Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിനിമാ വിപണിക്ക്...

സിനിമാ വിപണിക്ക് കരുത്തായി 12-ാംമത്​ സൗദി ചലച്ചിത്രോത്സവം തുടരുന്നു

text_fields
bookmark_border
സിനിമാ വിപണിക്ക് കരുത്തായി 12-ാംമത്​ സൗദി ചലച്ചിത്രോത്സവം തുടരുന്നു
cancel
camera_alt

സൗദി ചലച്ചിത്രോത്സവത്തിൽ സിനിമാ അസോസിയേഷൻ ചെയർമാൻ ഡോ. അബ്​ദ​ുൽ റഹ്​മാൻ അൽ ഗന്നം സംസാരിക്കുന്നു

ദമ്മാം: ചലച്ചിത്ര മേഖലക്ക് പുതിയ ഉണർവും കരുത്തും പകർന്നുനൽകി സൗദി ചലച്ചിത്രോത്സവത്തി​െൻറ 12-ാം പതിപ്പ് പ്രൗഢിയോടെ തുടരുന്നു. ജൂൺ 26-ന്​ ദഹ്​റാനിലെ കിങ്​ അബ്​ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്ര) തുടക്കമിട്ട മേള ജൂലൈ രണ്ടിനാണ് സമാപിക്കുന്നത്. സൗദിയിലെ പ്രഗത്ഭരായ ചലച്ചിത്ര പ്രവർത്തകരുടെയും സാംസ്കാരിക നായകരുടെയും സാന്നിധ്യത്തിൽ, സൗദി സിനിമാ കമീഷ​െൻറ പിന്തുണയോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

‘എല്ലാ കഥയും ഒരു യാത്രയാണ്’ എന്ന പ്രമേയത്തിൽ ഒരുക്കിയ മനോഹരമായ വേദിയിൽ വെച്ച് പ്രശസ്ത നടൻ ഫൈസൽ അൽ ദൗഖിയും മാധ്യമപ്രവർത്തക സോഹ അൽ വാളും ചേർന്നാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. മറം അൽ ഖൽദി സംവിധാനം ചെയ്ത ‘കിങ്​ ഓഫ് ദി ഷോൾഡേഴ്‌സ്’ എന്ന സൗദി ഹ്രസ്വ ഡോക്യുമെൻററിയാണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്.

പ്രശസ്​ത സംവിധായികയും നിർമാതാവുമായ ഹൈഫ അൽ മൻസൂർ സംസാരിക്കുന്നു

സൗദി സിനിമയുടെ വളർച്ചക്കും ചലച്ചിത്ര പ്രവർത്തകർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും സംവദിക്കാനുമുള്ള വിശാലമായ വേദിയൊരുക്കുന്നതിലും ഈ മേള വലിയ പങ്കുവഹിക്കുന്നതായി ‘ഇത്ര’ ഡെപ്യൂട്ടി ഫെസ്​റ്റിവൽ ഡയറക്ടറും സാംസ്കാരിക ഉപദേഷ്​ടാവുമായ താരിഖ് ഖവാജി, സിനിമാ അസോസിയേഷൻ ചെയർമാൻ ഡോ. അബ്​ദുൽ റഹ്​മാൻ അൽ ഗന്നം എന്നിവർ വ്യക്തമാക്കി.

ഈ മേളയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ ഇതിനകം ലോകമെമ്പാടുമുള്ള 162 അന്താരാഷ്​ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഹൈഫ അൽ മൻസൂറിന് ആദരം

അറബ്-അന്തർദേശീയ ചലച്ചിത്ര മേഖലകളിൽ സൗദി സിനിമക്ക് കൃത്യമായ മേൽവിലാസം നേടിക്കൊടുത്ത പ്രശസ്ത സൗദി ചലച്ചിത്ര നിർമാതാവും സംവിധായികയുമായ ഹൈഫ അൽ മൻസൂറിനെ ചടങ്ങിൽ ആദരിച്ചു. സൗദി, അറബ് സിനിമകളിലെ ഏറ്റവും ശ്രദ്ധേയ വ്യക്തിത്വങ്ങളിൽ ഒരാളായ അവർ 1997-ൽ പുറത്തിറങ്ങിയ ‘ആരാണ്?’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് കരിയർ ആരംഭിച്ചത്. തുടർന്ന് 2012-ൽ ‘വാജ്ദ’ എന്ന ഫീച്ചർ ഫിലിമിലൂടെ രാജ്യാന്തര തലത്തിൽ വലിയ അംഗീകാരം നേടി. സൗദി സിനിമാ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

