സിറിയൻ-സൗദി നിക്ഷേപ ഫോറം ഡമസ്കസിൽ നടക്കും
text_fieldsറിയാദ്: സൗദിയിലെയും സിറിയയിലെയും ബിസിനസുകാർക്കും നിക്ഷേപകർക്കും ഇരുരാജ്യങ്ങളിലേക്ക് യാത്രാനുമതി ലഭ്യമാണെന്ന് സൗദി നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ ഇരു രാജ്യങ്ങളിലെയും നിക്ഷേപാവസരങ്ങൾ കണ്ടെത്താനും പരസ്പരം സന്ദർശനങ്ങൾ നടത്താനും ബിസിനസുകാർക്കും നിക്ഷേപകർക്കും യാത്ര എളുപ്പമാകും. കൂടാതെ പൊതു, സ്വകാര്യ മേഖലകളുടെ വിശാലമായ പങ്കാളിത്തത്തോടെ ഡമസ്കസിൽ സിറിയൻ-സൗദി നിക്ഷേപ ഫോറം 2025 സംഘടിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചു.
സഹകരണ അവസരങ്ങൾ കണ്ടെത്താനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെ ജനതയുടെ താൽപര്യങ്ങൾ നിറവേറ്റുന്നതിനുമുള്ള കരാറുകളിൽ ഒപ്പുവെക്കാനും ഫോറം ലക്ഷ്യമിട്ടാണിത്. സിറിയയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഇതിന് പിന്നിൽ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ തീരുമാനങ്ങൾ സിറിയയുടെ സ്ഥിരതക്കും സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കലിനും ജനങ്ങളുടെ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന നൽകും.
സിറിയയെ പിന്തുണക്കുന്നതിന് സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിറിയയിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള കമ്പനികളെ കണ്ടെത്തി നിരവധി വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചുകൊണ്ട് സൗദി സ്വകാര്യ മേഖലയെ സജീവമാക്കുന്നതിനും ശാക്തീകരിക്കുന്നതിനും നടപടികൾ ആരംഭിച്ചതായും നിക്ഷേപ മന്ത്രാലയം പറഞ്ഞു.
യാത്രാനുമതിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സൗദി നിക്ഷേപകർ വെബ്സൈറ്റ് സന്ദർശിക്കണം. സിറിയൻ നിക്ഷേപകർ സിറിയയിലെ സൗദി എംബസി വഴിയാണ് അപേക്ഷിക്കേണ്ടത്. ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് ലഭ്യമായ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഉത്തേജിപ്പിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു.
സിറിയയിലെ എല്ലാ മേഖലകളിലും സൗദി ബിസിനസുകാർക്ക് ഇപ്പോൾ നിക്ഷേപം നടത്താൻ കഴിയുമെന്ന് സിറിയയിലെ സൗദി അംബാസഡർ ഡോ. ഫൈസൽ അൽ മജ്ഫാൻ പറഞ്ഞു. നിക്ഷേപ ഫോറം ഇരു കക്ഷികൾക്കും വിശാലമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.