ഘോഷയാത്ര വർണശബളമായതിന് പിന്നിൽ സൗമ്യ വിനോദിന്റെ പ്രയത്നം
text_fieldsവിവിധ നൃത്തരൂപങ്ങൾ അവതരിപ്പിച്ച സംഘം
അൽഖോബാർ: ഉത്സവത്തിലുടനീളം ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചത് ഇന്ത്യൻ സംസ്കാരിക വൈവിധ്യത്തെ സമന്വയിച്ച് ഇസ്കാൻ പാർക്കിനെ വലംവെച്ച ഘോഷയാത്ര. കഥകളി വേഷവും തെയ്യവും ഭരതനാട്യവും ഭാൻഗ്രയും മയിലാട്ടവും തമിഴ് നാടോടി നൃത്തവും ഡാൻസിയയും ഒപ്പനയും കൊൽക്കളിയുമെല്ലാം അണിനിരന്ന ഘോഷയാത്രയിൽ ഭൂരിപക്ഷവും അണിയിച്ചൊരുക്കിയത് മലയാളിയായ സൗമ്യ വിനോദ്. അവരുടെ നേതൃത്വത്തിലുള്ള ദേവിക കലാക്ഷേത്രയുടെ നർത്തകരാണ് ഈ നൃത്തരൂപങ്ങളാടി ഘോഷയാത്രയിൽ നിറഞ്ഞത്.
സൗമ്യ വിനോദ്
നാലു ദിവസവും 60ഓളം കലാകാരന്മാരെ പങ്കെടുപ്പിച്ച് രണ്ടു നേരം ഘോഷയാത്ര വളരെ വിജയകരമായി നടത്തിയെടുക്കാൻ സൗമ്യ അക്ഷീണ പ്രയത്നം തന്നെ നടത്തി. ജനറൽ എന്റർടെയ്മെന്റ് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഘോഷയാത്രയും കലാപരിപാടിയും അവതരിപ്പിക്കാൻ ‘മി ഫ്രണ്ട് ഇവന്റ്സ്’ വഴിയാണ് അവസരം ലഭിച്ചതെന്ന് സൗമ്യ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വെല്ലുവിളി നിറഞ്ഞതാണെന്ന് അറിയാമെങ്കിലും ധൈര്യപൂർവം ഏറ്റെടുക്കുകയായിരുന്നു. ഭർത്താവ് വിനോദും വിദ്യാർഥികളും മി ഫ്രണ്ട് പ്രവർത്തകരും എല്ലാറ്റിനും സഹായമായി കൂടെ നിന്നപ്പോൾ അതൊരു ചരിത്ര വിജയമായി. ആദ്യം വിദ്യാർഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. വേഷവിധാനങ്ങൾ ബഹ്റൈനിൽ നിന്നുൾപ്പെടെ വരുത്തി. എല്ലാ ടീമിനും കൃത്യമായ പരിശീലനം നൽകി. തലേ ദിവസം ട്രയൽ പരേഡും സംഘടിപ്പിച്ചു.
സങ്കീർണമായ കഥകളി മുഖംമൂടികൾ, മുഖത്ത് ചായം പൂശി വേഷമണിഞ്ഞ തെയ്യക്കോലം, ഭരതനാട്യം, പഞ്ചാബി ഭാൻഗ്ര വസ്ത്രങ്ങൾ എന്നിവ ധരിച്ച നർത്തകർ പ്രേക്ഷകർക്ക് മുന്നിൽ ഒരു ദൃശ്യവിരുന്ന് തന്നെയൊരുക്കി. മനോഹരമായ തൂവലുകൾ തുന്നിച്ചേർത്ത വസ്ത്രമണിഞ്ഞുള്ള മയിലാട്ടവും തമിഴ് നാടോടി നൃത്തവുമെല്ലാം ശ്രദ്ധേയമായി.
ഘോഷയാത്രയിൽ അണിനിരന്ന ദേവിക കലാക്ഷേത്രയിലെ അംഗങ്ങൾ
ഓരോ കലാരൂപവും അവതരിപ്പിക്കുന്ന ടീമിനെ സാങ്കേതിക വശങ്ങളിൽ മാത്രമല്ല, ഘോഷയാത്രയിൽ അവരുടെ സംസ്കാരം എങ്ങനെ ഭംഗിയായി കൊണ്ടുപോകാമെന്നും ഞങ്ങൾ പരിശീലിപ്പിച്ചതായി സൗമ്യ പറഞ്ഞു. ചലനങ്ങളെ സമന്വയിപ്പിക്കുന്നതിനും ഏകോപനം ശക്തമാക്കുന്നതിനുമായി പരിപാടിക്ക് ഒരു ദിവസം മുമ്പ് ഒരു പൂർണ വസ്ത്രധാരണ പരിശീലനം നടത്തി.
തുടക്കത്തിൽ ഉണ്ടായിരുന്ന ചില കലാരൂപങ്ങൾ പിന്നീട് അധികൃതർ വേണ്ടെന്നു വെച്ചെങ്കിലും ഭരതനാട്യം, മോഹിനിയാട്ടം, മയിലാട്ടം, ഭാൻഗ്ര തുടങ്ങിയ ആകർഷക ഇനങ്ങൾ എല്ലാദിവസവും രണ്ടുനേരം ഷോ നടത്തുകയും മൈതാന മധ്യത്തിലെ വേദിയിൽ കണികൾക്കായി അവതരിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യയിൽ എന്റെ എല്ലാ വിദ്യാർഥികൾക്കും ഒരുമിച്ച് ഒരു പരിപാടിയുടെ മുഖ്യ ആകർഷണമായി മാറുന്നത് ഇതാദ്യമാണെന്നും സൗമ്യ പറഞ്ഞു.
സൗദി പൊതുവിനോദ അതോറിറ്റി സംഘാടകരോടും ഇതിലേക്ക് ഞങ്ങളെ എത്തിച്ച മി ഫ്രണ്ട് പ്രവർത്തകരോടും ഒപ്പം നിന്ന നർത്തകരോടും ആഘോഷപൂർവം ഏറ്റെടുത്ത കലാസ്നേഹികളോടും എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ടെന്ന് മലപ്പുറം മഞ്ചേരി സ്വദേശിയായ സൗമ്യ പറയുന്നു. 2007 മുതൽ സൗദിയിൽ ദേവിക കലാക്ഷേത്ര ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം എന്നീ കലാരൂപങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.