നൂറ്റാണ്ടിന്റെ പോരാട്ടം; ഇടിക്കൂട്ടിലെ ഇടിവീരന്മാർ റിയാദിൽ
text_fieldsറിയാദിലെ വാർത്ത സമ്മേളനത്തിനിടെ കനേലോ അൽവാരസും ടെറൻസ് ക്രോഫോർഡും മുഖാമുഖം, സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാനും സൗദി ബോക്സിങ് ഫെഡറേഷൻ പ്രസിഡന്റുമായ തുർക്കി അൽ ആലുശൈഖ് സമീപം
റിയാദ്: മെക്സിക്കൻ ലോക ചാമ്പ്യൻ കനേലോ അൽവാരസും അമേരിക്കൻ താരം ടെറൻസ് ക്രോഫോർഡും മുഖാമുഖം നിന്നപ്പോൾ റിയാദ് ബോളിവാഡിലെ ബക്കർ അൽ ഷെഡ്ഡി തിയറ്റർ ഇളകി മറിഞ്ഞു. സൂപ്പർ മിഡിൽവെയ്റ്റ് കിരീടത്തിനായുള്ള ‘നൂറ്റാണ്ടിന്റെ പോരാട്ടം’ ബോക്സിങ് മത്സരത്തിന്റെ ഗ്ലോബൽ പ്രസ് ടൂറിന് തുടക്കം കുറിക്കാനാണ് ഇരുവരും റിയാദിലെത്തിയത്. അമേരിക്കയിലെ ലാസ് വെഗാസ് അലീജിയന്റ്സ്റ്റേഡിയത്തിൽ സെപ്തംബർ 13 നാണ് ഈ പോരാട്ടം. ഇടിക്കൂട്ടിലെ ഈ ഇടിവീരന്മാർ ബക്കർ അൽ ഷെഡ്ഡി തിയേറ്ററിലെ വാർത്താസമ്മേളനത്തിന്റെ ഒടുവിൽ മുഖാമുഖം നിന്ന നിമിഷങ്ങളിൽ തിയേറ്ററിലെ ഗാലറികൾ ഇളകി മറിയുകയും ആർത്തുവിളിക്കുകയും ചെയ്തു. ഒരു വാർത്ത സമ്മേളനമാണെന്ന് പോലും മറന്ന് മാധ്യമപ്രവർത്തകർ പോലും ആവേശത്തിലായ നിമിഷങ്ങൾ.
ലാസ് വെഗാസിലെ പോരാട്ടത്തിന് മുമ്പ് ലോകത്താകെ നടക്കുന്ന പ്രമോഷനൽ പരിപാടികളുടെ തുടക്കമായിരുന്നു റിയാദിൽ അരങ്ങേറിയത്. സൗദി അറേബ്യ ബോക്സിങ് ലോകത്തിലെ ഒരു പ്രധാന ആഗോള കളിക്കാരനായി മാറിയിരിക്കുകയാണെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാനും സൗദി ബോക്സിങ് ഫെഡറേഷൻ പ്രസിഡന്റുമായ തുർക്കി അൽ ആലുശൈഖ് പറഞ്ഞു. ആധുനിക ബോക്സിങ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് കനേലോ അൽവാരസും ടെറൻസ് ക്രോഫോർഡും. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇവർ തമ്മിൽ ലാസ് വെഗാസിൽ നടക്കാനിരിക്കുന്നത്. ഇതൊരു ‘ടോം ആൻഡ് ജെറി’ പോരാട്ടം ആയിരിക്കില്ല. സെപ്റ്റംബർ 13ലേത് കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. തുർക്കി അൽ ശൈഖ് കൂട്ടിച്ചേർത്തു. ഈ പോരാട്ടത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ വേദിയൊരുക്കിക്കൊണ്ട് കായിക വിനോദങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് സൗദി അറേബ്യ ചെയ്യുന്നതെന്നും തുർക്കി അൽ ആലുശൈഖ് പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ആഗോള മാധ്യമങ്ങളുടെ വൻ സാന്നിദ്ധ്യം തന്നെയുണ്ടായിരുന്നു.