സൗദി-തുർക്കിയ റെയിൽപാത പുനഃസ്ഥാപിക്കുന്നു
text_fieldsറിയാദ്: സൗദി അറേബ്യയെ ജോർഡൻ, സിറിയ എന്നിവടങ്ങളിലൂടെ തുർക്കിയയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ സാധ്യത പഠനം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽജാസർ അറിയിച്ചു. അൽ അറേബ്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി നിർണായകമായ ഈ വിവരം പങ്കുവെച്ചത്. ഒരു നൂറ്റാണ്ട് മുമ്പ് സൗദി അറേബ്യക്കും തുർക്കിയക്കുമിടയിൽ ഒരു റെയിൽവേ പാതയുണ്ടായിരുന്നു. ഹിജാസ് റെയിൽവേ എന്ന പാതക്ക് സമാനമായി പുതിയതൊന്ന് നിർമിക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് നടക്കുന്നത്. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ സുസ്ഥിരമായ കരഗതാഗത സംവിധാനം വികസിപ്പിക്കുക, വ്യാപാര ഇടപാടുകൾക്ക് ആക്കം കൂട്ടുക, പ്രാദേശിക സംയോജനം വർധിപ്പിക്കുക എന്നിവയാണ് ഈ ബൃഹദ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. നിലവിൽ സൗദിയുടെ ദേശീയ റെയിൽ ശൃംഖല അൽ ഹദീത ക്രോസിംഗ് വഴി ജോർഡാൻ അതിർത്തി വരെ വ്യാപിച്ചു കിടക്കുകയാണ്. ഭാവിയിൽ അന്താരാഷ്ട്ര തലത്തിലുള്ള റെയിൽവേ കണക്റ്റിവിറ്റിയുടെ തന്ത്രപരമായ കേന്ദ്രബിന്ദുവായി ഈ പാത മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. സൗദി ഗതാഗത മന്ത്രി സാലിഹ് അൽജാസറും ജോർഡാൻ ഗതാഗത മന്ത്രി നിദാൽ ഖത്താമിനും തമ്മിൽ കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയിരുന്നു. നിലവിലുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ കര, കടൽ, വ്യോമ ഗതാഗത മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സംയോജനവും വിതരണ ശൃംഖലയും സുഗമമാക്കുന്നതിൽ റെയിൽവേ ലിങ്കിന്റെ പങ്കിനെക്കുറിച്ചും ഇരുമന്ത്രിമാരും സംസാരിച്ചു. ചരിത്രപ്രധാനമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തുർക്കിയയും സമാനമായ നീക്കങ്ങൾ നടത്തുന്നുണ്ട്. തുർക്കിയുടെ റെയിൽവേ ശൃംഖല സിറിയൻ നഗരമായ അലപ്പോയിലേക്ക് നീട്ടാൻ പദ്ധതിയിടുന്നതായി തുർക്കിയ ഗതാഗത മന്ത്രി അബ്ദുൽ ഖാദിർ ഉറലോഗ്ലു ഏപ്രിൽ മൂന്നിന് വ്യക്തമാക്കിയിരുന്നു.
1900-നും 1908-നും ഇടയിൽ നിർമിക്കപ്പെട്ട ഹിജാസ് റെയിൽവേ, ദമസ്കസിനും മദീനക്കുമിടയിൽ ഏകദേശം 1,322 കി.മീറ്ററുള്ളതായിരുന്നു. പിന്നീട് 1,900 കിലോമീറ്ററോളം ഇത് വികസിപ്പിക്കപ്പെട്ടു. ഒരു നൂറ്റാണ്ടിലധികം വിസ്മൃതിയിലാണ്ട ഈ പാതയെ ആധുനിക രീതിയിൽ പുനരവതരിപ്പിക്കുന്നത് മേഖലയിലെ ഗതാഗത, വാണിജ്യ മേഖലകൾക്ക് വലിയ വിപ്ലവകരമായ മാറ്റങ്ങൾ സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


