‘പാസ്പോർട്ട് ടു ദ വേൾഡ്’'; അൽഖോബാർ ഇസ്കാൻ പാർക്കിലേക്ക് ആയിരങ്ങൾ എത്തുന്നു
text_fieldsഅൽഖോബാർ ഇസ്കാൻ പാർക്കിൽ ആരംഭിച്ച ‘പാസ്പോർട്ട് ടു ദ വേൾഡ്’ സാംസ്കാരികോത്സവം
അൽ ഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിലെ സ്വദേശികൾക്കും വിദേശികൾക്കും ഉത്സവരാവ് സമ്മാനിച്ച് ‘പാസ്പോർട്ട് ടു ദ വേൾഡ്’ സാംസ്കാരിക പരിപാടികൾ തുടരുന്നു. വ്യാഴാഴ്ച ആരംഭിച്ച സുഡാൻ സാംസ്കാരികോത്സവം കാണാൻ ആയിരങ്ങളാണ് എത്തിയത്. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി രാജ്യത്തെങ്ങുമുള്ള ഇന്ത്യ, ഫിലപ്പീൻസ്, സുഡാൻ, ബംഗ്ലാദേശ് എന്നീ നാലു രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് സ്വന്തം നാടിന്റെ തനിമയോടെ കലാ, സാംസ്കാരിക പ്രകടനങ്ങളേയും ഉത്സവ പൈതൃകങ്ങളേയും അടുത്തറിയാനും ആസ്വദിക്കാനും പങ്കുചേരാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ 16 മുതൽ 19 വരെയാണ് ഇന്ത്യയുടെ അവസരം. ഒപ്പന, ബോളിവുഡ് ഡാൻസ്, മുട്ടിപ്പാട്ട്, കളരി, ജാങ്കറാ നൃത്തം എന്നീ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള വർണശബളമായ പ്രകടനത്തോടെയാണ് എല്ലാ ദിവസവും ൈവകീട്ട് ആഘോഷപരിപാടി തുടങ്ങുന്നത്. ഒരു ദിവസം രണ്ടു പരേഡ് ആണ് നടക്കുക. പ്രധാന വേദിക്ക് സമീപം പരേഡ് എത്തുന്നതോടെ കലാപരിപാടികൾ തുടങ്ങും. അതോറിറ്റിയുടെ ക്ഷണപ്രകാരം നാട്ടിൽ നിന്നെത്തിച്ചേരുന്ന പ്രശസ്ത കലാകാരന്മാരുടേയും പാട്ടുകാരുടേയും വൈവിധ്യമാർന്ന പ്രകടനങ്ങൾ ഉത്സവമേളയിലൊരുക്കിയ പടുകൂറ്റൻ വേദിയിൽ അരങ്ങേറും.
നാലു ദിവസവും വൈകീട്ട് നാല് മുതൽ പരിപാടികൾ ആരംഭിക്കും. പ്രവേശനം പൂർണമായും സൗജന്യമാണ്. സൗജന്യ പാസിന് webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം. അൽ ഖോബാറിൽ ഇസ്കാൻ പാർക്കിൽ വാരാന്ത്യങ്ങളിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയുളള നാലു നാളുകളിൽ രാവേറെ വൈകി അവസാനിക്കുന്ന തരത്തിലാണ് വിപുലമായ മേള നടക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്നതും വിസ്മയവും ഒപ്പം കൗതുകവും നിറഞ്ഞ പല രൂപങ്ങളിലും നിറങ്ങളിലുമുള്ള വൈദ്യുത ദീപാലങ്കാരങ്ങളും നിറഞ്ഞ മേള സന്ദർശിക്കാനെത്തിയവർക്ക് സ്വന്തം നാട്ടിൻപുറങ്ങളിലെ ഉത്സവപറമ്പുകളിൽ എത്തിയ അനുഭവ കാഴ്ചയാണ് ലഭിക്കുന്നത്. കരകൗശല വസ്തുക്കളുടേയും വസ്ത്രങ്ങളുടേയും തുണിത്തരങ്ങളുടേയും പൈതൃക ഉൽപന്നങ്ങളുടേയും കലാരൂപങ്ങളുടേയും പ്രദർശന സ്റ്റാളുകളാണ് നാട്ടിൽനിന്നും മേളയിലെത്തിയിരിക്കുന്നത്.
ഒരോ നാട്ടിൽനിന്നുമുള്ള ഭക്ഷണയിനങ്ങളെ പരിചയപ്പെടുത്തുന്ന പാചകമേളകളും രുചിച്ചറിയാനും ആസ്വദിക്കാനുമായി നാടൻ അന്തരീക്ഷത്തിലെ ഭക്ഷണശാലകളും ഉത്സവനഗരിയിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രശസ്ത കലാകാരൻമാരും കലാകാരികളുമടങ്ങുന്ന സംഘത്തിന്റെ വ്യത്യസ്ത പ്രകടനങ്ങളും പരിപാടികളുമാണ് വേദിയിലെത്തുന്നത്. ആര്യൻ തിവാരി, അഹമദ് സുൽത്താൻ, അർമാൻ മാലിക് ,ബിസ്വ എന്നിവരെ കൂടാതെ കേരളത്തിൽനിന്ന് ദിവ്യ എസ്. മേനോൻ, സജിലി സലിം, വർഷ പ്രസാദ് എന്നിവരും ഇന്ത്യ ആഘോഷ രാവുകളിൽ കലാവിരുന്നുകൾ ഒരുക്കാനെത്തും.
16-ന് ജാവേദ് അലി, പ്രീതി ബാല, വർഷ പ്രസാദ്, സജ്ലി സലീം, പൂജ കന്ദൽവാൾ എന്നിവർ പരിപാടികൾ അവതരിപ്പിക്കും. 17-ന് റിഷി സിങ്, അകസ, സജ്ലി സലീം, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും 18-ന് അർമാൻ മാലിക്, ആര്യൻ തിവേരി, ദിവ്യ എസ്. മേനോൻ, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും കലാപരിപാടികളവതരിപ്പിക്കും. അവസാന ദിവസമായ 19-ന് എമിവേ ബന്ദായി, ബിസ്വ, ദിവ്യ എസ്. മേനോൻ, പ്രിയൻഷി ശ്രീവാസ്തവ, പൂജ കന്ദൽവാൾ എന്നിവരുടെ പരിപാടികളാണ് അരങ്ങേറുക.