Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹുർമുസ്​ പ്രതിസന്ധി:...

ഹുർമുസ്​ പ്രതിസന്ധി: അറേബ്യൻ ഉൾക്കടലിൽ കുടുങ്ങിയ കപ്പലുകൾ വൻ സമുദ്ര-പരിസ്ഥിതി ഭീഷണി ഉയർത്തുന്നതായി പഠനം

text_fields
bookmark_border
ഹുർമുസ്​ പ്രതിസന്ധി: അറേബ്യൻ ഉൾക്കടലിൽ കുടുങ്ങിയ കപ്പലുകൾ വൻ സമുദ്ര-പരിസ്ഥിതി ഭീഷണി ഉയർത്തുന്നതായി പഠനം
cancel

റിയാദ്: ഹുർമൂസ്​ കടലിടുക്ക് അടച്ചതിനെ തുടർന്ന് അറേബ്യൻ ഗൾഫ് മേഖലയിൽ 1,500-ലധികം ചരക്കുകപ്പലുകൾ കുടുങ്ങിക്കിടക്കുന്നത് ഗുരുതരമായ സമുദ്ര-പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അന്താരാഷ്​ട്ര ശാസ്ത്ര പഠന മുന്നറിയിപ്പ്.

മാസങ്ങളോളം ഒരേയിടത്ത് നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകൾ വഴി ലോകമെമ്പാടുമുള്ള സമുദ്ര ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാകുന്ന അധിനിവേശ സമുദ്രജീവികൾ വ്യാപിക്കാൻ സാധ്യതയേറെയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

യൂനിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സെൻറർ ഫോർ എൻവയോൺമെൻറൽ സയൻസി​െൻറ നേതൃത്വത്തിലുള്ള അന്താരാഷ്​ട്ര ഗവേഷക സംഘം തയ്യാറാക്കിയ ഈ പഠനം ‘ബയോളജിക്കൽ ഇൻവേഷൻസ്’ എന്ന ശാസ്ത്ര മാസികയിലാണ് പ്രസിദ്ധീകരിച്ചത്. സാധാരണ ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി മാസങ്ങളോളം കപ്പലുകൾ ചലനമില്ലാതെ കിടക്കുമ്പോൾ അവയുടെ അടിത്തട്ടിൽ ബാക്ടീരിയകൾ, പായലുകൾ, ബർണക്കിളുകൾ, മുത്തുച്ചിപ്പികൾ, മറ്റ് നട്ടെല്ലില്ലാത്ത ജീവികൾ എന്നിവ വലിയ തോതിൽ വളരുകയും പറ്റിപ്പിടിക്കുകയും ചെയ്യുന്നു.

പിന്നീട് കപ്പൽ ഗതാഗതം പുനരാരംഭിക്കുമ്പോൾ ഇത്തരം ജീവികൾ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലേക്ക് എത്തിപ്പെടും. ഇത് അതത് പ്രദേശങ്ങളിലെ തദ്ദേശീയ ജീവിവർഗങ്ങളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ്. ഒപ്പം മത്സ്യബന്ധന മേഖലയ്ക്കും തീരദേശ ഭൗതികസൗകര്യങ്ങൾക്കും കനത്ത നാശനഷ്​ടമുണ്ടാക്കാനും രോഗകാരികളായ സൂക്ഷ്മജീവികൾ പടർന്നുപിടിക്കാനും ഇത് ഇടയാക്കും.

അറേബ്യൻ ഗൾഫിലെ ഉയർന്ന ചൂടും ലവണാംശമുള്ളതുമായ വെള്ളത്തിൽ വളരുന്ന ജീവികൾക്ക് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി വളരെ കൂടുതലാണ്. അതിനാൽ സമാനമായ കാലാവസ്ഥയുള്ള മറ്റു കടൽപ്രദേശങ്ങളിൽ ഇവ എളുപ്പത്തിൽ പടർന്നുപിടിക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ഈ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ അനിവാര്യമാണെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു. ഗൾഫ് മേഖലയിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുൻപ് കപ്പലുകളുടെ അടിത്തട്ട് പൂർണമായും വൃത്തിയാക്കുക, വിവിധ തുറമുഖങ്ങളിൽ നിരീക്ഷണവും പരിശോധനകളും കർശനമാക്കുക, അധിനിവേശ ജീവികളുടെ വ്യാപനം തടയുന്നതിനായി ഇൻറർനാഷണൽ മാരിറ്റൈം ഓർഗനൈസേഷ​െൻറ (ഐ.എം.ഒ) മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് പഠനം ഊന്നിപ്പറയുന്നു.

Show Full Article
TAGS:strait of hurmuz Ships Arabian Gulf Environment 
News Summary - ഹുർമൂസ്​ പ്രതിസന്ധി: അറേബ്യൻ ഉൾക്കടലിൽ കുടുങ്ങിയ കപ്പലുകൾ വൻ സമുദ്ര-പരിസ്ഥിതി ഭീഷണി ഉയർത്തുന്നതായി പഠനം
Next Story