ഫിലിപ്പിനോ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരം -ഡോ. അബ്ദുല്ല അൽ റബീഅ
text_fieldsശസ്ത്രക്രിയക്ക് വിധേയരായ ഫിലിപ്പിനോ സയാമീസ് ഇരട്ടകളിലൊന്നിനെ ഡോ. അബ്ദുല്ല അൽ
റബീഅ സന്ദർശിച്ചപ്പോൾ
റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ ക്ലിയയുടെയും മൗറീസിെൻറയും ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതിയുള്ളതായി മെഡിക്കൽ സംഘം അറിയിച്ചു. റിയാദിലെ കിങ് അബ്ദുല്ല സ്പെഷലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ഒരാഴ്ച മുമ്പ് നടന്ന ശസ്ത്രക്രിയക്കുശേഷം കുട്ടികൾ നിരീക്ഷണത്തിൽ തുടരുകയാണ്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇരുവരുടെയും നില നിലവിൽ തൃപ്തികരമാണെന്നും മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽ റബീഅ വ്യക്തമാക്കി.
ഇരട്ടകളിൽ മൗറീസ് നിലവിൽ സാധാരണ നിലയിൽ ശ്വസിക്കുന്നുണ്ടെന്നും വെൻറിലേറ്റർ സഹായം പൂർണമായും ഒഴിവാക്കിയതായും അദ്ദേഹം വിശദീകരിച്ചു. കുട്ടി മാതാപിതാക്കളുമായി പ്രതികരിക്കുന്നുണ്ട്. ട്യൂബ് വഴിയാണ് ഇപ്പോൾ ഭക്ഷണം നൽകുന്നത്. പ്രാഥമിക ന്യൂറോളജിക്കൽ പരിശോധനാ ഫലങ്ങൾ ശുഭസൂചനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു കുഞ്ഞായ ക്ലിയ നിലവിൽ കൃത്രിമ ശ്വസന സഹായിയുടെ (വെൻറിലേറ്റർ) പിന്തുണയോടെയാണ് കഴിയുന്നത്. എങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ക്ലിയയെ വെൻറിലേറ്ററിൽ നിന്ന് മാറ്റാൻ സാധിക്കുമെന്നാണ് മെഡിക്കൽ സംഘത്തിെൻറ പ്രതീക്ഷ. ജന്മനായുള്ള വൃക്ക വൈകല്യം കാരണം കുട്ടി ഇപ്പോൾ പെരിറ്റോണിയൽ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ ഹൃദയപേശികളിലെ ബലഹീനതക്കും ചികിത്സ നൽകുന്നുണ്ട്. നിലവിലെ ചികിത്സാരീതികളോട് ക്ലിയ അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ക്രിയാത്മകമായ മാറ്റങ്ങളാണ് പ്രകടമാകുന്നതെന്നും ഡോ. അൽറബീഅ അറിയിച്ചു.


