സൗദി റെയിൽവേക്ക് ദീർഘദൂര ടൂറിസ്റ്റ് ട്രെയിൻ അവാർഡ്
text_fieldsറിയാദ്: സൗദി റെയിൽവേക്ക് ദീർഘദൂര ടൂറിസ്റ്റ് ട്രെയിൻ അവാർഡ് ലഭിച്ചു. ഫ്രാൻസിലെ ഇന്റർനാഷനൽ യൂനിയൻ ഓഫ് റെയിൽവേസിൽ നിന്നാണ് ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ ടൂറിസം അനുഭവം നൽകുന്നതിനുള്ള ശ്രമങ്ങളെ അംഗീകരിച്ച് ദീർഘദൂര ടൂറിസ്റ്റ് ട്രെയിൻ അവാർഡ് സൗദി റെയിൽവേക്ക് ലഭിച്ചത്.
ദീർഘദൂര ട്രെയിനുകളുടെ വിഭാഗത്തിൽ സുഖസൗകര്യങ്ങൾ, സ്വകാര്യത, സുസ്ഥിരത എന്നിവ സംയോജിപ്പിച്ച് സമഗ്രമായ വിനോദസഞ്ചാര അനുഭവം പ്രദാനം ചെയ്യുന്ന രാത്രി ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിലെ മികവിനെ അംഗീകരിച്ചുമാണ്. സ്വകാര്യ സ്ലീപ്പിങ് കാബിനുകൾ, കാർ ചാർജിങ് സേവനങ്ങൾ, വൈകല്യമുള്ളവർക്കുള്ള സമഗ്ര സൗകര്യങ്ങൾ, ഒരു റെസ്റ്റോറന്റ് കാർട്ട്, ഒരു പ്രത്യേക ലഗേജ് കാർട്ട് തുടങ്ങിയ ഗുണനിലവാരമുള്ള സേവനങ്ങൾ ട്രെയിനുകളിൽ ഉൾപ്പെടുന്നു.
ആഗോളതലത്തിൽ ആദ്യമായി നൽകുന്ന ഈ അവാർഡ് നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത പരിഹാരങ്ങൾ നൽകുന്നതിൽ സൗദി റെയിൽവേയുടെ നേതൃത്വത്തിന്റെ ശ്രമങ്ങളെ സ്ഥിരീകരിക്കുന്നു. ദീർഘദൂര യാത്രകൾക്ക് കാറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം, പ്രതിവർഷം ദശലക്ഷക്കണക്കിന് കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും രാത്രി ട്രെയിനുകൾ സംഭാവന ചെയ്യുന്നു.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭരണകൂട പിന്തുണയോടെ സൗദി റെയിൽവേ ഗതാഗത മേഖലയുടെ ദ്രുതഗതിയിലുള്ള വികസനമാണ് ഈ ആഗോള അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് എസ്.എ.ആർ സി.ഇ.ഒ ഡോ. ബഷാർ അൽമാലിക് പറഞ്ഞു. ജീവിത നിലവാരം ഉയർത്തുന്നതിനും ടൂറിസത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുന്നതിനും സംഭാവന ചെയ്യുന്ന സംയോജിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിൽ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ അംഗീകാരം ലോകത്തിലെ ആദ്യത്തെ റെയിൽവേ കമ്പനിയാണ് എസ്.എ.ആറെന്ന് അൽമാലിക് പറഞ്ഞു.


