Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈ മാസം ആകാശത്ത്...

ഈ മാസം ആകാശത്ത് അത്ഭുതക്കാഴ്ചകൾ: സൂര്യഗ്രഹണവും ഉൽക്കാവർഷവും കാണാം!

text_fields
bookmark_border
ഈ മാസം ആകാശത്ത് അത്ഭുതക്കാഴ്ചകൾ: സൂര്യഗ്രഹണവും ഉൽക്കാവർഷവും കാണാം!
cancel

ജിദ്ദ: ഈ ആഗസ്​റ്റ്​ മാസത്തിൽ അപൂർവവും മനോഹരവുമായ നിരവധി ആകാശക്കാഴ്ചകൾക്ക് പ്രകൃതി ഒരുങ്ങുന്നു. സൂര്യഗ്രഹണം, ഉൽക്കാവർഷം, ചന്ദ്രഗ്രഹണം തുടങ്ങി നിരവധി അത്ഭുതങ്ങളാണ് ഈ മാസം വാനനിരീക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്. ജദ്ദ അസ്ട്രോണമി സൊസൈറ്റി പ്രസിഡൻറ്​ മജീദ് അബു സഹ്രയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

ആഗസ്​റ്റ്​ 12-ന്​ പൂർണ സൂര്യഗ്രഹണം സംഭവിക്കും. എന്നാൽ ഇത് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ദൃശ്യമാകില്ല. റഷ്യയുടെ വടക്കൻ ഭാഗങ്ങൾ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, സ്പെയിൻ, പോർച്ചുഗലി​െൻറ ഒരു ചെറിയ ഭാഗം എന്നിവിടങ്ങളിലാണ് ഗ്രഹണം പൂർണമായി കാണാൻ സാധിക്കുക. യൂറോപ്പിലെ മറ്റിടങ്ങളിലും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലും ഇത് ഭാഗികമായി കാണാം. അറബി കലണ്ടറിലെ റബീഉൽ അവ്വൽ മാസത്തിലെ അമാവാസി ദിവസമാണ് ഈ സൂര്യഗ്രഹണം നടക്കുന്നത്. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കൃത്യമായ നേർരേഖയിൽ വരുമ്പോഴാണ് ഈ സ്വാഭാവിക പ്രതിഭാസം ഉണ്ടാകുന്നത്.

ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ആഗസ്​റ്റ്​ 14-നാണ് പുതിയ റബീഉൽ അവ്വൽ മാസം ആരംഭിക്കുന്നത്. അതേസമയം, 2027 ആഗസ്​റ്റ്​ രണ്ടിന് സൗദി അറേബ്യ ഉൾപ്പെടെയുള്ള വിവിധ അറബ് രാജ്യങ്ങളിൽ അപൂർവ്വമായ മറ്റൊരു പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. ഏകദേശം ആറ്​ മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം, 21-ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നായിരിക്കും.

ഈ മാസത്തെ മറ്റൊരു പ്രധാന ആകർഷണം പെഴ്സീഡ് ഉൽക്കാവർഷമാണ്. ആഗസ്​റ്റ്​ 12 രാത്രിയിലും 13 പുലർച്ചെയുമായി ആകാശത്ത് ഉൽക്കാമഴ പെയ്യും. അമാവാസി സമയമായതിനാൽ ചന്ദ്രപ്രകാശം തടസ്സമാകില്ലെന്ന പ്രത്യേകതയുമുണ്ട്. നഗരവെളിച്ചമില്ലാത്ത ഇരുണ്ട സ്ഥലങ്ങളിൽനിന്ന് നോക്കിയാൽ മണിക്കൂറിൽ 100 ഉൽക്കകൾ വരെ ആകാശത്തു കൂടെ മിന്നിമറയുന്നത് കാണാം.

അർദ്ധരാത്രിക്ക് ശേഷവും പുലർച്ചെയ്ക്ക് തൊട്ടുമുമ്പുമാണ് ഇത് കാണാൻ പറ്റിയ സമയം. വടക്കുകിഴക്കൻ ആകാശത്തേക്ക് നോക്കിയാൽ ടെലിസ്കോപ്പോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ തന്നെ വെറും കണ്ണുകൊണ്ട് ഇത് കാണാം. ഗ്രഹങ്ങളുടെ കാഴ്ചകളും ഈ മാസം സമൃദ്ധമാണ്.

വടക്കൻ ആകാശത്തുള്ള ‘ടി കൊറോണ ബോറിയാലിസ്’ എന്ന നക്ഷത്രസമൂഹത്തെ ജ്യോതിശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തനിയെ ആവർത്തിക്കുന്ന ഈ നോവയിൽ പെട്ടെന്ന് ഒരു സ്ഫോടനം നടക്കാൻ സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ ഏതാനും ദിവസങ്ങളിലേക്ക് ഇതി​െൻറ തിളക്കം പെട്ടെന്ന് കൂടുകയും ടെലിസ്കോപ്പ് ഇല്ലാതെ തന്നെ സാധാരണക്കാർക്ക് ഇത് വെറുംകണ്ണുകൊണ്ട് കാണാൻ സാധിക്കുകയും ചെയ്യും.

ആഗസ്​റ്റ്​ 28-ന് പൂർണചന്ദ്രൻ ഉദിച്ചുയരും. അറബ് ജ്യോതിശാസ്ത്ര പാരമ്പര്യത്തെ ഓർമിപ്പിച്ചുകൊണ്ട് ഈ പൗർണമിയെ ‘ഖമർ അൽ മിർസം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആഗസ്​റ്റ്​ 27-നും 28-നും ഇടയിലുള്ള രാത്രിയിൽ ഒരു ഭാഗിക ചന്ദ്രഗ്രഹണവും നടക്കും. ഇതിൽ ചന്ദ്ര​െൻറ 93 ശതമാനത്തോളം ഭാഗവും ഭൂമിയുടെ നിഴലിലാകും. പടിഞ്ഞാറൻ ആകാശം വ്യക്തമാണെങ്കിൽ സൗദി അറേബ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ളവർക്ക് ചന്ദ്രൻ അസ്തമിക്കുന്നതിന് തൊട്ടുമുമ്പ് ഗ്രഹണത്തി​െൻറ ആദ്യ ഘട്ടങ്ങൾ കാണാൻ സാധിക്കും.

Show Full Article
TAGS:solar eclipse meteor shower Saudi Arabia Gulf News 
News Summary - സൂര്യഗ്രഹണവും ഉൽക്കാവർഷവും
Next Story