Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാ​ന്‍റെ ആക്രമണങ്ങൾ...

ഇറാ​ന്‍റെ ആക്രമണങ്ങൾ അന്യായം, സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സജ്ജമാകണം -സൗദി ആഭ്യന്തര മന്ത്രി

text_fields
bookmark_border
ഇറാ​ന്‍റെ ആക്രമണങ്ങൾ അന്യായം, സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സജ്ജമാകണം -സൗദി ആഭ്യന്തര മന്ത്രി
cancel
camera_alt

സൗദി ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് അറബ് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുന്നു

റിയാദ്: മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇറാ​ന്‍റെ ആക്രമണങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ അറബ് രാജ്യങ്ങൾ സജ്ജമാകണമെന്നും സൗദി ആഭ്യന്തര മന്ത്രിയും കൗൺസിൽ ഓണററി പ്രസിഡൻറുമായ അമീർ അബ്​ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ആഹ്വാനം ചെയ്തു.

വീഡിയോ കോൺഫറൻസ് വഴി നടന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലി​െൻറ 43-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും ആശംസകൾ അദ്ദേഹം യോഗത്തിൽ അറിയിച്ചു. വിവിധ അറബ്-പ്രാദേശിക രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.

സിവിലിയന്മാരെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും വലിയ അപകടസാധ്യതകളിലേക്ക് തള്ളിവിടുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്​ട്ര കരാറുകളുടെ ലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ലോക സമാധാനത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഭാവിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ വിജ്ഞാനാധിഷ്ഠിതമാകണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിനായി താഴെ പറയുന്ന മേഖലകളുടെ ഏകോപനം അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യവിഭവശേഷി, സാങ്കേതികവിദ്യ, വൈജ്ഞാനിക കഴിവുകൾ എന്നിവയുടെ സംയോജനം, ഗവേഷണം, നവീകരണം എന്നിവയിൽ അധിഷ്ഠിതമായ സുരക്ഷാ നിക്ഷേപം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളെയും സൈബർ ഭീഷണികളെയും നേരിടാനുള്ള നൂതന സംവിധാനങ്ങൾ എന്നിവയുടെ ഏകോപനം ആവശ്യമാണ്​.

സുരക്ഷ എന്നത് വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നല്ലെന്നും വിജ്ഞാന ശേഷി വർധിപ്പിക്കുന്ന സമൂഹങ്ങൾക്കേ സുസ്ഥിരമായ സുരക്ഷാ നയങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്ന് കടത്ത്, ഭീകരവാദം, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അറബ് മേഖലയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് ശക്തമായ സാമൂഹിക പ്രതിരോധശേഷിയും രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തവും അനിവാര്യമാണ്.

കൗൺസിൽ സെക്രട്ടേറിയറ്റി​െൻറ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി, വിവിധ അറബ് രാജ്യങ്ങളിലെ പ്രതിനിധികളുമായി സുരക്ഷാ ഏകോപനത്തി​െൻറ ആവശ്യകതയെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. അന്താരാഷ്​ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള കടന്നുകയറ്റങ്ങൾക്കെതിരെ യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു.

Show Full Article
TAGS:soudinews US Israel Iran War security 
News Summary - Saudi Interior Minister Prince Abdulaziz bin Saud bin Nayef speaks at a meeting of Arab Interior Ministers
Next Story