ലോക ജലസംഘടനയുടെ ആസ്ഥാനം റിയാദിൽ
text_fieldsജലസംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ലോക ജലസംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു. റിയാദിലാണ് ഒപ്പുവെക്കൽ ചടങ്ങാണ് നടന്നത്. ഇതോടെ അന്തർദേശീയ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സൗദിയിൽ തുടക്കം കുറിച്ചു. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്ത പരിപാടിയിൽ പ്രാദേശികവും അന്തർദേശീയവുമായ വിപുലമായ പങ്കാളിത്തം ഉണ്ടായി. അന്താരാഷ്ട്ര ജലസംഘടനയിൽ ചേരുന്നതിനുള്ള ചാർട്ടറിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു.
ആഗോള ജല പ്രശ്നങ്ങൾ സമഗ്രമായ രീതിയിൽ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര ജലസംഘടനയുടെ പ്രാധാന്യവും പൊതുലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും കൈവരിക്കുന്നതിനും കൂട്ടായ നടപടിയുടെ ആവശ്യകതയും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്ക് സാമ്പത്തികവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകി സംഘടനയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സൗദി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കും പങ്കാളികൾക്കും ഭരണകൂടത്തിന്റെ സ്വാഗതവും നന്ദിയും അറിയിച്ചു.
രാജ്യങ്ങളും സർക്കാറുകളും തമ്മിലുള്ള പരസ്പര സഹകരണത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തത്തിലൂടെ അന്താരാഷ്ട്ര സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഗോള വെല്ലുവിളികളെ നേരിടുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി പറഞ്ഞു. സുസ്ഥിര പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും വികസ്വര രാജ്യങ്ങളുടെ ജലശേഷി വികസിപ്പിക്കുന്നതിൽ പിന്തുണക്കുകയും ചെയ്യുന്ന ഒരു സമഗ്ര അന്താരാഷ്ട്ര വേദിയായി അന്താരാഷ്ട്ര ജലസംഘടന മാറണമെന്ന് സൗദി ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
ലോകമെമ്പാടുമുള്ള ജല മേഖലക്ക് നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ജല വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമുള്ള പ്രായോഗികവും സമഗ്രവുമായ ഒരു വേദിയായി പ്രവർത്തിക്കുന്നതിന് എല്ലാ യു.എൻ അംഗരാജ്യങ്ങളോടും സ്വകാര്യമേഖല സ്ഥാപനങ്ങളോടും സംഘടനയിൽ ചേരാൻ വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു. ചടങ്ങിൽ ലോക ജല സംഘടനയുടെ സ്ഥാപക രാജ്യങ്ങളായ സൗദി, കുവൈത്ത്, ഖത്തർ, സ്പെയിൻ, ഗ്രീസ്, സെനഗൽ, പാകിസ്താൻ, മൗറിതാനിയ പ്രതിനിധികൾ പെങ്കടുക്കുകയും ചാർട്ടറിൽ ഒപ്പുവെക്കുകയും ചെയ്തു.ചടങ്ങിൽ സംഘടനയുടെ ലക്ഷ്യങ്ങളും മുൻഗണനകളും വിശദീകരിക്കുന്ന ഒരു ദൃശ്യാവതരണവും നടന്നു. 2023 സെപ്റ്റംബറിലാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ റിയാദ് ആസ്ഥാനമായി സൗദി അറേബ്യ ലോക ജലസംഘടന സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്.