യാംബുവിൽ ശക്തമായ കാറ്റും മഴയും
text_fieldsയാംബുവിൽ ശക്തമായ കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ
യാംബു: യാംബുവിലും പരിസരപ്രദേശങ്ങളിലും കാറ്റും മഴയും ഇടിമിന്നലും. യാംബൂ അൽ നഖ്ൽ ഭാഗങ്ങളിൽ മഴയോടൊപ്പം ആലിപ്പഴവർഷവും ഉണ്ടായി. തിങ്കളാഴ്ച വൈകീട്ട് ഏഴിനും എട്ടിനും ഇടയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലായിരുന്നു കാറ്റ് വീശിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 41.2 മില്ലി മീറ്റർ മഴ പെയ്തു. പ്രദേശത്ത് അതിജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
യാംബുവിൽ ശക്തമായ കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ
കുറച്ചു സമയം മാത്രം നീണ്ടുനിന്ന ശക്തമായ കാറ്റിൽ വിവിധ ഭാഗങ്ങളിൽ ധാരാളം വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി. കെട്ടിടങ്ങളുടെ മേൽക്കൂരകളും ഭിത്തികളും തകർന്നുവീണ് വാഹനങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ തകർന്നു. വെയർഹൗസുകൾക്കും കേടുപാടുകൾ സംഭവിച്ചു. പാർക്കിങ് ഏരിയകളിലെ മേൽക്കൂരകൾ തകർന്നു. ഒരു പ്രധാന ഷോപ്പിങ് മാളിെൻറ ജനാലകൾ തകർന്നു. പ്രധാന റോഡുകളിലെ പരസ്യബോർഡുകൾ തകർന്നുവീണു. ശക്തമായ കാറ്റിലാണ് ഇതെല്ലാമുണ്ടായത്. തെരുവുകളിൽ കനത്ത മഴയിൽ റോഡുകളും പരിസര ഇടങ്ങളും തടാകങ്ങളായി. ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു. വാഹനങ്ങൾ വെള്ളക്കെട്ടുകളിലും മറ്റും കുടുങ്ങി.
യാംബൂലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഇൻറർനാഷനൽ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈനായാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിൽ ക്ലാസുകൾ നടന്നത്. യാംബൂ മുനിസിപ്പാലിറ്റി റോഡുകളിൽ നിന്നും മറ്റും വെള്ളം പമ്പുചെയ്ത് വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്.


