വിസ്മയമായി അൽ ലൈത്തിലെ ‘ചൂടരുവി’
text_fieldsഅൽ ലൈത്തിലെ ചൂടുവെള്ളമൊഴുകുന്ന അരുവി
ജിദ്ദ: തിളച്ച വെള്ളം ഉറവപൊട്ടി വരുക, അതൊരു അരുവിയായി ഒഴുകുക. പ്രകൃതിയുടെ ഈ അത്ഭുത പ്രതിഭാസം മക്ക മേഖലയിലെ അൽ ലൈത്ത് എന്ന സ്ഥലത്താണ്. ജിദ്ദയിൽനിന്ന് ജിസാനിലേക്കുള്ള റോഡിൽ 250 കിലോമീറ്റർ അകലെയാണ് ഈ അപൂർവ കാഴ്ച. മരുഭൂമിയിൽനിന്നും പ്രവഹിക്കുന്ന ചുട്ടുപൊള്ളുന്ന നീരുറവിന് 80 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ്. ശരീരത്തിന് ആവി പിടിക്കാനും ചുടുവെള്ളത്തിലൊന്ന് നീരാടാനും സ്വദേശികളും വിദേശികളുമായ ധാരാളം ആളുകൾ ഇവിടെ ദിവസവും എത്തുന്നുണ്ട്.
ഇക്കഴിഞ്ഞ പെരുന്നാൾ അവധി ദിനങ്ങളിൽ സന്ദർശകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അൽ ലൈത്തിൽനിന്നും 48 കിലോമീറ്റർ കിഴക്കുള്ള ഗാമിക സെന്ററിലെ ‘അൽ മാ അൽ ഹാർ’ എന്ന ഗ്രാമത്തിലാണ് ഈ ചുടു നീരുറവ. ഇപ്പോൾ ഇതൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായി മാറിയിട്ടുണ്ട്. സമുദ്ര നിരപ്പിൽനിന്ന് 165 മീറ്റർ ഉയരമുള്ള പ്രദേശത്ത് 19 ഉറവുകളുണ്ടെന്നാണ് കണക്ക്. കാൽസ്യം, സോഡിയം ബയോ കാർബൊണെറ്റ്, ഫോസ്ഫറസ് തുടങ്ങിയ പദാർഥങ്ങളുടെ അളവ് ഇവിടുത്തെ ജലത്തിൽ കൂടുതലാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിട്ടുള്ളതായി അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പഴയ കാല അഗ്നിപർവത പ്രദേശങ്ങളായിട്ടാണ് ഈ മേഖലകൾ അറിയപ്പെടുന്നത്. അത് കൊണ്ടാവാം ഈ അസ്വാഭാവികമായ പ്രതിഭാസമെന്നാണ് വിലയിരുത്തൽ. സൗദിയുടെ 10 പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ചൂടുവെള്ള പ്രതിഭാസം ഉണ്ടത്രെ. അൽ ലൈത്തിലെ ചൂടരുവിയുടെ ഇരുവശവും കല്ലുകൾ കൊണ്ട് ഭിത്തി ഒരുക്കി ഭംഗിയാക്കിയിട്ടുണ്ട്. 400 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ തടികൊണ്ട് നിർമിച്ച ഇരിപ്പിടങ്ങൾ, കുളിക്കുന്നതിനുള്ള ഏഴു മുറികൾ, അരുവിയോട് ചേർന്ന് നീന്തൽക്കുളം, കുട്ടികളുടെ ഉല്ലാസ കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ചൂടുവെള്ളമൊഴുകുന്ന ഉറവയിൽനിന്നുള്ള കുളിയും ആവിപിടുത്തവുമൊക്കെ പല ചർമരോഗങ്ങൾക്കുമുള്ള ചികിത്സയായി കണക്കാക്കിയാണ് പലരും ഇവിടെയെത്തുന്നത്. വാതരോഗത്തിനും മറ്റും ഇവിടുത്തെ സ്നാനം ഏറെ ഗുണംചെയ്യുമെന്ന് ചില അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സന്ദർശകർക്ക് ആവി പിടിക്കാനും ‘സ്റ്റീം ബാത്ത്’ നടത്താനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതും പ്രകൃതി രമണീയമായ കാഴ്ചകളും ഇങ്ങോട്ട് സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണെന്ന് പെരുന്നാൾ അവധിയിൽ യാംബുവിൽനിന്ന് സുഹൃത്തുക്കളോടൊപ്പം പ്രദേശം സന്ദർശിച്ച നസീഫ് മാറഞ്ചേരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.