Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്കിലെ അൽ ലോസ്​...

തബൂക്കിലെ അൽ ലോസ്​ കുന്നുകളിൽ മഞ്ഞുപെയ്യുന്നു

text_fields
bookmark_border
തബൂക്കിലെ അൽ ലോസ്​ കുന്നുകളിൽ മഞ്ഞുപെയ്യുന്നു
cancel
camera_alt

അൽ ലോസ് പർവത നിരകളിലുണ്ടായ മഞ്ഞുവീഴ്ച

തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയായ തബൂക്കിലെ അൽ ലോസ് പർവതനിരകളിൽ മഞ്ഞു പെയ്യുന്നു. ആകാശത്തുനിന്ന്​ പഞ്ഞി പറന്നിറങ്ങുന്നതുപോലെയാണ്​ മഞ്ഞുവീഴ്​ച. മഴയ്​ക്കൊപ്പമാണ്​ മഞ്ഞെത്തിയത്​. ഒപ്പം കനത്ത മൂടൽ മഞ്ഞും ശക്തമായ കാറ്റും ഉണ്ടാകുന്നുണ്ട്​. ബുധനാഴ്ച താപനില നാല്​ ഡിഗ്രി സെൽഷ്യസ് വരെ താഴ്​ന്നിരുന്നു. ചിലയിടങ്ങളിൽ ശക്തമായ കാറ്റ് മൈനസ്​ ഡിഗ്രിയിലേക്ക്​ താപനിലയെ നയിച്ചു.

അൽ ലോസ് കുന്നുകളിലെ മഞ്ഞുപെയ്യും കാഴ്ച്ചകൾ ആസ്വദിക്കാൻ ടൂറിസ്​റ്റുകൾ ഉൾപ്പടെയുള്ളവർ ഇങ്ങോ​ട്ടേക്ക്​ വരുന്നുണ്ട്​. കോച്ചിപ്പിടിക്കുന്ന തണുപ്പിലും വെൺമപുതച്ച മഞ്ഞിൻ കാഴ്​ച ആസ്വദിക്കാൻ മഞ്ഞുകട്ടകൾ എറിഞ്ഞുകളിക്കാനും ആളുകൾ മടിക്കുന്നില്ല. മഞ്ഞിൻ വെൺമയുടെ അത്ഭുത​ പ്രപഞ്ചമായി കുന്നിൻനിരകളും ചരിവുകളും താഴ്​വരകളും മാറിക്കഴിഞ്ഞു. വരണ്ട പ്രദേശമാണെങ്കിലും ഫോട്ടോകൾക്കും അഭൗമമായ ശൈത്യകാല അനുഭവങ്ങൾക്കുമായി സന്ദർശകർ പ്രദേശത്ത് സീസണിൽ ധാരാളമായി എത്തുന്നുണ്ട്.

നല്ല കട്ടിക്ക്​ മഞ്ഞിൻ പാളികൾ പുതച്ച്​ വെണ്മ നിറഞ്ഞ വിസ്‌മയകരമായ കാഴ്ച പകർത്തി ആളുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്. സമുദ്രനിരപ്പിൽനിന്ന് 2,580 മീറ്റർ ഉയരത്തിലെ അൽ ലോസ് മലമടക്കുകളിലെ മഞ്ഞുവീഴ്ച കൗതുക കാഴ്ച്ച തന്നെയാണ്. സൗദിയിൽ ഏറ്റവും കൂടുതൽ മഞ്ഞുവീഴ്​ചയുണ്ടാവുന്നത്​ ജബൽ അൽ ലോസിലാണ്​. ബദാം പർവതം എന്ന പേരിലും ഈ കുന്നുകൾ അറിയപ്പെടുന്നുണ്ട്.

ദേശീയ കാലാവസ്ഥാകേന്ദ്രം തബൂക്ക്, ഹാഇൽ, മദീന എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും മഞ്ഞു വീഴ്ചക്ക് സാധ്യതയുള്ളതായി നേരത്തേ പ്രവചിച്ചിരുന്നു. അത്​ ശരിവെച്ച രീതിയിലാണ് കാലാവസ്ഥാമാറ്റം പ്രകടമായിരിക്കുന്നത്. വരും ദിവസങ്ങളിലും രാജ്യത്തി​െൻറ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതായും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാറിപ്പോർട്ടിൽ വ്യക്തമാക്കി.

റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കുന്നതായും കേന്ദ്രം പ്രവചിച്ചു. തബൂക്ക്, അൽ ജൗഫ്, ഹാഇൽ, അൽ ഖസിം മേഖലകളുടെ ചില ഭാഗങ്ങളിൽ മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
TAGS:snow falls Saudi Weather Center Minus Degree 
News Summary - Snow falls on the Al Los hills in Tabuk
Next Story