വിഷു കഴിഞ്ഞതറിയാതെ പൂത്തുലഞ്ഞ് കണിക്കൊന്നകൾ
text_fieldsകണിക്കൊന്നകൾ പൂത്തുലഞ്ഞ് നിൽക്കുന്നു
ജുബൈൽ: നാട്ടിലെങ്ങും വിഷുക്കാലമായാൽ കണിക്കൊന്നകൾ പൂത്ത മനോഹര കാഴ്ചകൾ മലയാളികൾക്ക് പുതുമയല്ല.വിഷുവൊക്കെ കഴിഞ്ഞ് വേനൽ കനത്തു തുടങ്ങിയെങ്കിലും സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വഴിയോരങ്ങളിൽ പലയിടത്തും നിരനിരയായി നിൽക്കുന്ന കണിക്കൊന്നകൾ മഞ്ഞവർണം അണിഞ്ഞുനിൽക്കുന്നു.
ഫോട്ടോ; സഫയർ മുഹമ്മദ്
പ്രധാനമായും റോയൽ കമീഷൻ മേഖലയിലാണ് ഇവ നട്ടു വളർത്തുന്നത്. ധാരാളം ആര്യ വേപ്പ് മരങ്ങളും ചേർന്നുനിൽക്കുന്നു.ഇന്ത്യയിലും ശ്രീലങ്കയിലുമൊക്കെ വളരുന്ന ഇംഗ്ലീഷ് ഭാഷയിൽ ഗോൾഡൻ ഷവർ ട്രീ എന്നറിയപ്പെടുന്ന ഈ ചെറിയ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല എന്നാണ്. പയറുപോലെ മെലിഞ്ഞുനീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.
ഇതിനുള്ളിലെ വിത്തുകൾക്ക് ചെറിയ മധുരവുമുണ്ട്. കണിക്കൊന്നക്ക് ഏറെ ഔഷധ ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നു.മലയാളികളുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.മലയാള കവിതകൾക്ക് എന്നും വിരുന്നൊരുക്കിയ പൂക്കളാണ് കണിക്കൊന്ന. ഗിരീഷ് പുത്തഞ്ചേരിയുടെ ‘മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...’ എന്ന ഗാനം മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന ഗൃഹാതുരതയുണർത്തുന്ന മധുര ഗാനമാണ്.
വിഷുവിന് കണി കണ്ടുണരാൻ ഓരോ മലയാളിയും ആഗ്രഹിക്കുന്ന ഒന്നാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേര് ഈ വൃക്ഷത്തിന് ലഭിച്ചതും വിഷുവിന് കണി കാണുന്നത് കൊണ്ടാണ്.