ലോജിസ്റ്റിക്സിൽ കുതിക്കാൻ സൗദി; ദമ്മാം, ജുബൈൽ തുറമുഖങ്ങളിൽനിന്ന് ഷിപ്പിങ് സർവിസ് ആരംഭിച്ച് ‘ചിനൂക്ക് ക്ലാംഗാ’
text_fieldsദമ്മാം, ജുബൈൽ തുറമുഖങ്ങളിൽനിന്ന് ചിനൂക്ക് ക്ലാംഗാ ഷിപ്പിങ് സർവിസ് ആരംഭിച്ചപ്പോൾ
ജുബൈൽ: ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) ചിനൂക്ക് ക്ലാംഗാ ഷിപ്പിങ് സർവിസ് ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം, ജുബൈൽ കൊമേഴ്സ്യൽ തുറമുഖം എന്നിവിടങ്ങളിൽനിന്ന് ഔദ്യോഗികമായി ആരംഭിച്ചു. ഈ സർവിസ് സൗദിയുടെ കിഴക്കൻ തുറമുഖങ്ങളെ 16 പ്രാദേശിക, അന്തർദേശീയ തുറമുഖങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കും.
ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ, ഖത്തറിലെ ഹമദ്, ഇന്ത്യയിലെ നവ ഷെവ, ശ്രീലങ്കയിലെ കൊളംബോ, സിംഗപ്പൂർ, വിയറ്റ്നാമിലെ വുങ് തൗ, ഹായ് ഫോങ്, ചൈനയിലെ നാൻഷ, യാന്റിയൻ, നിങ്ബോ, ഷാങ്ഹായ്, ക്വിങ്ദാവോ, കൊറിയൻ റിപ്പബ്ലിക്കിലെ ബുസാൻ, അമേരിക്കയിലെ സിയാറ്റിൽ, കാനഡയിലെ വാൻകൂവർ, പ്രിൻസ് റൂപർട്ട് എന്നീ 16 പ്രാദേശിക, അന്തർദേശീയ തുറമുഖങ്ങളുമായാണ് പുതിയ സർവിസ് ബന്ധിപ്പിക്കുന്നത്. 14,000 ടി.ഇ.യു വരെ ശേഷിയുള്ള സർവിസാണിത്.
ദമ്മാം, ജുബൈൽ തുറമുഖങ്ങളിൽനിന്ന് ചിനൂക്ക് ക്ലാംഗാ ഷിപ്പിങ് സർവിസ് ആരംഭിച്ചപ്പോൾ
സൗദി അറേബ്യയുടെ സമഗ്ര വികസനപദ്ധതിയായ ‘വിഷൻ 2030’ന് അനുസൃതമായി ലോകത്തിലെ മികച്ച 10 ലോജിസ്റ്റിക്സ് ഹബ്ബുകളിൽ ഒന്നായി മാറാനുള്ള രാജ്യത്തിന്റെ ശ്രമഫലങ്ങളുടെ ഭാഗമാണിത്. ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് പദ്ധതിക്ക് കീഴിൽ 2030 ആകുമ്പോഴേക്കും ഈ മേഖലയിൽനിന്നുള്ള മൊത്തം ആഭ്യന്തര ഉൽപാദനം ആറിൽനിന്ന് 10 ശതമാനമായി ഉയർത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. 2024ൽ സൗദിയിലെ വിവിധ തുറമുഖങ്ങളിലൂടെ 32 കോടി ടണ്ണിലധികം ചരക്ക് കൈമാറ്റം നടന്നു. കണ്ടെയ്നർ കയറ്റുമതി 28 ലക്ഷം ടി.ഇ.യു കവിഞ്ഞു.
ജിദ്ദ ഇസ്ലാമിക് തുറമുഖത്തും ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തും പുതിയ ലോജിസ്റ്റിക്സ് മേഖലകൾ ഉൾപ്പെടെ നിരവധി സംരംഭങ്ങളും 2024ൽ സൗദി പോർട്സ് അതോറിറ്റി (മവാനി) ആരംഭിച്ചിട്ടുണ്ട്.
ഇതിൽ 290 കോടി സൗദി റിയാലിന്റെ (77.3 കോടി ഡോളർ) സ്വകാര്യ നിക്ഷേപവുമുണ്ട്. രാജ്യവ്യാപകമായി 18 ലോജിസ്റ്റിക്സ് പാർക്കുകൾ വികസിപ്പിക്കുന്നതിനുള്ള വിശാലമായ 1,000 കോടി സൗദി റിയാൽ പദ്ധതിയുടെ ഭാഗമാണിത്.