മക്കയിൽ വിസ്മയകരമായ പ്രവർത്തനവുമായി സൗദി റെഡ് ക്രസന്റ്
text_fieldsസൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ സന്നദ്ധ പ്രവർത്തകർ മക്കയിൽ സേവന
സന്നദ്ധരായപ്പോൾ (ഫയൽ)
മക്ക: സൗദി റെഡ് ക്രസന്റ് അതോറിറ്റി (എസ്.ആർ.സി.എ) മക്കയിൽ ചെയ്യുന്ന മഹത്തായ സേവന സന്നദ്ധ പ്രവർത്തനങ്ങൾ വിസ്മയക്കാഴ്ച തീർക്കുന്നു. ഇക്കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 12,233 വളന്റിയർമാരെ രംഗത്തിറക്കാനും 864 സന്നദ്ധസേവന പ്രവർത്തനങ്ങൾ ചെയ്യാനും സാധിച്ചതായി എസ്.ആർ.സി.എ വക്താവ് വെളിപ്പെടുത്തി.
മക്കയിലെത്തുന്ന തീർഥാടക ലക്ഷങ്ങൾക്ക് മനുഷ്യ സാധ്യമായ സേവനങ്ങൾ വ്യവസ്ഥാപിതമായും സമയബന്ധിതമായും ചെയ്യുന്ന അതോറിറ്റിയുടെ ഓരോ പ്രവർത്തനവും ഏറെ വിലമതിക്കുന്നതാണ്.
മസ്ജിദുൽ ഹറാമിൽ ഉംറക്കും പ്രാർഥനക്കും എത്തുന്ന വിശ്വാസികൾക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിനുള്ള എല്ലാവിധ സംവിധാനങ്ങളും മുന്നൊരുക്കവും എസ്.ആർ.സി.എ എടുക്കാറുണ്ട്. രോഗികളായ തീർഥാടകരുടെ രോഗം നിർണയിക്കാനും ഉടനടി പരിഹാരം കാണാനും അതോറിറ്റിയുടെ ആധുനിക സംവിധാനം ഏറെ ശ്രദ്ധേയമാണ്.
പുരുഷ വനിതാ വളന്റിയർമാർക്ക് ആവശ്യമായ എല്ലാവിധ പരിശീലന പദ്ധതികൾ നടപ്പാക്കിയാണ് അതോറിറ്റി അവരെ കർമവീഥിയിൽ പ്രവർത്തനങ്ങൾക്ക് അണിനിരത്തുന്നത്. പ്രഥമ ശുശ്രൂഷയിൽ പ്രത്യേക പരിശീലനമാണ് ഓരോ റെഡ് ക്രസന്റ് സേവകനും അതോറിറ്റി നൽകുന്നത്.
ഡോക്ടർമാർ, പാരാ മെഡിക്കലുകൾ, മെഡിക്കൽ സ്പെഷലിസ്റ്റുകൾ എന്നിവരടങ്ങുന്ന സന്നദ്ധ സംഘം തീർഥാടകർ അനുഭവിക്കുന്ന ഏത് മെഡിക്കൽ പ്രശ്നവും അഭിമുഖീകരിക്കാൻ സദാ സന്നദ്ധരാണ്. ഹജ്ജ് സീസണിൽ അതോറിറ്റിയുടെ പ്രഫഷനലുകൾ പുണ്യപ്രദേശങ്ങളിലെ വിവിധ ഇടങ്ങളിൽ 12 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിൽ അശ്രാന്ത സേവന സന്നദ്ധരായി പ്രവർത്തിക്കും. അതിനുള്ള മുന്നൊരുക്കവും പരിശീലനക്കളരിയും ഇപ്പോൾ സജീവമായി നടക്കുകയാണ്.