ഒരുമയുടെ മഹോത്സവം; ‘ഹാർമോണിയസ് കേരള’ നവംബർ 29ന്, ദമ്മാം ഒരുങ്ങുന്നു
text_fieldsദമ്മാം: ഇരുട്ടുപരക്കുന്ന കാലത്ത് സ്നേഹസൗഹൃദങ്ങളുടെ നൂലിഴകളിൽ ഹൃദയങ്ങൾ കൊരുത്ത് ഒരുമയുടെ ചെരാത് കൊളുത്താൻ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ഒരുമയുടെ മഹോത്സവമായ ‘ഹാർമോണിയസ് കേരള’യെ സ്വീകരിക്കാൻ ദമ്മാം ഒരുങ്ങുന്നു. ആദ്യത്തെ ഇന്ത്യൻ അന്താരാഷ്ട്ര ദിനപത്രമായ ഗൾഫ് മാധ്യമം ഗൾഫ് മലയാളികളുടെ നിത്യജീവിതത്തിെൻറ ഭാഗമായതിെൻറ 25ാം വാർഷികാഘോഷത്തിെൻറ ഭാഗമായാണ് ഹാർമോണിയസ് കേരള അരങ്ങേറുന്നത്.
നവംബർ 29ന് ദമ്മാമിലെ ലൈഫ് പാർക്ക് ആംഫി തിയറ്ററിൽ അരങ്ങേറുന്ന ഒരുമയുടെ മഹോത്സവം പ്രതിസന്ധികളിലും ആഘോഷങ്ങളിലും കരംകോർക്കുന്ന മലയാള മാനവികതക്കുള്ള ആദരമായാണ് സമർപ്പിക്കുന്നത്.
അഭിനയത്തികവിൽ വൈവിധ്യ വേഷങ്ങൾകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ചലച്ചിത്രനടൻ ആസിഫലിയും അഭിനയ പ്രതിഭയോടൊപ്പം നിലപാടുകൾ കൊണ്ടും സംസ്കാരിക കേരളത്തിെൻറ പ്രിയപ്പെട്ടവളായി മാറിയ ചലച്ചിത്രനടി നിഖില വിമലും പ്രധാന താരങ്ങളായി എത്തും.
ആലാപന ചാരുതയിൽ വ്യത്യസ്ത കാലങ്ങളിലെ ശ്രോതാക്കൾ ഒരുപോലെ സ്വീകരിച്ച ഗായിക സിത്താര കൃഷ്ണകുമാർ, വേറിട്ട ആലാപന ശൈലിയാൽ ആസ്വാദക ഹൃദയങ്ങളിൽ ഇരിപ്പിടമുറപ്പിച്ച മധു ബാലകൃഷ്ണനും നേതൃത്വം കൊടുക്കുന്ന സംഗീതവിരുന്നാണ് പ്രധാന ആകർഷണം.
ഐഡിയ സ്റ്റാർ സിംഗർ മ്യൂസിക് റിയാലിറ്റി ഷോ വിജയി ശ്രീരാഗ് ഉൾപ്പെടെ യുവഗായകരായ നന്ദ, അരവിന്ദ്, ബൽറാം, ദിഷ തുടങ്ങിയവരും പാട്ടിെൻറ പാലാഴി തീർക്കാൻ അണിനിരക്കും.
അനുകരണ കലയിൽ വ്യത്യസ്ത പാത വെട്ടിത്തുറന്ന മഹേഷ് കഞ്ഞുമോൻ ചിരിയുടെ അലയൊലി തീർക്കും. പ്രശസ്ത അവതാരകനും നടനും റേഡിയോ ജോക്കിയുമായ മിഥുൻ പരിപാടിയുടെ അവതാരകനാവും.
ദമ്മാം ഇതുവരെ കണ്ടിട്ടില്ലാത്ത കലാപ്രകടനങ്ങളുടെ വിസ്മയ വേദിക്കായി അക്ഷമരാവുകയാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ആസ്വാദകർ. ടിക്കറ്റുകൾ വിപണിയിൽ എത്തിയിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയുടെ വിവിധ മേഖലകളിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു. പ്രധാന ഹൈപ്പർ മാർക്കറ്റുകളിലും തിരഞ്ഞെടുത്ത മറ്റ് കേന്ദ്രങ്ങളിലും ടിക്കറ്റ് ലഭ്യമാണ്.