Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ ഇരുമ്പ്, സ്​റ്റീൽ സ്ക്രാപ്പ് വില സൂചികകൾ നിലവിൽ വന്നു; ഒരു ടണ്ണിന് 1826 റിയാൽ

text_fields
bookmark_border
സൗദി അറേബ്യയിൽ ഇരുമ്പ്, സ്​റ്റീൽ സ്ക്രാപ്പ് വില സൂചികകൾ നിലവിൽ വന്നു; ഒരു ടണ്ണിന് 1826 റിയാൽ
cancel

റിയാദ്​: സൗദി അറേബ്യയിലെ ഇരുമ്പ്, സ്​റ്റീൽ സ്ക്രാപ്പ് (പഴയ ലോഹങ്ങൾ) വില സാധാരണക്കാർക്കും വ്യാപാരികൾക്കും എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി പുതിയ ഔദ്യോഗിക വിലവിവര സൂചികകൾ നിലവിൽ വന്നു. വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിനും, കച്ചവടക്കാർക്ക് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിനുമാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

നാഷനൽ സെൻറർ ഫോർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറും ‘ഫാസ്​റ്റ്​മാർക്കറ്റ്സ്’ എന്ന കമ്പനിയും മറ്റു ബന്ധപ്പെട്ട വിഭാഗങ്ങളും ചേർന്നാണ് ഈ സൂചികകൾ തയ്യാറാക്കിയിരിക്കുന്നത്. പുതിയ പൊതു സൂചിക പ്രകാരം, ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് മൂല്യവർദ്ധിത നികുതി (വാറ്റ്​) കൂടാതെ ഒരു ടൺ ഇരുമ്പ്, സ്​റ്റീൽ സ്ക്രാപ്പി​െൻറ വില 1826 സൗദി റിയാലിൽ എത്തി.

രാജ്യവ്യാപകമായ പൊതു സൂചികയ്ക്ക് പുറമെ സൗദി കിഴക്കൻ പ്രവിശ്യ, റിയാദ്, പടിഞ്ഞാറൻ പ്രവിശ്യ എന്നിവിടങ്ങൾക്കായി പ്രത്യേക വില സൂചികകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അതത് പ്രദേശങ്ങളിലെ വിപണി മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വ്യാവസായിക രംഗത്തെ വളർച്ച കൂട്ടുക, സാധനങ്ങൾ ലഭ്യമാക്കുന്ന ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, വിപണിയിൽ പൂർണ സുതാര്യത കൊണ്ടുവരിക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിപണി സൂചികകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി തുറന്നതും നിഷ്പക്ഷവുമായ സമീപനമാണ് സെൻറർ സ്വീകരിച്ചിരിക്കുന്നത്. സമാനമായ സേവനങ്ങൾ നൽകാൻ താല്പര്യമുള്ള മറ്റ് യോഗ്യരായ കമ്പനികൾക്കും ഏജൻസികൾക്കും വിപണിയിൽ അവസരമുണ്ടാകുമെന്നും, ഇത് മത്സരശേഷിയും വിവരങ്ങളുടെ വൈവിധ്യവും വർദ്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിലവിവരങ്ങൾ കമ്പനിയുടെ സ്വന്തം രീതിശാസ്ത്രപ്രകാരം തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ മാത്രമാണ്. ഇത് സർക്കാരി​െൻറ ഔദ്യോഗിക വിലയോ ആരെങ്കിലും നിർബന്ധമായും പാലിക്കേണ്ട വിലയോ അല്ല. അതുകൊണ്ടുതന്നെ, വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള പരസ്പര ചർച്ചകളും അന്നത്തെ വിപണിയിലെ ആവശ്യവുമൊക്കെ അനുസരിച്ചായിരിക്കും യഥാർത്ഥ കച്ചവട വില തീരുമാനിക്കപ്പെടുക.

സൗദിയിലെ ഇരുമ്പ് സ്ക്രാപ്പ് വിപണിയുടെ വലിപ്പം പ്രതിവർഷം ഏകദേശം 35 ലക്ഷം ടണ്ണോളം വരും. കൂടാതെ രാജ്യത്തെ സ്​റ്റീൽ നിർമാണ ശേഷി പ്രതിവർഷം ഏകദേശം 1.6 കോടി ടണ്ണോളവുമാണ്. ഇത്രയും വലിയൊരു വ്യവസായ മേഖല സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും കൃത്യമായ വിപണി വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഇത്തരം സൂചികകൾ ഏറെ സഹായകരമാകും.

Show Full Article
TAGS:Saudi Arabia Gulf News 
News Summary - Iron and steel scrap price indices have come into effect in Saudi Arabia; 1,826 riyals per ton
Next Story