2027-ൽ ആദ്യ വാണിജ്യ ബഹിരാകാശ നിലയം വിക്ഷേപിക്കും: പ്രഖ്യാപനവുമായി ‘വാസ്റ്റ് സ്പേസ്’
text_fieldsറിയാദിൽ ‘സ്പേസ് ഡെബ്രിസ് കോൺഫറൻസി’ൽ വാസ്റ്റ് സ്പേസ് സി.ഇ.ഒ മാക്സ് ഹൗട്ട് സംസാരിക്കുന്നു
റിയാദ്: ബഹിരാകാശ പശ്ചാത്തല സൗകര്യ വികസന രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ വാണിജ്യ മേഖല ഒരുങ്ങുന്നു. ലോകത്തെ ആദ്യ വാണിജ്യ ബഹിരാകാശ നിലയമായ ‘ഹാവൻ -1’ അടുത്ത വർഷം (2027) ആദ്യ പാദത്തിൽ വിക്ഷേപിക്കുമെന്ന് ‘വാസ്റ്റ് സ്പേസ്’ സി.ഇ.ഒ മാക്സ് ഹൗട്ട് പ്രഖ്യാപിച്ചു. റിയാദിൽ നടന്ന ‘ബഹിരാകാശ അവശിഷ്ടങ്ങൾ സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തി’ൽ (സ്പേസ് ഡെബ്രിസ് കോൺഫറൻസ് 2026) സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐ.എസ്.എസ്) കാലാവധി ഈ ദശകത്തോടെ അവസാനിക്കാനിരിക്കെ, ആഗോള ബഹിരാകാശ രംഗം വാണിജ്യ മാതൃകകളിലേക്ക് മാറുന്നതിന്റെ നിർണായക ഘട്ടമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരേസമയം നാല് ബഹിരാകാശ സഞ്ചാരികൾക്ക് താമസിക്കാൻ കഴിയുന്ന രീതിയിലാണ് ‘ഹാവൻ -1’ രൂപകൽപന ചെയ്തിരിക്കുന്നത്. ശാസ്ത്രീയ ഗവേഷണങ്ങൾ, സാങ്കേതിക പരീക്ഷണങ്ങൾ, വാണിജ്യ ആവശ്യങ്ങൾ എന്നിവയ്ക്കായി പൂജ്യം ഗുരുത്വാകർഷണ സാഹചര്യത്തിലുള്ള മികച്ച സൗകര്യങ്ങൾ നിലയം ഒരുക്കുകയാണ് ലക്ഷ്യം. ബഹിരാകാശ അവശിഷ്ടങ്ങളിൽ നിന്നുള്ള സംരക്ഷണം, കാലാവധി കഴിയുമ്പോൾ സുരക്ഷിതമായി ഭ്രമണപഥത്തിൽ നിന്ന് മാറ്റാനുള്ള സംവിധാനങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
2027 മുതൽ 2030 വരെയുള്ള കാലയളവിൽ നാല് പ്രധാന ദൗത്യങ്ങളിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025-ൽ വിജയകരമായി പൂർത്തിയാക്കിയ ‘ഹാവൻ ഡെമോ’ എന്ന പരീക്ഷണ ദൗത്യത്തിന്റെ കരുത്തിലാണ് കമ്പനി ഈ വൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ബഹിരാകാശത്തിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിനും സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ വർധിച്ചുവരുന്ന പ്രാധാന്യമാണ് ഈ പ്രഖ്യാപനം അടിവരയിടുന്നത്.
ആരാണ് ‘വാസ്റ്റ് സ്പേസ്’?
ബഹിരാകാശത്ത് മനുഷ്യർക്ക് താമസിക്കാനും ജോലി ചെയ്യാനും സൗകര്യമൊരുക്കുന്ന സ്വകാര്യ ബഹിരാകാശ നിലയങ്ങൾ നിർമിക്കുന്ന അമേരിക്കൻ കമ്പനിയാണ് വാസ്റ്റ് സ്പേസ്. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റുകൾ നിർമിക്കുന്നത് പോലെ, ബഹിരാകാശത്തെ ‘വീടുകളും ലബോറട്ടറികളും’ നിർമിക്കുന്ന ഒരു സ്റ്റാർട്ടപ്പാണ് ഇത്. ക്രിപ്റ്റോ കറൻസിയിലൂടെ പ്രശസ്തനായ ശതകോടീശ്വരൻ ജെഡ് മക്കലേബ് ആണ് 2022-ൽ ഈ കമ്പനി സ്ഥാപിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പകരമായി സ്വകാര്യ മേഖലയിൽ നിന്നുള്ള ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ബഹിരാകാശത്ത് ആയിരക്കണക്കിന് ആളുകൾക്ക് താമസിക്കാൻ കഴിയുന്ന വലിയ നഗരങ്ങൾ നിർമിക്കുക എന്നതാണ് ഇവരുടെ ദീർഘകാല ലക്ഷ്യം. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ‘ഹാവൻ -1’ വിക്ഷേപിക്കുക.


