സുഡാൻ - സൗദി ബന്ധം ശക്തിപ്പെടുത്താൻ ഏകോപനസമിതി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സുഡാനീസ് സുപ്രീം കൗൺസിൽ ചെയർമാൻ ഫസ്റ്റ് ലഫ്റ്റനൻറ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനെ സ്വീകരിച്ചപ്പോൾ
മക്ക: സുഡാനുമായി സൗദി അറേബ്യ സുഹൃദ്ബന്ധം ശക്തിപ്പെടുത്തും. ഇതിനായി ഏകോപനസമിതി രൂപവത്കരിക്കും. സുഡാനീസ് സുപ്രീം കൗൺസിൽ ചെയർമാൻ ഫസ്റ്റ് ലഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ സൗദി സന്ദർശനത്തിലാണ് ഈ സംഭവവികാസങ്ങൾ മക്കയിലെത്തിയ അദ്ദേഹത്തെ അൽ സഫ കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വരവേറ്റു.
തുടർന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ഇരുവരും സുഡാനിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു.
നിലവിലെ സാഹചര്യവും ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തതിനൊപ്പം അവിടെ സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കുന്നതിനായി നടത്തിയ ശ്രമങ്ങളുടെ അവലോകനവുമുണ്ടായി. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിനുള്ള സാധ്യതകൾ വിശദമായി ചർച്ചചെയ്തു.
വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരു ഏകോപനസമിതി രൂപവത്കരിക്കാൻ ധാരണയായി.
മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ, സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ്, പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദർ ബിൻ ഉബൈദ് അൽ റഷീദ്, സുഡാനിലെ സൗദി അംബാസഡർ അലി ബിൻ ഹസൻ ജാഫർ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.