സിസ്റ്റം അപ്ഡേഷൻ ഇന്ത്യൻ എംബസി വഴിയുള്ള ഫൈനൽ എക്സിറ്റ് നടപടികൾക്ക് താൽക്കാലിക തടസ്സം
text_fieldsജുബൈൽ: തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട സിസ്റ്റം അപ്ഡേഷൻ നടക്കുന്നതിനാൽ ഇന്ത്യൻ എംബസി വഴി ഇഖാമ കാലാവധി കഴിഞ്ഞവരുടെ ഫൈനൽ ഏക്സിറ്റ് വിസ ഇഷ്യൂ ചെയ്യുന്നതിൽ താൽക്കാലിക തടസ്സം നേരിടുന്നു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമാം, ഖോബാർ, ജുബൈൽ എന്നിവിടങ്ങളിൽ ഇഷ്യൂ ചെയ്യപ്പെട്ട ഇഖാമകളുടെ കാര്യത്തിലാണ് നിലവിൽ ഈ സാങ്കേതിക പ്രശ്നമുള്ളത്. നേരത്തെ റിയാദ് പരിധിയിൽ ഇഷ്യൂ ചെയ്ത ഇഖാമകളുടെ കാര്യത്തിലും ഈ പ്രശ്നമുണ്ടായിരുന്നെങ്കിലും ഒരാഴ്ചയായി തടസ്സം മാറി നടപടിക്രമങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.
ഇഖാമ കാലാവധി കഴിഞ്ഞ് നാട്ടിൽ പോകാൻ പ്രായസപ്പെടുന്ന പ്രവാസികൾക്ക് പിഴയോ മറ്റു ശിക്ഷാനടപടികളോ ഒന്നുമില്ലാതെ ഫൈനൽ എക്സിറ്റ് ലഭ്യമാക്കാൻ ഇന്ത്യൻ എംബസിയും സൗദി തൊഴിൽ മന്ത്രാലയവും സഹകരിച്ച് കഴിഞ്ഞ എട്ടു വർഷമായി നടപ്പാക്കി വരുന്ന സംവിധാനമാണിത്. എംബസിയുടെ http://www.eoiriyadh.gov.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്താണ് ഫൈനൽ എക്സിറ്റിനുള്ള അപേക്ഷ നൽകേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയായാൽ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇഖാമ ഇഷ്യൂ ചെയ്യപ്പെട്ട ഭൂപരിധിയിലുള്ള ലേബർ ഓഫീസുമായി എംബസി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കും. ലേബർ ഓഫീസിനെയോ ജവാസത്തിനെയോ നേരിട്ട് സമീപിക്കാതെ ഫൈനൽ എക്സിറ്റ് നേടാനുള്ള സൗകര്യമാണ് ഇത്.
എക്സിറ്റ് വിസ ഇഷ്യൂ ആയാൽ ആ വിവരം മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് ആയി എത്തും. വർഷങ്ങളായി പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്ന ഈ പ്രക്രിയയാണ് രണ്ടു മാസത്തോളമായി അനിശ്ചിതത്വത്തിലായത്.
ഒരാഴ്ചയായി റിയാദ് പരിധിയിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട സിസ്റ്റം അപ്ഡേഷൻ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചെങ്കിലും താമസിയാതെ തന്നെ നടപടികൾ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസി ലേബർ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ ആഷിഖ് തളയൻ കണ്ടി അറിയിച്ചതായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.