ഒരുക്കം തുടങ്ങി: അൽ ഉലയിൽ ആനന്ദത്തിന്റെ ആകാശോത്സവം
text_fieldsഅൽ ഉലയിൽ കഴിഞ്ഞ വർഷം നടന്ന ആകാശോത്സവ കാഴ്ച (ഫയൽ)
ജിദ്ദ: സൗദിയിലെ പൗരാണിക ചരിത്ര നഗരമായ അൽ ഉലയിലെ മരുഭൂ പ്രദേശത്ത് ഈ വർഷത്തെ ആകാശ ഉത്സവത്തിന് ഒരുക്കം തുടങ്ങി.
‘അൽ ഉല സ്കൈസ് ഫെസ്റ്റിവൽ 2025’ എന്ന പേരിൽ നടക്കുന്ന ആകാശോത്സവം ഏപ്രിൽ 18 മുതൽ 27 വരെയാണ് നടക്കുന്നത്. സംസ്കാരം, സാഹസികത, പര്യവേക്ഷണം, എയർ ബലൂൺ ഷോകൾ, വിനോദം, വിജ്ഞാനം എന്നിവ സമന്വയിപ്പിച്ചുള്ള പരിപാടികളാണ് അരങ്ങേറുന്നത്.
ഫ്രീ-ഫ്ലൈറ്റ് ബലൂൺ റൈഡുകൾ, സംഗീത കച്ചേരികൾ, ഉല്ലാസ പരിപാടികൾ തുടങ്ങി സന്ദർശകരെ ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉത്സവത്തോടനുബന്ധിച്ച് ഈ വർഷം സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രകൃതിയുടെ വൈവിധ്യങ്ങൾ നിറഞ്ഞ അൽ ഉലയുടെ ചരിത്രവും പൈതൃകവും ഒരു പുത്തൻ കാഴ്ച്പ്പാടിലൂടെ ആസ്വദിക്കാൻ മേള അവസരമൊരുക്കും. സാഹസികത ആഗ്രഹിക്കുന്നവർക്കും ചരിത്രകുതുകികൾക്കും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കും വിഭിന്ന തരത്തിലുള്ള ആസ്വാദനം അൽ ഉലയുടെ ജ്വലിക്കുന്ന രാത്രികാല ആകാശകാഴ്ചകൾ സമ്മാനിക്കും. വാനനിരീക്ഷണം, ഹൈക്കിങ് തുടങ്ങിയവക്കും മേള അവസരം നൽകും.
സൗദിയിൽ നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന അൽ ഉലയിൽ അവിസ്മരണീയമായ അനുഭവമായി ആകാശോത്സവം മാറും. മദീനയിൽനിന്ന് 330 കിലോമീറ്റർ ദൂരമുണ്ട് അൽ ഉലയിലേക്ക്. അൽ ഉല സ്കൈസ് ഫെസ്റ്റിവലിനെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.experiencealula.com/en എന്ന വെബ്സൈറ്റ് വഴി അറിയാം.