പഠിക്കാമിനി എ.ഐ പാഠവും
text_fieldsറിയാദ്: പൊതുവിദ്യാഭ്യാസത്തിെൻറ എല്ലാ തലങ്ങളിലും ഈ വർഷം മുതൽ നിർമിത ബുദ്ധിയും (എ.ഐ) പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ദേശീയ പാഠ്യപദ്ധതി കേന്ദ്രം.
വിദ്യാഭ്യാസ, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയങ്ങളും ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
മൂല്യങ്ങളെ ഏകീകരിക്കുന്ന സമഗ്രവിദ്യാഭ്യാസം കെട്ടിപ്പടുക്കുന്നതിനുള്ള ‘വിഷൻ 2030’ലെ ഹ്യൂമൻ കപ്പാസിറ്റി ബിൽഡിങ് ഡെവലപ്മെൻറ് പദ്ധതിയുടെ ഭാഗമാണിത്. വിദ്യാർഥികളെ ഡിജിറ്റൽ യുഗവുമായി ഇടപഴകാൻ പ്രാപ്തരാക്കുക, നിർമ്മിതബുദ്ധി മേഖലയിലെ രാജ്യത്തിെൻറ ആഗോള മത്സരശേഷിയും നേതൃത്വവും മികച്ചതാക്കലുമാണ് ലക്ഷ്യം.
രാജ്യത്തെ വിദ്യാഭ്യാസരംഗത്തിന് ആവശ്യമായ നൂതന വളർച്ച കണ്ടെത്താനാവുന്ന, നിർമിതബുദ്ധിയിൽ പ്രാവീണ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിന് പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ. പുതിയ പാഠ്യപദ്ധതിയിൽ നിർമ്മിതബുദ്ധിയിലെ പ്രത്യേക പഠനയൂനിറ്റുകൾ ഉൾപ്പെടുത്തും.
പ്രായപരിധിയുടെ സവിശേഷത കണക്കിലെടുത്ത് സംവേദനാത്മകവും പ്രായോഗികവുമായ രീതികളിലായിരിക്കും ഇത്. ഈ പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ആദ്യഘട്ടമെന്ന നിലയിൽ നാഷനൽ കരിക്കുലം സെൻററുമായും വിദ്യാഭ്യാസ മന്ത്രാലയവുമായും സഹകരിച്ച് മൂന്നാം വർഷ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആമുഖം’എന്ന പേരിൽ വിദ്യാഭ്യാസ പാഠ്യപദ്ധതി ‘സദ്യ’ആരംഭിച്ചിരുന്നു.
ഈ വർഷം ഏപ്രിലിൽ നടന്ന ഹ്യൂമൻ കേപ്പബിലിറ്റീസ് ഇനിഷ്യേറ്റീവ് കോൺഫറൻസിനോടനുബന്ധിച്ച് ആരംഭിച്ച പദ്ധതിയുടെ തുടർച്ചയാണിത്.
നിർമ്മിതബുദ്ധി ആശയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടുവെപ്പും കുതിച്ചുചാട്ടവുമാകുമിത്. വികസിത സാങ്കേതിക മേഖലയിൽ അറിവുള്ള തലമുറയെ കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്നു.