ബിസിനസ് സേവനങ്ങൾക്ക് പുതിയ കമ്പനി; ‘തസാമ’യുമായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്
text_fields‘തസാമ’ ബിസിനസ് സർവിസസ് കമ്പനി പ്രഖ്യാപന ചടങ്ങിൽനിന്ന്
റിയാദ്: രാജ്യത്ത് ബിസിനസ് സേവനങ്ങൾക്കായി സൗദി പൊതുനിക്ഷേപ ഫണ്ടിന് (പി.ഐ.എഫ്) കീഴിൽ പ്രത്യേക കമ്പനി സ്ഥാപിച്ചു. ‘തസാമ’ എന്ന പേരിൽ ബിസിനസ് സർവിസസ് കമ്പനി ആരംഭിക്കുന്നതായി പി.ഐ.എഫ് അറിയിച്ചു. രാജ്യത്തിന്റെ സംയോജിത ബിസിനസ് പരിഹാരങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും പൊതു, സ്വകാര്യ മേഖലകൾക്ക് കൂടുതൽ വളർച്ച സാധ്യമാക്കാനുമാണ് ‘തസാമ’യിലൂടെ ലക്ഷ്യമിടുന്നത്.
സൗദി ടെക്നോളജി ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി (തഖ്നിയ)യുടെ മുൻ ഉടമസ്ഥതയിലുള്ള ബിസിനസ് ഇൻകുബേറ്റേഴ്സ് ആൻഡ് ആക്സിലറേറ്റേഴ്സ് കമ്പനി (ബിയാക്)യുമായി ഏകീകരിച്ചാണ് കമ്പനിയുടെ തുടക്കം. സംയോജിത ബിസിനസ് പരിഹാരങ്ങൾക്ക് സേവനങ്ങളുടെ മേഖലയിൽ ഒരു മുൻനിര ദേശീയ കമ്പനിയായി മാറുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ കമ്പനികളെ പ്രാരംഭം മുതൽ വളർച്ചാഘട്ടങ്ങളിൽ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ബിസിനസ് സേവനങ്ങൾ ‘തസാമ’ നൽകും. രാജ്യത്തു ആസ്ഥാനം സ്ഥാപിച്ചുകൊണ്ട് ആഗോള കമ്പനികളുടെ പ്രവർത്തനങ്ങൾ സുഗമമാക്കും. മാനവ വിഭവശേഷി, സംഭരണം, ഡിജിറ്റൽ പരിഹാരങ്ങൾ, ഇൻകുബേറ്റർ സേവനങ്ങൾ, വർക്ക്സ്പേസ് പരിഹാരങ്ങൾ എന്നിവക്ക് പുറമേ കമ്പനികൾക്ക് പൂർണ പിന്തുണയും അക്കൗണ്ടിങ് സേവനങ്ങളും ‘തസാമ’ നൽകും.
സൗദിയുടെ തന്ത്രപരമായ മേഖലയായി ബിസിനസ് സേവനങ്ങളെ മുന്നോട്ട് കൊണ്ടുപോകാനും ആ മേഖലകൾക്ക് പിന്തുണ നൽകി സാമ്പത്തിക വൈവിധ്യവത്കരണത്തെ പിന്തുണക്കുന്നതിന് ഫലപ്രദമായി സംഭാവന നൽകാനും കമ്പനി ശ്രമിക്കുമെന്ന് സി.ഇ.ഒ എൻജി. മുഹമ്മദ് ബിൻ നാസർ അൽ ജാസർ പറഞ്ഞു. നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും സൗദി കേഡറുകൾക്ക് പിന്തുണ നൽകുന്നതിനും ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണ്. സേവന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിലും അതിന്റെ തുടർച്ചയായ വികസനത്തിലും സാങ്കേതിക സംവിധാനത്തിന്റെയും രാജ്യത്തെ മുഴുവൻ ബിസിനസ് അന്തരീക്ഷത്തിന്റെയും വളർച്ച വർധിപ്പിക്കുന്നതിലും സഹായിക്കുന്ന പങ്കാളിയായി മാറുന്നതിന് ബിസിനസ് സേവന മേഖലയെ വികസിപ്പിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യവ്യാപകമായി ബിസിനസ് സേവനങ്ങളുടെ മുൻനിര ദാതാവാകുക എന്ന ലക്ഷ്യത്തോടെ സൗദിയിലുടനീളം തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ‘തസാമ’ ഉദ്ദേശിക്കുന്നത്.
സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള പൊതുനിക്ഷേപ ഫണ്ടിന്റെ വിശാലമായ തന്ത്രപരമായ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ് ‘തസാമ’യുടെ സമാരംഭമെന്നും അൽജാസർ പറഞ്ഞു