‘ഹാർമോണിയസ് കേരള’ രണ്ടാം പതിപ്പിന് ദമ്മാമിൽ കൊടിയേറി
text_fieldsദമ്മാമിൽ ‘ഹാർമോണിയസ് കേരള’ രണ്ടാം പതിപ്പ് പ്രഖ്യാപന ചടങ്ങിൽനിന്ന്
ദമ്മാം: ആസുരകാലത്തിെൻറ നെരിപ്പോടിൽ വരണ്ടുപോയ നന്മകളെ തളിർപ്പിക്കാൻ സൗഹൃദപ്പെരുമഴയുമായി ‘ഹാർമോണിയസ് കേരള’ വീണ്ടും ദമ്മാമിൽ എത്തുന്നു. ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് ഒരുക്കുന്ന ഒരുമയുടെ ഉത്സവം ഡിസംബർ 26-ന് ദമ്മാം സ്പോർട് സിറ്റിയിലാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ദമ്മാം ഗ്രാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൗഹൃദോത്സവത്തിെൻറ ഔചാരിക പ്രഖ്യാപനം നടന്നു.
മലയാളത്തനിമയുടെ ഹൃദയ സുഗന്ധമുള്ള ആയിരക്കണക്കിന് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗായകൻ എം.ജി. ശ്രീകുമാറിെൻറ നേതൃത്വത്തിലുള്ള ഗായക സംഘമാണ് ഇത്തവണ ഹാർമോണിയസ് കേരളക്ക് ശ്രുതി പകരാൻ എത്തുന്നത്. ഒപ്പം അഭ്രപാളികളിലെ മികച്ച പ്രകടനങ്ങൾക്കപ്പുറം ആർജ്ജവമുള്ള നിലപാടുകൾ കൊണ്ട് ശ്രദ്ധേയയായ നടി പാർവതി തിരുവോത്ത്, യുവനടൻ അർജുൻ അശോകൻ, ഗായകരായ നിത്യ മാമ്മൻ, ശിഖ പ്രഭാകരൻ, ലിബിൻ സഖറിയ, ഗോകുൽ ഗോപകുമാർ, ഡാൻസർ റംസാൻ മുഹമ്മദ്, സിദ്ദീഖ് റോഷൻ എന്നിവരും ഹാർമോണിയസ് കേരളയെ സമ്പന്നമാക്കും. മിഥുൻ രമേശാണ് അവതാരകൻ.
ദമ്മാമിലെ വിവിധ രംഗങ്ങളിൽനിന്നുള്ള പ്രമുഖരും സാംസ്കാരികപ്രവർത്തകരും പ്രത്യേക താളത്തിലുള്ള കൈയ്യടിയോടെ ഡിജിറ്റൽ സ്ക്രീനിൽ ഹാർമോണിയസ് കേരളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗൾഫ് മാധ്യമം ഗ്ലോബൽ ബിസിനസ് സൊല്യൂഷൻ ഹെഡ് മുഹമ്മദ് റഫീഖ് ഹാർമോണിയസ് കേരളയെക്കുറിച്ച് വിശദീകരിച്ചു. വിനോദങ്ങൾക്കപ്പുറത്ത് മനസിനെ ആർദ്രമാക്കുന്ന നനവോർമകൾ കൂടി സമ്മാനിക്കുന്നതാണ് ഹാർമോണിയസ് കേരളയെന്നും ആ ആശയത്തോടുള്ള പിന്തുണയായാണ് അതിനെ വിജയിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, സൗദി റസിഡൻറ് മാനേജർ സലീം മാഹി, തനിമ ദമ്മാം പ്രസിഡൻറ് അൻവർ ഷാഫി, കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എ.കെ. അസീസ് എന്നിവരുടെ സാന്നിധ്യത്തിൽ മെഴ്സികോർപ് രക്ഷാധികാരി അബ്ദുറഹ്മാൻ മാഹീൻ, ജി.സി.സി പ്രസിഡൻറ് ഷിബു മുരളി, വൈസ് പ്രസിഡൻറ് അബ്രഹാം ജോൺ, ജോയിൻറ് സെക്രട്ടറി അൻസാർ നസീർ, എക്സിക്യുട്ടീവ് മെമ്പർമാരായ കെ.കെ. ഷബീർ, വിഷ്ണു മോഹൻ എന്നിവർ ചേർന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
ഏഷ്യൻ പോളിക്ലിനിക് ബിസിനസ് ഡവലപ്മെൻറ് ഹെഡ് മുഹമ്മദ് അനസ്, മെഴ്സികോർപ് ജി.സി.സി പ്രസിഡൻറ് ഷിബു മുരളി, സാമൂഹികപ്രവർത്തകൻ ഹമീദ് കൊണ്ടോട്ടി എന്നിവർ ആശംസകൾ നേർന്നു. കമോൺ കേരള, ദംദം ബിരിയാണി, എം.ജി സോങ് സിങ് ആൻഡ് വിൻ എന്നിവയുടെ വിശദീകരണ വീഡിയോകളും പ്രദർശിപ്പിച്ചു. ഗൾഫ് മാധ്യമം-മീഡിയ വൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ സ്വാഗതവും ഹാർമോണിയസ് കേരള പ്രോഗ്രാം കൺവീനർ റഷീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.


