ചിരി മറന്ന പൈതൽ
text_fieldsഅൻസർ
അബ്ദുൽസത്താർ
റിയാദ്
വിടരുവാൻ കഴിയാതെ പൂക്കൾ തണുക്കുന്നു,
ചിറക്കറ്റപോലെങ്ങും ശലഭങ്ങൾ തളരുന്നു.
മരവിച്ച ഭൂമിതൻ മടിയിൽ കിടക്കുന്നു,
ദയനീയസാഗര മുഖവുമായൊരു പൈതൽ.
ദുഖത്തിന്നാഴമാമാഴത്തിൽ വീണുവോ
മുന്തിരിക്കണ്ണുകൾ തളിരിളം ചുണ്ടുകൾ.
കണ്ണീരുണങ്ങിയ വരകൾ നിറഞ്ഞുവോ
വാത്സല്യമുത്തം കൊതിക്കുന്ന കവിളുകൾ.
ഓലയ്ക്കാൽ പമ്പരം കടലാസു തോണികൾ,
ഊഞ്ഞാല് കാൽപ്പന്ത് പ്ലാവില തൊപ്പിയും.
കുറിഞ്ഞിപൂച്ചയും കടലാസു പൂക്കളും,
നിെൻറ കുഞ്ഞിളം കൂട്ടിനായ് കാത്തിരിപ്പൂ!
തകർന്ന നിൻ കൈകൾ കാണുന്ന നേരം
തുടിക്കുന്ന ഹൃദയം നിലച്ചുപോകും.
വറ്റിയ കണ്ണുകൾ കൊണ്ടുനീയെത്ര ഹാ!
ദുഖത്തിൻ പെരുമഴ പെയ്തിരിക്കാം..
വേദനക്കൂമ്പാരമുള്ളിൽ പൊതിഞ്ഞെത്ര
സ്വപ്നങ്ങളില്ലാതെ നിദ്രപൂകി.
ഇന്നോളമിതുപോലെ കണ്ടതില്ലെങ്ങു ഞാൻ
ചിരിമറന്നഴലിെൻറ പൈതൽ മുഖം.


