ഐക്യത്തോടെ നീങ്ങാൻ ദക്ഷിണ യമൻ നേതാക്കളുടെ ആഹ്വാനം
text_fieldsദക്ഷിണ യമന്‍റെ ഭാവിയെക്കുറിച്ച് റിയാദിൽ നടന്ന കൂടിയാലോചന യോഗത്തിൽനിന്ന്
- റിയാദ്: ദക്ഷിണ യമനിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ശാശ്വതവും നീതിയുക്തവുമായ പരിഹാരം തേടി വിവിധ വിഭാഗം നേതാക്കൾ പങ്കെടുത്ത കൂടിയാലോചനാ യോഗം റിയാദിൽ നടന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ നൽകുന്ന പിന്തുണ ചരിത്രപരമായ അവസരമാണെന്ന് യോഗം വിലയിരുത്തി.
ദക്ഷിണ യമനിലെ വിവിധ വിഭാഗങ്ങളെയും ഗവർണറേറ്റുകളെയും ഉൾക്കൊള്ളുന്ന ഏകീകൃതമായ രാഷ്ട്രീയ നിലപാട് യോഗം പ്രതിഫലിപ്പിച്ചു. ആഭ്യന്തര തർക്കങ്ങൾ ഒഴിവാക്കി ജനങ്ങളുടെ അവകാശങ്ങൾക്കായി ഒന്നിച്ച് നിൽക്കാൻ നേതാക്കൾ തീരുമാനിച്ചു.
മുൻവ്യവസ്ഥകളില്ലാത്ത പൂർണ പരമാധികാര രാഷ്ട്രം, സ്വയം നിർണായാധികാരം, ജനങ്ങളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്ന സമഗ്രമായ രാഷ്ട്രീയ ഒത്തുതീർപ്പ് എന്നിവയാണ് ലക്ഷ്യം. ദക്ഷിണ യമനിലെ അണികളുടെ ഐക്യത്തെ ദുർബലപ്പെടുത്തുന്ന ഏതെങ്കിലും ആഭ്യന്തര തർക്കങ്ങൾ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സൗദി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകൾ ദക്ഷിണ യമൻ ജനതയുടെ ആവശ്യങ്ങളോടുള്ള ആത്മാർത്ഥമായ ധാരണ വ്യക്തമാക്കുന്നതായിരുന്നുവെന്ന് യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ അംഗം മേജർ ജനറൽ അബു സറാ അൽമഹ്റമി പ്രസ്താവനയിൽ അറിയിച്ചു. ദക്ഷിണ യമന്‍റെ ഭാവിക്ക് ഗുണകരമല്ലാത്ത സംഘർഷങ്ങൾ ഒഴിവാക്കി, സുരക്ഷയും വികസനവും മുൻനിർത്തിയുള്ള ഒരു പുതിയ പാത വെട്ടിത്തുറക്കാൻ ഈ ചർച്ചകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സൗദി അറേബ്യ പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ യോഗം പ്രശംസിച്ചു. ദക്ഷിണ യമൻ സേനകളുടെ ശമ്പള കുടിശ്ശിക തീർക്കുന്നതടക്കമുള്ള അടിയന്തര മാനുഷിക ആവശ്യങ്ങളിൽ സൗദിയുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായതായും നേതാക്കൾ വ്യക്തമാക്കി. സുരക്ഷ, സ്ഥിരത, വികസനം എന്നീ മൂന്ന് സ്തംഭങ്ങളിലൂന്നിയുള്ള സൗദി-യമൻ പങ്കാളിത്തം വരും നാളുകളിൽ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് യോഗത്തിലെ തീരുമാനം.


