ആഘോഷ ശൈലി മാറുന്നു; യാത്രകളും വിനോദപരിപാടികളുമായി പ്രവാസികൾ ആഘോഷത്തിമിർപ്പിൽ
text_fieldsസൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്ന് പെരുന്നാൾ ആഘോഷിക്കാൻ ജോർജിയ തലസ്ഥാനമായ
തിബിലിസിൽ എത്തിയ മലയാളി സംഘം
റിയാദ്: പ്രവാസികളുടെ ജീവിതശൈലിയിൽ മാറ്റം പ്രതിഫലിക്കുന്നു. ജീവിതത്തിന്‍റെ സിംഹഭാഗവും ചെലവിടുന്ന വിദേശരാജ്യത്ത് ആഘോഷപൂർവം ജീവിക്കാൻ തീരുമാനിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോൾ പ്രവാസലോകത്ത് പ്രകടമാകുന്നത്. അവധിദിവസങ്ങളിൽ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന മലയാളികൾ ഇപ്പോൾ വിനോദസഞ്ചാരയാത്രകളിലും വിനോദപരിപാടികളിലും ആസ്വാദ്യത കണ്ടെത്തുകയാണ്. പെരുന്നാളിന്‍റെ അവധിദിനങ്ങളിൽ ഇപ്പോൾ പ്രവാസലോകത്തെ താമസസ്ഥലങ്ങളിൽ ബിരിയാണി വെച്ചുണ്ടാക്കി കഴിച്ച് ഉറങ്ങി തീർക്കുന്ന ശീലങ്ങൾ മാറ്റി പുറത്തിറങ്ങി ലോകം കാണുന്നതിലേക്ക് പടരുകയാണ് ആളുകൾ. ഇത്തവണ സൗദി അറേബ്യയിൽ അരങ്ങേറിയ വിനോദപരിപാടികളിൽ പങ്കുകൊണ്ടും വിദേശരാജ്യങ്ങളിലേക്ക് വിനോദയാത്രകൾ നടത്തിയുമാണ് മലയാളി പ്രവാസികളിൽ നല്ലൊരു പങ്കും പെരുന്നാൾ ആഘോഷിച്ചത്.
ആയിരക്കണക്കിന് മലയാളികളാണ് ഈ വർഷം പെരുന്നാൾ അവധിക്കാലം വിദേശ രാജ്യങ്ങളിൽ ചെലവിടാൻ സൗദിയിൽനിന്ന് തിരിച്ചത്. സൗദിയോട് അതിർത്തി പങ്കിടുന്ന ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടുംബത്തോടൊപ്പവും ബാച്ചിലർ സംഘങ്ങളായും റോഡ് മാർഗം യാത്രചെയ്തവരാണ് കൂടുതലും. ഈ രാജ്യങ്ങളിലേക്കെല്ലാം സൗദിയിൽ താമസരേഖയായ ഇഖാമയുള്ള ഇന്ത്യക്കാർക്ക് ഓൺലൈനായും ഓൺ അറൈവലായും വിസ സംഘടിപ്പിക്കുക എളുപ്പമാണ്. ഏറ്റവും ചെലവ് കുറഞ്ഞതും യാത്രക്ക് എളുപ്പമുള്ളതുമായ രാജ്യം എന്ന നിലയിൽ ബഹ്‌റൈനാണ് സൗദി പ്രവാസികൾ ആദ്യം തെരഞ്ഞെടുക്കുന്നത്. ബഹ്‌റൈൻ കോസ് വേയുടെ കണക്കുപ്രകാരം പെരുന്നാളിന് അതിർത്തി കടന്ന വാഹനങ്ങളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ഉണ്ടായിട്ടുള്ളത്. അതിലൊരു വലിയ വിഭാഗം മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളാണ്.
