Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവി​ന്റെ...

യാംബുവി​ന്റെ പ്രിയങ്കരൻ ‘മൊഹി’ വിടവാങ്ങി, സൗദികൾ നെഞ്ചേറ്റിയ പ്രവാസി ഇനി ഓർമ

text_fields
bookmark_border
യാംബുവി​ന്റെ പ്രിയങ്കരൻ ‘മൊഹി’ വിടവാങ്ങി, സൗദികൾ നെഞ്ചേറ്റിയ പ്രവാസി ഇനി ഓർമ
cancel
camera_alt

മൊയ്‌ദീൻ

യാംബു: നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ പരപ്പത്തൊടി മൊയ്‌ദീ​ന്റെ (69) വിയോഗം യാംബുവിലെ സൗഹൃദ ലോകത്ത്​ വേദന പടർത്തി. മലപ്പുറം പെരുമണ്ണ ക്ലാരി ചെട്ടിയാംകിണർ സ്വദേശിയായ അദ്ദേഹം ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് നിര്യാതനായത്. തദ്ദേശീയരായ സൗദി പൗരന്മാരുമായി അദ്ദേഹം പുലർത്തിയിരുന്ന ആഴത്തിലുള്ള സൗഹൃദവും അവർ നൽകിയ സ്നേഹാദരങ്ങളും ഈ വേർപാടിൽ നൊമ്പരമാവുകയാണ്.

മൊയ്തീന് യാത്രയയപ്പ്​ നൽകിയപ്പോൾ ഗൾഫ്​ മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത

യാംബുവിലെ പ്രമുഖ കായിക സംഘടനയായ ‘റദ്‌വ സഊദിയ’ സ്പോർട്സ് ആൻഡ് ഗെയിംസ് ക്ലബിൽ 41 വർഷത്തോളമാണ് മൊയ്‌ദീൻ സേവനമനുഷ്ഠിച്ചത്. സ്വദേശികൾ അദ്ദേഹത്തെ സ്നേഹത്തോടെ ‘മൊഹി’ എന്നാണ് വിളിച്ചിരുന്നത്. ക്ലബി​ന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, അവിടെ കായിക പരിശീലനത്തിനെത്തിയിരുന്ന തലമുറകളുടെ പ്രിയങ്കരനായിരുന്നു. കുട്ടിക്കാലത്ത് ക്ലബിൽ കളിക്കാനെത്തിയിരുന്ന പലരും പിന്നീട് ഉന്നത ഉദ്യോഗസ്ഥരും ക്ലബ് ഭാരവാഹികളുമായി മാറിയെങ്കിലും മൊയ്‌ദീനോടുള്ള ആദരവിൽ മാറ്റമുണ്ടായില്ല. ഒരു വിദേശ തൊഴിലാളി എന്നതിലുപരി ഒരു കുടുംബാംഗത്തെപ്പോലെയാണ് അവർ അദ്ദേഹത്തെ കണ്ടിരുന്നത്.

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മൊയ്ദീന് റദ്​വ ക്ലബ് യാത്രയയപ്പ് നൽകിയപ്പോൾ

2024 ആഗസ്​റ്റിൽ മൊയ്‌ദീൻ പ്രവാസം അവസാനിപ്പിച്ച് മടങ്ങുമ്പോൾ ക്ലബ് നൽകിയ ഹൃദ്യമായ യാത്രയയപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തി​ന്റെ ചിത്രം പതിപ്പിച്ച കേക്ക് മുറിച്ചും, തോളിലേറ്റിയും ഗ്രൗണ്ടിലൂടെ നടത്തിയ പ്രദക്ഷിണം സൗദിയിലെ പ്രാദേശിക മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ വാർത്തയായിരുന്നു. സന്ദർശന വിസയിൽ വീണ്ടും കാണാമെന്ന വാഗ്ദാനം നൽകിയാണ് അദ്ദേഹം പ്രിയപ്പെട്ടവരോട് വിടപറഞ്ഞത്. 23-ാം വയസ്സിൽ ഹാഇലിൽ പ്രവാസം തുടങ്ങിയ അദ്ദേഹം പിന്നീട് യാംബുവിലേക്ക് മാറുകയായിരുന്നു. 41 വർഷവും ഒരേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്തു എന്നത് അദ്ദേഹത്തി​ന്റെ വിശ്വസ്തതയുടെയും അവിടുത്തെ ഉടമകളുമായുള്ള ബന്ധത്തി​ന്റെയും തെളിവാണ്.

പരേതനായ പറപ്പത്തൊടി കുഞ്ഞലവി ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ വെള്ളത്തുമാട്ടിൽ. മക്കൾ: അബ്​ദുൽ ജബ്ബാർ (യാംബു), ജാബിർ (ദുബൈ), ജസീം ഫർസാൻ, ഫർഹാന ജെബിൻ. മരുമക്കൾ: ഷിബിൻ തിരൂർ, ഷമീല വേങ്ങര, ഹസ്ന. സഹോദരങ്ങൾ: മുഹമ്മദ്, സൈദലവി, അസൈനാർ, അഷ്‌റഫ്, ഫക്രുദ്ദീൻ (നാലു പേരും യാംബുവിൽ), ബിയ്യുമ്മു, ഫാത്തിമ, സഫിയ, സൈനബ, സുഹ്റ.


Show Full Article
TAGS:malappuram native sports club Saudi expatriate expatriate life 
News Summary - The expatriate who was cherished by the Saudis is now remembered
Next Story