മീഡിയവൺ സൂപ്പർ കപ്പ്; ജേതാക്കളായ പ്രവാസി സോക്കറിന്റെ പട നയിച്ചത് ക്യാപ്റ്റൻ ആരിഫ് മജീദ്
text_fieldsമീഡിയവൺ സൂപ്പർ കപ്പിൽ പ്രവാസി ക്യാപ്റ്റൻ ആരിഫിന്റെ പ്രതിരോധം
റിയാദ്: മീഡിയവൺ സൂപ്പർ കപ്പ് ജേതാക്കളായ പ്രവാസി സോക്കർ സ്പോർട്ടിങ്ങിനെ പരാജയമറിയാതെ വിജയക്കുതിപ്പിലേക്ക് നയിച്ചത് ക്യാപ്റ്റൻ ആരിഫ്. ടീമിന് വേണ്ടി ഫൈനലിന്റെ രണ്ടാം പകുതിയിൽ ചാമ്പ്യൻ പദവി ഉറപ്പിച്ച മനോഹരമായ ഗോൾ ഹെഡറിലൂടെ നേടി ആരിഫ് ടീമിന് കിരീടം ഉറപ്പാക്കുകയും ഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആരിഫിന്റെ പ്രയാണം അദ്ദേഹത്തിന്റെ പ്രതിരോധത്തിലെ വഴങ്ങാത്ത മികവാണ്. ടീമംഗങ്ങൾക്കും ആരാധകർക്കുമിടയിൽ ഒരുപോലെ ‘ചൈനയുടെ മതിൽ’ എന്ന വിശേഷണം നേടിക്കൊടുത്തു.കളി മനസ്സിലാക്കാനും ആക്രമണങ്ങളെ തടയാനും സമയോചിതമായ തന്ത്രങ്ങൾ നടപ്പാക്കാനുമുള്ള ആരിഫിന്റെ കഴിവ് അദ്ദേഹത്തെ പ്രവാസി സോക്കർ ക്ലബിന്റെ പ്രതിരോധത്തിലെ പ്രധാനിയാക്കി മാറ്റി.
മീഡിയവൺ സൂപ്പർ കപ്പ് സീസൺ 2 കിരീടവുമായി പ്രവാസി സോക്കർ സ്പോർട്ടിങ് ക്ലബ് റിയാദ്
മൈതാനത്തെ അദ്ദേഹത്തിന്റെ കമാൻഡിങ് സാന്നിധ്യം ടീമിന് മുഴുവൻ ആത്മവിശ്വാസം നൽകി. ആരിഫിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പ്രതിരോധ കോട്ട തകർക്കാൻ എതിരാളികൾ പാടുപെട്ടു. എതിരാളികളുടെ ഏറ്റവും ശക്തമായ ആക്രമണങ്ങളെപ്പോലും പരാജയപ്പെടുത്തി പ്രതിരോധനിരയെ കൃത്യതയോടെ മാർഷൽ ചെയ്ത അദ്ദേഹത്തിന്റെ നേതൃപാടവം പ്രകടമായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ ആരിഫ് കേരളവർമ കോളജ് ടീമിനും പാലക്കാട് അണ്ടർ 21 ടീമിനും വേണ്ടി കളിച്ചിട്ടുണ്ട്.അൽ മദീന ചെർപ്പുളശ്ശേരി, സോക്കർ സ്പോർട്ടിങ് ഷൊർണൂർ എന്നീ ക്ലബുകൾക്ക് വേണ്ടിയും ആരിഫ് ബൂട്ടണിഞ്ഞിട്ടുണ്ട്.
റിയാദിൽ അൽഫൽവ റെഡി മിക്സ് കമ്പനിയിൽ എച്ച്.എസ്.ഇ ഓഫിസറായാണ് ജോലി ചെയ്യുന്നത്. ആരിഫ് മജീദ് (ക്യാപ്റ്റൻ, സ്റ്റോപ്പർ ബാക്ക്), അൻഷാദ്, തൻസീം (വിങ് ബാക്ക്), തസ്ലീം, ശഫാഹത്തുല്ല, മുഹമ്മദ് ആഷിഖ് (ഫോർവേഡ്), അബ്ദുല്ലത്തീഫ്, പി.കെ. സജീർ (ഗോൾ കീപ്പർ), അബ്ദുറഹ്മാൻ, സൽമാൻ (ഡിഫൻഡർ), റിൻഷിദ്, ഇഹ്സാൻ (സ്ട്രൈക്കർ), എം.പി. അനസ് (മിഡ് ഫീൽഡ്), മുഹമ്മദ് ഫർഷീൻ (ഫോർവേഡ്) എന്നിവരാണ് പ്രവാസി സോക്കർ സ്പോർട്ടിങ് ടീമംഗങ്ങൾ.ഷബീർ (ടീം മാനേജർ), നൗഷാദ് വേങ്ങര (കോച്ച്), ഹാരിസ് മനമകാവിൽ, നിയാസ് അലി, ഫെബിൻ മേലേവീട്ടിൽ (ടീം സപ്പോർട്ട് സ്റ്റാഫ്സ്) എന്നിവരാണ് അണിയറ ശിൽപികൾ.