യു.എ.ഇയിലേക്ക് പോകുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. അവധിക്കാലം അത്ഭുതങ്ങളുടെയും ആഘോഷങ്ങളുടെയും നഗരമായ ദുബൈയിൽ ചെലവിടാൻ സൗദിയിൽനിന്ന് പുറപ്പെട്ട കുടുംബങ്ങളുടെയും ബാച്ചിലർമാരുടെയും എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. നേരത്തേ ഇന്ത്യക്കാർക്ക് സൗദി ഇഖാമയിൽ ഉന്നത ജോലി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഓൺ അറൈവൽ വിസ ലഭിച്ചിരുന്നു. എന്നാൽ, ആ സംവിധാനം നിർത്തലാക്കിയതോടെ യാത്രക്കു മുമ്പേ വിസ നേടണം. ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഇന്ത്യക്കാർക്ക് മണിക്കൂറുകൾക്കകം യു.എ.ഇ വിസ ലഭിക്കും. സൗദിയിൽനിന്ന് ഖത്തറിലേക്കും കുവൈത്തിലേക്കും പ്രധാനമായും സൗദി പ്രവാസികൾ യാത്രതിരിക്കുന്നത് കുടുംബങ്ങളെയും ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും കാണാനും വിവിധ കൂട്ടായ്മകൾ സംഘടിപ്പിച്ച ഒത്തുചേരലുകളിൽ പങ്കെടുക്കാനുമാണ്.
അവിടങ്ങളിലെ ചരിത്രപ്രദേശങ്ങൾ കാണാനും സംസ്കാരം അറിയാനും പോകുന്നവരും കുറവല്ല. ഇതിനെല്ലാം പുറമെ ജോർജിയ, അസർബൈജാൻ, അർമീനിയ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കും ഷെങ്കൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും മലയാളികൾ ധാരാളമായി യാത്രചെയ്യുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിൽ നിന്ന് റിയാദ് ഉൾപ്പെടെയുള്ള സൗദി നഗരങ്ങളിലേക്ക് കുടുംബങ്ങളെയും സുഹൃത്തുക്കളെയും തേടി ഗൾഫ് രാജ്യങ്ങളിൽനിന്നെത്തുന്നവരുമുണ്ട്. മുൻകൂട്ടി തയാറാക്കിയ പ്ലാൻ അനുസരിച്ച് സൗദിയിലെ ചരിത്രപ്രധാന സ്ഥലങ്ങളിലും വിനോദനഗരങ്ങളിലും അവരെ കൊണ്ടുപോയി ആഘോഷിക്കാനും ഹൃദ്യമായ ആതിഥേയത്വം ഉറപ്പിക്കാനും സൗദി പ്രവാസികൾ മുൻനിരയിലാണ്.
അബഹ, അൽബഹ, അൽഉല, മദാഇൻ സാലിഹ്, റിയാദിലെ എഡ്ജ് ഓഫ് ദ വേൾഡ്, ദറഇയ ഉൾപ്പടെയുള്ള ചരിത്ര വിനോദ മേഖലകളിലേക്കുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. സൗദി തലസ്ഥാന നഗരത്തിൽ അരങ്ങേറിയ റിയാദ് സീസൺ, മിഡിൽ ബീസ്റ്റ്, ഫോർമുല വൺ കാറോട്ട മത്സരം തുടങ്ങിയ പരിപാടികൾ വൻ വിലക്കുള്ള ടിക്കറ്റ് വാങ്ങി ആസ്വദിച്ചവരിൽ മലയാളികൾ കുറവല്ല. ഏറ്റവും മികച്ച റെസ്റ്റാറന്‍റുകളിൽ കയറി രുചിയുടെ വൈവിധ്യങ്ങൾ അനുഭവിക്കാനും ഇതര രാജ്യങ്ങളുടെ ഭക്ഷണ സംസ്കാരങ്ങൾ അറിയുന്നതിനും ചെലവേറിയ പരീക്ഷണങ്ങൾ നടത്തുന്നതിന് മലയാളികളിപ്പോൾ ഒരു പടി മുന്നിലാണ്. അറബികളെപ്പോലെ മുന്തിയ ഇനം ഊദ് പൂശാനും മികച്ച ബ്രാൻഡുകളുടെ വസ്ത്രങ്ങൾ ഉപയോഗിക്കാനും വിദേശ മലയാളിക്കിപ്പോൾ പിശുക്കില്ല. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ജീവിതശൈലി അടിമുടി മാറുകയാണ്. രാജ്യത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളോടൊപ്പം പ്രവാസികളുടെ ജീവിതശൈലി മാറുന്നതിന്‍റെ പോസിറ്റിവായ സൂചനകളാണ് ഇതെല്ലാം.