സൗദി-സിറിയൻ നിക്ഷേപ ഫോറത്തിന് തുടക്കം; 2,400 കോടി റിയാലിന്റെ 47 വാണിജ്യ കരാറുകൾ ഒപ്പിട്ടു
text_fields1. ഡമസ്കസിൽ ആരംഭിച്ച സിറിയൻ-സൗദി നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കുന്ന സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽഷറാ, സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് എന്നിവരും ഉദ്യോഗസ്ഥരും
റിയാദ്: സിറിയൻ-സൗദി നിക്ഷേപ സമ്മേളനം സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ആരംഭിച്ചു. 2,400 കോടി റിയാലിന്റെ 47 കരാറുകൾ ഒപ്പിട്ടു. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽഷറാ, സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ്, ഇരു രാജ്യങ്ങളിലെയും ഉന്നതോദ്യോഗസ്ഥർ, ബിസിനസുകാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശാനുസരണമാണ് സൗദി ഉന്നതതല പ്രതിനിധി സംഘം ഡമസ്കസിലെത്തിയതെന്ന് നിക്ഷേപ മന്ത്രി പറഞ്ഞു.
സിറിയയുടെ സാമ്പത്തിക വളർച്ച, സമൃദ്ധി, സമഗ്രവികസനം എന്നിവക്കായി സൗദി നൽകുന്ന ഉറച്ച പിന്തുണയുടെ ഭാഗമാണിത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകൾ നിക്ഷേപ മന്ത്രി സിറിയൻ പ്രസിഡന്റിനെയും ജനതയെയും അറിയിക്കുന്നതായും ഉദ്ഘാടന ചടങ്ങിൽ പറഞ്ഞ മന്ത്രി ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു.
സമ്മേളനത്തിലെ സദസ്സ്
2,400 കോടി റിയാലിന്റെ മൊത്തം മൂല്യമുള്ള 47 കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കുന്നതിനാണ് ഫോറം സാക്ഷ്യം വഹിക്കുന്നതെന്നും നിക്ഷേപ മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ 20 ലധികം സർക്കാർ ഏജൻസികളും 100 ലധികം പ്രമുഖ സ്വകാര്യ മേഖലയിലെ കമ്പനികളും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ ഫോറത്തിൽ പങ്കെടുക്കാൻ 500 ബിസിനസുകാർ അഭ്യർഥിച്ചിരുന്നെങ്കിലും യാത്ര ഉൾപ്പടെയുള്ള സൗകര്യങ്ങുടെ പരിമിതി കാരണം എണ്ണം കുറച്ചതാണെന്ന് മന്ത്രി സൂചിപ്പിച്ചു.
ഫോറത്തിൽ പങ്കെടുക്കുന്ന 100 കമ്പനികൾ രാജ്യത്ത് മാത്രമല്ല, ഭൂഖണ്ഡങ്ങളിലുടനീളം നിക്ഷേപം നടത്തുന്ന അന്താരാഷ്ട്ര കമ്പനികളാണ്. സിറിയയിൽ ഊർജം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സേവനങ്ങൾ, കൃഷി, കരാർ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്താൻ അവർ ആഗ്രഹിക്കുന്നു. എസ്.ടി.സി, എൽ, സൈബർ തുടങ്ങിയ പ്രമുഖ സൗദി ടെലികോം കമ്പനികൾ സിറിയയുമായി 400 കോടി റിയാലിന്റെ സംയുക്ത കരാറുകളിൽ ഒപ്പുവെക്കും. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഓട്ടോമേഷനും വികസിപ്പിക്കുക, സൈബർ സുരക്ഷ ശേഷി വർധിപ്പിക്കുക, പ്രോഗ്രാമിങ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡേറ്റ സെന്ററുകൾ, വിദ്യാഭ്യാസ അക്കാദമികൾ എന്നിവയിൽ നൂതന സംവിധാനങ്ങൾ നിർമിക്കുക എന്നിവയാണ് കരാറുകളുടെ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസന മേഖലകളിലും റിയൽ എസ്റ്റേറ്റ് വികസന മേഖലകളിലും 1,100 കോടി റിയാൽ മൂല്യമുള്ള നിരവധി കരാറുകൾ ഫോറത്തിൽ ഒപ്പുവെക്കും.
വാണിജ്യ കരാറുകളിൽ ഒപ്പുവെച്ചപ്പോൾ
അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണക്കുന്നതിനും ഈ സുപ്രധാന മേഖലയിലെ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനുമായി മൂന്ന് പുതിയ സിമന്റ് ഫാക്ടറികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറും കൂട്ടത്തിലുണ്ടെന്ന് നിക്ഷേപ മന്ത്രി പറഞ്ഞു. സൗദി പ്രതിനിധി സംഘം ബുധനാഴ്ചയാണ് സിറിയയിലെത്തിയത്.