മിഡിൽ ഈസ്റ്റിലെ മികച്ച റോഡ് പദ്ധതിയായി ‘സഫ്വ-റഹീമ’ സൗദി റോഡ്സ് അതോറിറ്റിക്ക് ഇരട്ട 'മീഡ്' പുരസ്കാരം
text_fieldsറിയാദ്: 2026-ലെ 'മീഡ്' (MEED) പ്രോജക്ട് അവാർഡുകളിൽ സൗദി റോഡ്സ് അതോറിറ്റിക്ക് ഇരട്ട നേട്ടം. സഫ്വ-റഹീമ (കടൽപ്പാലം) പദ്ധതി മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) തലത്തിലുള്ള മികച്ച റോഡ് പദ്ധതിക്കുള്ള പുരസ്കാരവും, ദേശീയ തലത്തിലുള്ള മികച്ച റോഡ് പദ്ധതിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. പ്രാദേശിക വേദികളിൽ സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മികവ് കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ അംഗീകാരം.
പദ്ധതി നടപ്പിലാക്കുന്നതിനായി അതോറിറ്റിയുടെ ടീമുകളും പങ്കാളികളും നടത്തിയ കൂട്ടായ പരിശ്രമങ്ങൾക്കും ഏകോപനത്തിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്ന് സൗദി റോഡ്സ് അതോറിറ്റി വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യയിൽ 15 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി സഫ്വ നഗരത്തെ റാസ് തനൂറ ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലങ്ങളിൽ ഒന്നായ 3.2 കിലോമീറ്റർ നീളമുള്ള ഇരട്ട കടൽപ്പാലവും ഇതിൽ ഉൾപ്പെടുന്നുണ്ട്.
യാത്രാസമയം കുറക്കാനും ഗതാഗതം സുഗമമാക്കാനും പ്രധാന റോഡുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായിക്കും. കൂടാതെ, റാസ് തനൂറ തുറമുഖത്തെ വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന നേരിട്ടുള്ള പ്രവേശന കവാടം ഒരുക്കുന്നതിലൂടെ മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങളെയും ലോജിസ്റ്റിക് സേവനങ്ങളെയും ഇത് കൂടുതൽ ശക്തിപ്പെടുത്തും. എഞ്ചിനീയറിംഗ്-രൂപകൽപ്പനാ മികവ്, സാങ്കേതിക നവീകരണം, പ്രോജക്ട് മാനേജ്മെന്റും നിർവ്വഹണവും, സുസ്ഥിരത എന്നിവയുൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്. മഷ്റെഖ് ബാങ്കുമായി സഹകരിച്ച് 'മീഡ്' സംഘടിപ്പിച്ച അവാർഡുകളുടെ പതിനാറാം പതിപ്പിൽ, 17 വിഭാഗങ്ങളിലായി ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള 73 ദേശീയ വിജയികളാണ് പ്രാദേശിക മത്സരത്തിലേക്ക് യോഗ്യത നേടിയത് .