കൊറിയൻ സിനിമകൾ

മേളയുടെ 12-ാം പതിപ്പിലേക്ക് 249 സിനിമകളും 65 പ്രൊഡക്ഷൻ മാർക്കറ്റ് പ്രോജക്ടുകളും ഉൾപ്പെടെ ആകെ 314 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും ഔദ്യോഗിക മത്സരവിഭാഗത്തിലേക്ക് 27 സിനിമകൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സമാന്തര പ്രദർശനങ്ങളിലെ ആറ് സിനിമകൾക്കൊപ്പം, 15-ലധികം രാജ്യങ്ങളിൽ നിന്നുള്ള 50-ഓളം ചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദർശിപ്പിക്കുന്നുണ്ട്.

ആഗോള സിനിമാ അനുഭവങ്ങൾ പരസ്പരം കൈമാറുന്നതി​െൻറ ഭാഗമായി, കഴിഞ്ഞ പതിപ്പുകളിൽ ഇന്ത്യൻ, ജാപ്പനീസ് സിനിമകളെയാണ് മേള ആഘോഷിച്ചിരുന്നത്. എന്നാൽ ഇത്തവണ ബുസാൻ ഇൻറർനാഷനൽ ഷോർട്ട് ഫിലിം ഫെസ്​റ്റിവലുമായി സഹകരിച്ച് ‘സ്പോട്ട്ലൈറ്റ് ഓൺ കൊറിയൻ സിനിമ’ എന്ന പ്രത്യേക വിഭാഗവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈജ്ഞാനിക പരിപാടികൾ

ചലച്ചിത്ര പ്രവർത്തകർക്കായി വൈവിധ്യമാർന്ന സാംസ്കാരിക-പ്രഫഷനൽ പരിപാടികളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പ്രത്യേക സെമിനാറുകൾ, മാസ്​റ്റർ ക്ലാസുകൾ, പരിശീലന കളരികൾ (വർക്ക്‌ഷോപ്പുകൾ), സൗദി സിനിമാ എൻസൈക്ലോപീഡിയയിൽ നിന്നുള്ള പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സിനിമാ നിർമാണം, സംവിധാനം, എഡിറ്റിങ്​, ചലച്ചിത്ര നിരൂപണം, ഫെസ്​റ്റിവൽ പ്രോഗ്രാമിങ്​, പ്രോജക്റ്റ് വികസനം തുടങ്ങിയ മേഖലകളിലെ അന്താരാഷ്​ട്ര വിദഗ്ധരുമായി ചലച്ചിത്ര നിർമാതാക്കൾക്ക് നേരിട്ട് സംവദിക്കാനുള്ള ‘മീറ്റ് ദി എക്സ്പെർട്ട്സ്’ പ്രോഗ്രാമും ഇത്തവണത്തെ പ്രധാന ആകർഷണമാണ്.

ചലച്ചിത്ര വ്യവസായത്തിലെ ആധുനിക പരിവർത്തനങ്ങൾ, സിനിമാ നിർമാണത്തിനുള്ള പിന്തുണയും ധനസഹായവും, കൊറിയൻ സിനിമയും സൗദി പ്രേക്ഷകരും തമ്മിലുള്ള ബന്ധം, ബോക്സ് ഓഫീസിലെ സൗദി സിനിമകളുടെ പ്രകടനം, കുറഞ്ഞ ബജറ്റിലുള്ള ചലച്ചിത്ര നിർമാണത്തി​െൻറ പ്രായോഗിക അനുഭവങ്ങൾ തുടങ്ങിയ സമകാലിക വിഷയങ്ങളാണ് മേളയിലെ സെമിനാറുകളിൽ ചർച്ച ചെയ്യുന്നത്.

Show Full Article
TAGS:Saudi Film Festival film industry entertainment 
News Summary - The 12th Saudi Film Festival continues, boosting the cinema market
Next Story