മഞ്ഞുകാലത്തെ യൂറോപ്പ് പോലെ അസീർ മേഖല
text_fieldsകഴിഞ്ഞ ദിവസം പെയ്ത പേമാരിയിൽ പൊഴിഞ്ഞ ആലിപ്പഴം കൊണ്ട് നിറഞ്ഞ അസീർ മേഖല
അസീർ: മഴയും ആലിപ്പഴ വർഷവും കൊടുങ്കാറ്റും നിറഞ്ഞുനിന്ന അപൂർവ ശൈത്യകാലനുഭവത്തിന് സൗദി തെക്കൻ പ്രവിശ്യയായ അസീർ സാക്ഷിയായി. ദിവസങ്ങൾക്ക് മുമ്പ് മേഖലയിലൂടെ കൊടുങ്കാറ്റ് വീശിയടിക്കുകയും കനത്ത മഴയും വലിയ ആലിപ്പഴ വർഷവുമുണ്ടാവുകയും ചെയ്തു.
ഇത് അസീർ പ്രദേശവാസികൾക്കും സന്ദർശകർക്കും അപൂർവവും ഹൃദ്യവുമായി കാഴ്ചവിരുന്നൊരുക്കി. മഞ്ഞുറഞ്ഞുകിടക്കുന്ന ശീതകാല യൂറോപ്പിലെത്തിയപോലൊരു അനുഭവം ആളുകൾക്ക് പകർന്നുനൽകി.
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം അബഹയെയും ഉയർന്ന പരിസര പ്രദേശങ്ങളെയും വിസ്മയകരമായ ശൈത്യകാല കാഴ്ചയിലേക്ക് പരിവർത്തിപ്പിച്ചു.
അൽ സൗദ, തബ്ബബ്, ബിലാഹ്മർ, ഖാമീസ് മുഷൈത്ത്, അഹദ് റാഫിദ, സറാത് അബിദ, അൽ ഹറാജ, തനൂമ, അൽ നമാസ്, ബൽഖർൺ എന്നിവയുൾപ്പെടെ നിരവധി ഭാഗങ്ങളിലായിരുന്നു കൊടുങ്കാറ്റ് വീശിയടിച്ചത്. സാധാരണ പകൽ സമയങ്ങളിൽ സൂര്യപ്രകാശത്തിൽ തിളങ്ങുന്ന പർവതശിഖരങ്ങളും റോഡുകളും ആലിപ്പഴം കൊണ്ട് മൂടപ്പെട്ടു. തുറസ്സായ സ്ഥലങ്ങളിലും ഉയർന്ന പർവതശിഖരങ്ങളിലും മഞ്ഞുപോലെ വെളുത്ത ആലിപ്പഴം പകൽ മുഴുവൻ പെയ്തുകൊണ്ടിരുന്നു. വെള്ള പുതച്ച റോഡുകളുടെയും ഉയർന്ന പ്രദേശങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് നിറഞ്ഞു. അപൂർവ സംഭവത്തിന് സാക്ഷ്യംവഹിക്കാനും പകർത്താനും പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ താമസ സ്ഥലത്തുനിന്ന് പുറത്തേക്ക് ഒഴുകി.
അതേസമയം കൊടുങ്കാറ്റിന്റെ അപകടത്തെപ്പറ്റി പ്രാദേശിക അധികാരികൾ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യത അവർ ചൂണ്ടിക്കാട്ടി. കനത്ത മഴയും കനത്ത ആലിപ്പഴ വർഷവും ദൃശ്യപരത കുറക്കുകയും യാത്രക്കാർക്കും ഡ്രൈവർമാർക്കും ചെറിയ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പ്രകൃതിയുടെ പ്രവചനാതീതമായ സൗന്ദര്യത്തെക്കുറിച്ചും അത്തരം അപൂർവവും തീവ്രവുമായ സാഹചര്യങ്ങളെ നേരിടുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ അസാധാരണ കാലാവസ്ഥാ വ്യതിയാനം ശ്രദ്ധേയമായ ഓർമപ്പെടുത്തലായി.