടെ ഇത്തരം കേന്ദ്രങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് കമീഷൻ അറിയിച്ചു. പുരാവസ്തുക്കൾ, മ്യൂസിയങ്ങൾ, നഗര പൈതൃകങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ഇടങ്ങൾ എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു. പഴമയുടെ നാൾവഴികൾ വെളിപ്പെടുത്തുന്ന വാസ്തുവിദ്യാ ശേഷിപ്പുകളുടെയും സാംസ്കാരിക പ്രാധാന്യമുള്ള പൈതൃക കേന്ദ്രങ്ങളുടെയും ഔദ്യോഗിക രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ ഇവയുടെ പൂർണമായ സംരക്ഷണ ചുമതല അതോറിറ്റിയുടെ കീഴിലാകും.
രാജ്യത്തെ പൈതൃക കേന്ദ്രങ്ങളും പുരാവസ്തു പ്രദേശങ്ങളും ചരിത്ര ശേഷിപ്പുകളും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനാണ് കമീഷൻ ദേശീയ രജിസ്റ്റർ ആരംഭിച്ചത്. ചരിത്ര പഠനത്തിനും പുരാവസ്തു ഗവേഷണത്തിനും ആവശ്യമായ അത്യാധുനിക സൗകര്യങ്ങളൊരുക്കി സമഗ്രമായ വികസന പദ്ധതിയാണ് ഹെറിറ്റേജ് അതോറിറ്റി നിലവിൽ നടപ്പാക്കി വരുന്നത്.


