സോമാലിയയിലും അഫ്ഗാനിസ്താനിലും ഭക്ഷ്യസഹായം വ്യാപിപ്പിച്ച് സൗദി കെ.എസ്. റിലീഫ്
text_fieldsയാംബു: വിവിധ രാജ്യങ്ങളിലേക്കുള്ള മാനുഷിക സഹായ പദ്ധതികൾ വ്യാപിപ്പിച്ച് സൗദി അറേബ്യ. വിവിധ പ്രതിസന്ധികളിലകപ്പെട്ട് ചില പ്രദേശങ്ങളിലെ ദുർബലരായ നിർധനരായ ആളുകൾക്കാണ് ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നത്. സോമാലിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലേക്കാണ് കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ വിവിധ സഹായ പദ്ധതികൾ ഇപ്പോൾ സജീവമാക്കുന്നത്. അടിയന്തരമായി വേണ്ട വികസന സഹായ സംരംഭങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സൗദി ഊർജിതമാക്കിയത്. അഫ്ഗാനിസ്താനിലെ നംഗർഹാർ പ്രവിശ്യയിലെ തോർഖാം അതിർത്തി ക്രോസിങ്ങിലുള്ള ഒമാരി ക്യാമ്പിൽ താമസിക്കുന്ന 4,782 അഫ്ഗാൻകാർക്ക് പ്രയോജനപ്പെടുന്നതിനായി അടിസ്ഥാന ഭക്ഷണ ആവശ്യങ്ങൾ അടങ്ങിയ 797 പെട്ടികൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു.
പാകിസ്താനിൽനിന്ന് മടങ്ങിയെത്തിയ അഭയാർഥികളെ താൽക്കാലികമായി അവിടെ താമസിപ്പിക്കുന്നുണ്ട്. സൊമാലിയയിൽ സൗദിയുടെ ഭക്ഷ്യ സുരക്ഷ പിന്തുണ പദ്ധതിയുടെ ഭാഗമായി ബൈഡോവയിലെ ദുർബല കുടുംബങ്ങൾക്ക് 1,300 ഭക്ഷണ പെട്ടികളും കഴിഞ്ഞ ദിവസം എത്തിച്ചു നൽകിയതായി അധികൃതർ അറിയിച്ചു.കെ.എസ്.റിലീഫിന്റെ അസിസ്റ്റന്റ് സൂപ്പർവൈസർ ജനറൽ അഹമ്മദ് ബിൻ അലി അൽ ബൈസ് നേരത്തെ സൗദി അറേബ്യയിലെ മൗറീഷ്യൻ അംബാസഡർ മൊഖ്താർ ഔൾദ് ദാഹിയുമായി കൂടിക്കാഴ്ച നടത്തി. മാനുഷികവും ദുരിതാശ്വാസപരവുമായ കാര്യങ്ങളും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
തജിക്കിസ്താനിലെ ഖത്ലോൺ പ്രവിശ്യയിലെ മാതൃ, നവജാത, ശിശു ആരോഗ്യ സേവനങ്ങളെ പിന്തുണക്കുന്ന ഒരു പദ്ധതിയിലേക്കുള്ള ഫീൽഡ് സന്ദർശനത്തിൽ ലൈവ്സ് ആൻഡ് ലൈവ്ലിഹുഡ്സ് ഫണ്ടിൽ നിന്നുള്ള ദാതാക്കളുടെ ഒരു പ്രതിനിധി സംഘത്തിൽ കെ.എസ്.റിലീഫ് സംഘവും പങ്കെടുത്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.