സൗദിയിലെ സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് വില വർധിച്ചതായി സർവേ റിപ്പോർട്ട്
text_fieldsജിദ്ദ: സൗദി അറേബ്യയിലെ പ്രധാന സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചതായി പുതിയ സർവേ റിപ്പോർട്ട്. 2023 ലെ വിലയെ അപേക്ഷിച്ച് 2024 ൽ വില വർധിച്ചതായാണ് അൽഇഖ്തിസാദിയ പത്രം നടത്തിയ സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.
സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള താരതമ്യത്തിൽ വിലക്കുറവിൽ മുന്നിട്ട് നില്കുന്നത് 'ലുലു', 'അൽ സദാൻ' എന്നിവയാണ്. മാർക്കറ്റിൽ ഏറ്റവുമധികം വിറ്റഴിയുന്ന അരി, കോഴിയിറച്ചി, പാചക എണ്ണ, പഞ്ചസാര, മുട്ട, മൈദ, ചായപ്പൊടി, പാൽപ്പൊടി എന്നിവയുൾപ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് മുൻനിര റീട്ടെയിൽ സ്ഥാപനങ്ങൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന വില താരതമ്യം ചെയ്ത് അൽഇഖ്തിസാദിയയിലെ ഫിനാൻഷ്യൽ അനാലിസിസ് യൂനിറ്റ് ആണ് ഈ കണ്ടെത്തലുകൾ നടത്തിയത്. പ്രൊമോഷനൽ ഓഫറുകൾ ഒഴിവാക്കിയാണ് വില താരതമ്യം നടത്തിയത്.
അവശ്യ സാധനങ്ങൾ ഉൾകൊള്ളുന്ന ഒരു ഭക്ഷ്യ ബാസ്കറ്റിനെ അടിസ്ഥാനമാക്കിയാണ് വിവിധ സൂപ്പർമാർക്കറ്റുകളിൽ വില പരിശോധിച്ചത്. ലുലു ഹൈപ്പർമാർക്കറ്റിലും അൽ സദാനിലും 2023 നേക്കാൾ 2024 ൽ ഏകദേശം ഒരു ശതമാനം വീതം വിലക്കുറവാണ് രേഖപ്പെടുത്തിയത്. ലുലുവിൽ മുമ്പുണ്ടായിരുന്ന ഭക്ഷ്യ ബാസ്കറ്റ് വിലയായ 579 റിയാൽ 2024 ൽ 571 റിയാലായി കുറഞ്ഞു. അൽ സദാനിൽ 599 റിയാലായിരുന്ന ഭക്ഷ്യ ബാസ്കറ്റ് വില 593 റിയാലായും കുറഞ്ഞു. ദനൂബിലും ക്യാരിഫോറിലുമാണ് ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയത്. ദനൂബിലെ ബാസ്കറ്റ് മൂല്യം നേരത്തെ 583 റിയാൽ ആയിരുന്നത് 2024 ൽ 615 റിയാലായും ക്യാരിഫോറിൽ 583 റിയാൽ ഉണ്ടായിരുന്നത് 613 റിയാൽ ആയും വർധിച്ചിട്ടുണ്ട്. ദനൂബിനേക്കാൾ 7.7 ശതമാനം വരെ വിലക്കുറവാണ് ലുലുവിലുള്ളത്. പാണ്ടയിൽ 604 റിയാൽ, തമീമിയിൽ 601 റിയാൽ, അൽ സദാനിൽ 593 റിയാൽ, അൽഒതൈമിൽ 586 റിയാൽ എന്നിങ്ങനെയാണ് മറ്റു സൂപ്പർമാർക്കറ്റുകളിലെ ഭക്ഷ്യ ബാസ്കറ്റ് വിലനിലവാരം. ആഗോള വിപണി മാറ്റങ്ങൾക്കും വില കയറ്റിറക്കങ്ങൾക്കും ഇടയിൽ സ്ഥിരതയുള്ള വില നയങ്ങൾ പാലിക്കുന്നതാണ് ലുലുവിന് നേട്ടമായതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
പ്രധാന സ്റ്റോറുകൾ തമ്മിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 35 റിയാലിലധികം വ്യത്യാസം കാണിക്കുന്നുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, 2.5 കിലോഗ്രാം പാൽപ്പൊടിക്ക് ക്യാരിഫോറിൽ ഏകദേശം 132 റിയാൽ ആയിരിക്കുമ്പോൾ ലുലുവിൽ ഇത് 94 റിയാൽ മാത്രമാണ്. ഏകദേശം 40 ശതമാനം വരെയുള്ള വലിയ വ്യത്യാസമാണത്. കോഴിയിറച്ചിയുടെ വില പാണ്ടയിൽ 178 റിയാൽ ആണ് ഏറ്റവും ഉയർന്ന വില. ക്യാരിഫോറിൽ ഇത് 163 റിയാലും തമീമിയിൽ 166 റിയാലുമാണ്. അൽസദാൻ, ദനൂബ് എന്നിവിടങ്ങളിൽ ഇത് ശരാശരി 170 റിയാലാണ്. അൽഉഥൈമിൽ 158 റിയാൽ ആണ് ഏറ്റവും കുറഞ്ഞ വില.
അരിയുടെ വിലയിലും വ്യത്യാസങ്ങളുണ്ട്. 10 കിലോഗ്രാം ഷാലാൻ അരിക്ക് പാണ്ടയിൽ ഏകദേശം 93 റിയാൽ ആണെങ്കിൽ, ലുലുവിൽ 86 റിയാൽ മാത്രമേ ഉള്ളൂ. അബു കാസ് അരി മറ്റ് സ്റ്റോറുകളിൽ 90 മുതൽ 93 റിയാൽ വരെയാണ്. പഞ്ചസാര, എണ്ണ, മൈദ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ സ്റ്റോറുകൾ തമ്മിലുള്ള വ്യത്യാസം രണ്ടു മുതൽ അഞ്ച് റിയാൽ വരെയാണ്.


