ജനങ്ങളുടെ ഹൃദയം കവർന്ന കിരീടാവകാശിയുടെ ദമ്മാം യാത്ര
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ദമ്മാം അൽ ഖലീജ് കൊട്ടാരത്തിൽ കിഴക്കൻ പ്രവിശ്യയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: അടുത്തകാലത്ത് ലോകത്തിന്റെ ശ്രദ്ധ കവർന്ന രാഷ്ട്രനേതാക്കളിൽ ഒരാളാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. കഴിഞ്ഞ മാസം അദ്ദേഹം നടത്തിയ അമേരിക്കൻ സന്ദർശനം ലോകത്തിന്റെ മുക്കുമൂലകളിലിരുന്ന് തത്സമയം കണ്ടത് നാല് കോടി ജനങ്ങളാണ്. സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് അന്നുണ്ടായത്. അതുപോലൊരു തരംഗം ഇൗ ആഴ്ചയിലുമുണ്ടായി. അത് സൗദിയിലെ ജനങ്ങൾക്കിടയിലായിരുന്നു.
റിയാദിൽനിന്ന് ദമ്മാമിലേക്ക് ജനങ്ങളുടെ മനസ്സ് കവർന്നൊരു യാത്ര കിരീടാവകാശി നടത്തുകയുണ്ടായി. റോഡ് മാർഗം ദമ്മാമിലേക്കും അവിടെനിന്ന് ബഹ്റൈനിലേക്കുമായിരുന്നു ആ യാത്ര.
കിരീടാവകാശി സഞ്ചരിച്ച വാഹനവും അകമ്പടി സേവിച്ച വാഹനങ്ങളും കേവലം റോഡിലൂടെ മാത്രമല്ല ജനങ്ങളുടെ ഹൃദയങ്ങളിൽ കൂടിയാണ് സഞ്ചരിച്ചത്. റിയാദിൽനിന്ന് യാത്ര പുറപ്പെട്ടപ്പോൾതന്നെ ജനങ്ങൾ അത് ഏറ്റെടുത്തു. ഭരണാധികാരികളുടെ സഞ്ചാരവഴികളൊന്നും സാധാരണഗതിയിൽ ജനങ്ങൾ അറിയാറില്ല. എന്നാൽ അതല്ല ഇവിടെ സംഭവിച്ചത്. 400 കിലോമീറ്റർ ദൂരത്തിൽ ദമ്മാമിലേക്ക് കിരീടാവകാശി നടത്തിയ യാത്ര സാധാരണക്കാരായ ജനങ്ങളുടെ മുന്നിലൂടെയായിരുന്നു. അവരത് തങ്ങളുടെ മൊബൈൽ കാമറകളിൽ പകർത്തിയും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടിരുന്നു.
ഭരണാധികാരിയെന്ന നിലയിൽ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സന്ദർശനത്തിനും ബഹ്റൈനിലെ 46ാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാനുമായിരുന്നു കിരീടാവകാശിയുടെ യാത്ര.
ഈ യാത്ര ഒരു ചരിത്രസംഭവം തന്നെയായി മാറിയിരിക്കുകയാണ്. സാധാരണ ഗതിയിൽ റിയാദിലും ജിദ്ദയിലും അപൂർവമായി വടക്കൻ മേഖലയിലെ നിയോമിലും അൽ ഉലയിലും നടക്കാറുള്ള പ്രതിവാര സൗദി മന്ത്രിസഭായോഗത്തിന് ഇത്തവണ ദമ്മാമും വേദിയായി എന്നത് ഒരു പുതിയ ചരിത്രസംഭവമാണ്. അതും ഏറ്റവും സുപ്രധാനമായൊരു മന്ത്രിസഭ യോഗത്തിന് തന്നെ. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റിന് അംഗീകാരം നൽകാനുള്ള മന്ത്രിസഭ യോഗമായിരുന്നു അത്. കിരീടാവകാശിയുടെ അധ്യക്ഷതയിൽ ദമ്മാമിലെ അൽ ഖലീജ് കൊട്ടാരത്തിൽ ആ യോഗം ചേരുേമ്പാൾ അക്ഷരാർത്ഥത്തിൽ ഒരു പുതു ചരിത്രം തന്നെ പിറക്കുകയായിരുന്നു. ഒപ്പം ഒരു വലിയ സന്ദേശവും. രാജ്യത്തിന്റെ ഏത് പ്രവിശ്യയും പ്രദേശവും തുല്യപ്രാധാന്യമുള്ളതാണെന്നും ഭരണകർത്താക്കൾ തുല്യപ്രാധാന്യത്തോടെയാണ് കാണുന്നതെന്നുമുള്ള സന്ദേശം. ഇതോടെ രാജ്യത്തിെൻറ മധ്യപ്രവിശ്യയും പടിഞ്ഞാറൻ പ്രവിശ്യയും വടക്കൻ പ്രവിശ്യയും പോലെ കിഴക്കൻ പ്രവിശ്യയും ഭരണസിരാകേന്ദ്രമായി മാറിക്കഴിഞ്ഞു.
റിയാദിൽനിന്ന് കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലേക്കുള്ള മികച്ച റോഡ് ശൃംഖലയെയും അടിസ്ഥാന സൗകര്യ വികസനത്തിലുള്ള ശ്രദ്ധയെയും സൂചിപ്പിക്കുന്നത് കൂടിയായി കിരീടാവകാശിയുടെ യാത്ര എന്നതാണ് മറ്റൊരു സവിശേഷത. ദമ്മാമിലെ അൽ ഖലീജ് കൊട്ടാരത്തിൽ വെച്ച് കിരീടാവകാശി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ്, ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ബന്ദർ, ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് എന്നിവരുൾപ്പെടെയുള്ള പ്രമുഖരും ഇസ്ലാമിക പണ്ഡിതന്മാരും ഉദ്യോഗസ്ഥരും സാധാരണ പൗരന്മാരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു. അതുമാത്രമല്ല പൊതുജനങ്ങളുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പ്രമുഖരുമായും പൗരന്മാരുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന കിരീടാവകാശിയുടെ പതിവ് രീതിയുടെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച.
ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് നിയുക്തരായ പുതിയ അംബാസഡർമാരുടെ സത്യപ്രതിജ്ഞയും ദമ്മാമിലെ അൽ ഖലീജ് കൊട്ടാരത്തിൽ വെച്ച് കിരീടാവകാശിയുടെ മുമ്പാകെ നടന്നു. കിരീടാവകാശി സൗദി അറേബ്യയിൽ ജനകീയതയുടെ പുതിയ മാതൃകകളാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുമായി അടുത്തിടപഴകാനുള്ള നിരവധി അവസരങ്ങൾ തുറന്നിട്ടുകൊണ്ട് അപ്രതീക്ഷിതമായി ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന രീതിയാണ് കിരീടാവകാശിയുടേത്. അത് അന്യാദൃശ്യമാണ്.


