സ്നാപ് ചാറ്റ് ഉപയോക്താക്കളുടെ എണ്ണം 2.6 കോടി കവിഞ്ഞു
text_fieldsറിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഒമ്പതാമത് പതിപ്പിൽ സ്നാപ് ചാറ്റ് സി.ഇ.ഒ ഇവാൻ സ്പീഗൽ സംസാരിക്കുന്നു.
റിയാദ്: സ്മാർട്ട് ഫോൺ സോഷ്യൽ മീഡിയ ചാറ്റ് ആപ്ലിക്കേഷനായ 'സ്നാപ് ചാറ്റ്' ഉപയോക്താക്കളുടെ എണ്ണം സൗദിയിൽ 2.6 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ സ്നാപ് ചാറ്റ് സി.ഇ.ഒ ഇവാൻ സ്പീഗൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗോള സോഷ്യൽ മീഡിയ രംഗത്ത് രാജ്യത്തിന്റെ വർധിച്ചുവരുന്ന സ്വാധീനം ഇത് അടിവരയിടുന്നു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഒമ്പതാം പതിപ്പിൽ സംസാരിച്ച ഇവാൻ സ്പീഗൽ സൗദി തലസ്ഥാന നഗരിയെ താൻ ഏറെ സ്നേഹിക്കുന്ന ഒരു പ്രധാന സ്ഥലമായി വിശേഷിപ്പിക്കുകയും തന്റെ 'രണ്ടാമത്തെ വീട്' എന്ന് വിളിക്കുകയും ചെയ്തു. റിയാദ് സന്ദർശിക്കുന്നത് വളരെ സന്തോഷകരമാണെന്നും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 3.3 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് 2.6 കോടി ആളുകൾ സ്നാപ് ചാറ്റ് പോലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്നറിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സ്പീഗൽ പറഞ്ഞു.
'സോഷ്യൽ മീഡിയ ദ്രുതഗതിയിൽ വളർച്ച കൈവരിച്ചു. ഞാൻ 'സ്നാപ് ചാറ്റ്' തുടങ്ങിയപ്പോൾ ആളുകൾക്ക് ലൈക്ക് ചെയ്യാനും അഭിപ്രായമിടാനും വേണ്ടി ഡെസ്ക്ടോപ്പ് ഇന്റർനെറ്റിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് സ്മാർട്ട്‌ഫോണിലെ സോഷ്യൽ മീഡിയ തികച്ചും വ്യത്യസ്തമാണ്. സന്ദേശമയക്കലിനും വിനോദത്തിനും ഇടയിലുള്ള വിഭജനമാണ് സംഭവിച്ചതെന്ന് ഞാൻ കരുതുന്നു' സ്പീഗൽ വ്യക്തമാക്കി.
ലളിതമായ സന്ദേശമയക്കാനും സുഹൃത്തുക്കളുമായി ഫോട്ടോ പങ്കുവെക്കുന്നതിനുമുള്ള ഒരു ആപ്ലിക്കേഷനായിട്ടാണ് സ്നാപ് ചാറ്റ് ആരംഭിച്ചത്. എന്നാൽ പിന്നീട് സ്വകാര്യ പങ്കിടലിനും പൊതു വിനോദത്തിനും അനുയോജ്യമായ സ്റ്റോറീസ്, സ്പോട്ട്ലൈറ്റ് പോലുള്ള സവിശേഷതകൾ ഉൾപ്പെടുത്താൻ തുടങ്ങിയെന്ന് അദ്ദേഹം വിശദീകരിച്ചു. എ.ഐ യുടെയും വ്യക്തിഗതമാക്കലിന്റെയും ആവിർഭാവത്തോടെ നമ്മൾ കണ്ടത് ഒരു യഥാർത്ഥ വിഭജനമാണ്. ആളുകൾ ദിവസം മുഴുവൻ അവരുടെ സുഹൃത്തുക്കൾക്ക് സന്ദേശമയക്കുന്നു. തുടർന്ന് അവർ വിനോദത്തിനായി വ്യക്തിഗതമാക്കിയ വിനോദ ഉള്ളടക്കം കാണുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള സ്നാപ്ചാറ്റിന്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നായി സൗദി അറേബ്യ മാറിയിരിക്കുന്നു. മിക്ക പ്രദേശങ്ങളെയും, പ്രത്യേകിച്ച് യുവ ഉപയോക്താക്കൾക്കിടയിൽ ഇടപഴകൽ നിലവാരം കൂടുതലാണ്. സാങ്കേതികവിദ്യാമാറ്റത്തിനും ഡിജിറ്റൽ ശീലങ്ങൾ മാറുന്നതിനും രാജ്യത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ മാറ്റത്തിന്റെ പുതിയ ദിശ ശ്രദ്ധേയമാണ്. സൗദി യുവതീ യുവാക്കൾ കൂടുതൽ ഉപയോഗിക്കുന്ന മുൻനിര സമൂഹ മാധ്യമമായി സ്നാപ് ചാറ്റ് ഇപ്പോൾ ജനപ്രിയ ആപ്ലിക്കേഷനായി മാറിയിട്ടുണ്ട്. 250 ദശലക്ഷം സ്നാപ് ചാറ്റ് ഉപയോക്താക്കൾ പ്രതിദിനം എ.ആർ ഫീച്ചറുകളുമായി സംവദിക്കുന്നുവെന്ന് കമ്പനി അടിവരയിടുന്നു.


