സൗദിയിൽ ‘കഫാല സിസ്റ്റ’മല്ല, പേരാണ് ഇല്ലാതായത്
text_fields2025 ജനുവരി ഒന്നിന് സ്പോൺസർ എന്ന വാക്ക് ഇല്ലാതായത് സംബന്ധിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത
റിയാദ്: സൗദിയിൽ സ്പോൺസർഷിപ് സമ്പ്രദായം (കഫാല സിസ്റ്റം) അവസാനിപ്പിച്ചോ? പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളിൽ ഈയിടെ വന്ന വാർത്തകളിൽ കഴമ്പുണ്ടോ? ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ ടുഡേ, തെലങ്കാന ടുഡേ, ഇന്ത്യൻ എക്സ്പ്രസ്, സി.എൻ.ബി.സി ടിവി 18, മിന്റ്, ന്യൂസ് എയ്റ്റീൻ, ദ വീക്ക്, ഫസ്റ്റ് പോസ്റ്റ് തുടങ്ങി ഏതാണ്ടെല്ലാ മാധ്യമങ്ങളിലും ‘സൗദിയിലെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള കഫാല സിസ്റ്റം’ അവസാനിപ്പിച്ചു എന്ന നിലയിൽ വന്ന വാർത്തകൾ ശരിയാണോ?
ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്ന ഈ വാർത്തകൾ കണ്ട് പല വായനക്കാരും ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. എന്നാൽ അന്വേഷണത്തിൽ വസ്തുതാപരമല്ലെന്ന് വ്യക്തമാകുന്നു. സൗദി തൊഴിൽ രംഗത്ത് നിയമപരമായ രണ്ട് പരിഷ്കാരങ്ങളുണ്ടായി എന്നത് വാസ്തവമാണ്. നാല് വർഷം മുമ്പ് തൊഴിലാളി, തൊഴിലുടമകൾക്കിടയിൽ കരാർ ബന്ധം സ്ഥാപിച്ചുകൊണ്ടും ഏതാണ്ട് 10 മാസം മുമ്പ് സ്പോൺസർ (കഫീൽ) എന്ന പദം ഒഴിവാക്കിക്കൊണ്ടുമുണ്ടായ രണ്ട് മാറ്റങ്ങൾ. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന പോലെ സ്പോൺസർഷിപ് സമ്പ്രാദായത്തെ അപ്പാടെ ഇല്ലാതാക്കുന്ന മാറ്റമായിരുന്നില്ല രണ്ടും.
വിദേശ തൊഴിലാളികളുടെ തൊഴിൽ ദാതാക്കളെ സൂചിപ്പിക്കുന്ന സ്പോൺസർ (കഫീൽ) എന്നതിനെ ‘തൊഴിലുടമ’ അല്ലെങ്കിൽ ‘തൊഴിൽ ദാതാവ്’ (സാഹിബുൽ അമൽ) എന്നാക്കി മാറ്റുന്ന കേവലം സാങ്കേതികം മാത്രമാണ് പരിഷ്കാരം. കഴിഞ്ഞ വർഷം ഡിസംബർ 30നാണ് സൗദി വാണിജ്യ മന്ത്രാലയത്തിൽനിന്ന് ഇത്തരത്തിൽ ഒരു നിർദേശമുണ്ടായത്. സർക്കാർ, സ്വകാര്യ രംഗങ്ങളിലെ മുഴുവൻ വകുപ്പുകളെയും സ്ഥാപനങ്ങളെയും അറിയിച്ച് നടപടി സ്വീകരിക്കാനായി ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സിന് മന്ത്രാലയം കത്തയക്കുകയും ചെയ്തു. പിറ്റേന്ന് ഗൾഫ് മാധ്യമം ഉൾപ്പെടെ സൗദിയിലെ മുഴുവൻ മാധ്യമങ്ങളും വാർത്ത നൽകുകയും ചെയ്തു. എന്നാൽ 10 മാസത്തിനിപ്പുറം അന്നത്തെ ആ വാർത്തയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. ചാറ്റ് ജി.പി.ടിയിൽ പോലും ഇപ്പോൾ ഈ തെറ്റായ വിവരമാണുള്ളത്.
