സൗദി ജലമേഖല റിവേഴ്‌സ് ഓസ്മോസിസ് ടെക്നോളജിയിലേക്ക്: കാർബൺ ബഹിർഗമനം കുറയ്ക്കും
text_fieldsഡീസലൈനേഷൻ പ്ലാന്റ്
ജുബൈൽ: സൗദി അറേബ്യയുടെ ജല ഉൽപാദന സംവിധാനങ്ങൾ വൻ പരിവർത്തനങ്ങൾക്കൊരുങ്ങുന്നു. ഒരുപാട് ഊർജ്ജം ആവശ്യമായി വരുന്ന തെർമൽ ഡീസലൈനേഷൻ സാങ്കേതികവിദ്യകളിൽ നിന്നാണ് നൂതന റിവേഴ്സ് ഓസ്മോസിസ് സംവിധാനങ്ങളിലേക്ക് ക്രമാനുഗതമായി മാറുന്നത്. രാജ്യം ലക്ഷ്യമിടുന്ന പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതാണ് ഈ മാറ്റം. പ്രവർത്തന കാര്യക്ഷമതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനൊപ്പം കാർബൺ ബഹിർഗമനം ഗണ്യമായി കുറക്കാനും ഇതിലൂടെ കഴിയും.
കേവലം പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറുന്നു എന്നതിനപ്പുറം മേഖലയുടെ വികസന കാഴ്ചപ്പാടുകളോടുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണിത്. വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന ഈ മാറ്റം ജലവിതരണത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ പരിസ്ഥിതി സൗഹൃദമാവുന്നതിനൊപ്പം സാമ്പത്തികവുമായ ചെലവുകൾ കുറക്കാനും സഹായിക്കും.
സുസ്ഥിര സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ ഡീസലൈനേഷൻ പ്ലാന്റുകളിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയും. ഇതിനോടൊപ്പം ഈ ശ്രമങ്ങൾ ഗണ്യമായ പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ ആണ് നൽകുക. റിവേഴ്‌സ് ഓസ്മോസിസ് പദ്ധതികളിലൂടെ വിവിധ ഡീസലൈനേഷൻ പദ്ധതികളിലെ കാർബൺ ബഹിർഗമനത്തിൽ കുറവ് വരുന്നത് (പ്രതിവർഷം ടൺ) :
ശുഐബ ഘട്ടം II (നാല് മില്യൺ), യാംബു ഘട്ടം III (4.5 മില്യൺ), ശുഐബ ഘട്ടം I (1.2 മില്യൺ), ശുഐബ ഘട്ടം I (2.3 മില്യൺ), ജുബൈൽ ഘട്ടം I (2.0 മില്യൺ), ജുബൈൽ ഘട്ടം II (8.5 മില്യൺ), അൽഖോബാർ ഘട്ടം II (4.2 മില്യൺ).
ഈ പദ്ധതികളിൽ, ശുഐബ മൂന്ന് പ്ലാന്റിന്റെ ഫ്ലാഷ് ബാഷ്പീകരണത്തിൽ നിന്ന് റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യയിലേക്കുള്ള മാറ്റം സുപ്രധാന നാഴികക്കല്ലാണ്. പ്രതിദിനം ആറ് ലക്ഷം ക്യുബിക് മീറ്റർ ശേഷിയുള്ള ഈ പദ്ധതി, മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങലേക്കും ആവശ്യമായ വെള്ളം ഉല്പാദിപ്പിക്കുന്നു. പ്രതിദിനം 60,000 ബാരൽ വരെ ഇന്ധന ലാഭവും വർഷത്തിൽ 9.7 മില്യൺ ടൺ കാർബൺ ബഹിർഗമനം കുറക്കാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ജലമേഖലയുടെ സാങ്കേതിക പരിവർത്തനത്തിലൂടെ ലോകോത്തര മികവ് കൈവരിക്കുന്നത് തന്ത്രപരമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനും രാജ്യത്തിൻറെ ഭാവി വളർച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


