ഹജ്ജ് സുരക്ഷ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനൊരുങ്ങി സൗദി കാലാവസ്ഥ കേന്ദ്രം
text_fieldsഹജ്ജ് പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിവിധ സംവിധാനങ്ങൾ
മക്ക: ഹജ്ജ് സീസണുകളിലെ കാലാവസ്ഥ മാറ്റങ്ങൾ വിലയിരുത്തി മുൻകൂട്ടി സുരക്ഷ സംവിധാനങ്ങൾ കൂടുതൽ സജീവമാക്കാനൊരുങ്ങി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാറിക്കൊണ്ടിരിക്കുന്നതും വിവിധ കാലാവസ്ഥ പ്രതിഭാസങ്ങൾക്കിടയിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സേവനങ്ങളും സന്നദ്ധത പ്രവർത്തന പദ്ധതികളും കേന്ദ്രം ആസൂത്രണം ചെയ്യും.
‘പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാ’മുമായി സഹകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം നവംബർ ഒമ്പത് മുതൽ 12 വരെ ജിദ്ദയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ദേശീയ കാലാവസ്ഥ കേന്ദ്രം പ്രത്യേക പദ്ധതി അവതരിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ‘മക്കയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചർച്ച സമ്മേളനത്തിൽ വിവിധ മേഖലകളിൽ വിദഗ്ദരായവർ പങ്കെടുക്കും.
വരാനിരിക്കുന്ന ഹജ്ജ് സീസണുകൾക്കായുള്ള കാലാവസ്ഥ സാഹചര്യങ്ങൾ കേന്ദ്രം അവതരിപ്പിക്കുകയും പുണ്യസ്ഥലങ്ങളിലെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സേവന കാര്യക്ഷമത വർധിപ്പിക്കുന്നതിനും കാലാവസ്ഥ പഠനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പാനൽ ചർച്ച സമ്മേളനത്തിൽ നടക്കും. അഞ്ചാമത് ഹജ്ജ് സമ്മേളനത്തിലും പ്രദർശനത്തിലും കേന്ദ്രം പ്രത്യേക പദ്ധതികൾ അവതരിപ്പിക്കും.
അക്കാദമിക് വിദഗ്ധർ, ഗവേഷകർ, ഹജ്ജ് കാര്യ ഓഫീസുകളിലെയും നയതന്ത്ര ദൗത്യങ്ങളിലെയും പ്രതിനിധികൾ, ലോകമെമ്പാടുമുള്ള 2,400 ൽ അധികം ട്രെയിനികൾ എന്നിവരുൾപ്പെടെ പങ്കെടുക്കുന്ന 80 ലധികം സെഷനുകളും 60 വർക്ക്‌ഷോപ്പു കളും ഹജ്ജ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
137 രാജ്യങ്ങളിൽ നിന്നുള്ള 260 ൽ അധികം പ്രദർശകർ ഹജ്ജ്, ഉംറ അനുഷ്ടനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദർശിപ്പിക്കും. ഈ വർഷത്തെ ഹജ്ജ് സമ്മേളനത്തോടെ ഹജ്ജ് മേഖലയിലെ സാങ്കേതിക സംയോജനം, നഗര വികസനം, തീർത്ഥാടന സേവനങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ കരാറുകളിൽ ഉദ്യോഗസ്ഥർ ഒപ്പുവെക്കുകയും ചെയ്യും.