സൗദി തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ രണ്ട് പ്രകാരം, ശമ്പളം നൽകി തൊഴിലാളികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആണ് ‘തൊഴിൽ ദാതാവ്’ എന്ന് വിശേഷിപ്പിക്കുന്നതെന്ന് മന്ത്രാലയം ഫെഡറേഷന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ നിശ്ചിത സേവന വേതന വ്യവസ്ഥകൾക്ക് വിധേയമായി ജോലി ചെയ്യുന്ന ആളെ ‘തൊഴിലാളി’യെന്നാണ് നിർവചിക്കുന്നതെന്നും കത്തിൽ പറഞ്ഞു.
പേര് മാറി, കരാർ ബന്ധമുണ്ടായി
ദീർഘകാലമായി നിലനിന്നിരുന്ന കഫാല (സ്പോൺസർഷിപ്) സമ്പ്രദായം സൗദി അറേബ്യ ഔദ്യോഗികമായി നിർത്തലാക്കിയെന്നാണ് പുതിയ വാർത്തകളും ചാറ്റ് ജി.പി.ടിയും പറയുന്നത്. 2025 ജൂണിൽ പ്രഖ്യാപിക്കുകയും ഒക്ടോബറിൽ നടപ്പാക്കുകയും ചെയ്ത ഒരു സുപ്രധാന പരിഷ്കാരമാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എക്സിറ്റ് വിസയോ തൊഴിലുടമയുടെ അനുമതിയോ ആവശ്യമില്ലാതെ തൊഴിലാളികൾക്ക് രാജ്യം വിടാം എന്നും അതിൽ വിവരമുണ്ട്. സാധുവായ കരാർ ബന്ധം നിലനിൽക്കേ തൊഴിലുടമ അറിയാതെ റീഎൻട്രി വിസയിൽ പോലും തൊഴിലാളിക്ക് രാജ്യം വിടാനാവില്ല എന്നതാണ് യാർഥാർഥ്യം. ഇതുപോലെ നിരവധി അവാസ്തവങ്ങളോ അർധസത്യങ്ങളോ ആണ് ഈ വാർത്തകളിലുള്ളത്.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ ബന്ധം മെച്ചപ്പെടുത്താൻ 2021ൽ സൗദി മാനവവിഭവശേഷി സാമൂഹികവികസന മന്ത്രാലയം ഒരു സംരംഭം ആരംഭിച്ചിരുന്നു. കരാറുകൾ ഡിജിറ്റൽ ഡോക്യുമെന്റാക്കലും അത് ‘ഖിവ’ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപ്ലോഡ് ചെയ്യലും നിർബന്ധമാക്കുകയും ചെയ്തു. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും നിരവധി സേവനങ്ങൾ നൽകുന്ന സംവിധാനമായിരുന്നു ഇത്. മതിയായ കാരണങ്ങളുണ്ടെങ്കിൽ തൊഴിലുടമയെ മാറ്റാനും റീഎൻട്രി, ഫൈനൽ എക്സിറ്റ് വിസകൾ നേടാനുമുള്ള സ്വാതന്ത്ര്യം ഇതിലൂടെ തൊഴിലാളികൾക്ക് ലഭിച്ചു. തൊഴിലാളികൾ കരാർ ലംഘനം നടത്താതെ തങ്ങളുടെ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാനുള്ള സൗകര്യം തൊഴിലുടമകൾക്കും ലഭ്യമായി. നിയമപരമായി രണ്ട് കൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടു. അനുബന്ധമായി വേതന സംരക്ഷണ നിയമവും സംവിധാനവും നടപ്പാക്കി. ഇതോടെ എല്ലാമാസവും തൊളിലാളികൾക്ക് തങ്ങളുടെ വേതനം കൈപ്പറ്റിയെന്ന് ഡിജിറ്റലായി ഉറപ്പുവരുത്താനുള്ള സൗകര്യവുമായി.
ഇതിലൂടെ രാജ്യത്ത് തൊഴിൽ തർക്കങ്ങളുടെ നിരക്ക് പകുതിയായി കുറക്കാനായിട്ടുണ്ടെന്നും കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭം ഇതിനകം നിരവധി തൊഴിലാളികൾക്ക് പ്രയോജനം ചെയ്തതായും മാനവ വിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തുകയും ചെയ്തു. സൗദിയിൽ തൊഴിൽ രംഗത്തുണ്ടായ പ്രധാന മാറ്റങ്ങൾ ഇത് രണ്ടുമാണ്. ഇതുവെച്ച് കഫാല സംവിധാനം മുഴുവൻ ഇല്ലാതായെന്ന് വിലയിരുത്തുന്നത് യാഥാർഥ്യ ബോധമില്ലായ്മയാണ്.


