2030 ഓടെ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും -വാണിജ്യമന്ത്രി
text_fieldsഹ്യൂമൻ ക്യാപ്പബിറ്റി ഇനീഷ്യേറ്റിവ് റിയാദ് റിറ്റ്സ് കാൾട്ടൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി സംസാരിക്കുന്നു
റിയാദ്: ടൂറിസം, സംസ്കാരം, സ്പോർട്സ്, ക്രിയേറ്റീവ് വ്യവസായങ്ങൾ എന്നീ മേഖലകളിൽ 2030 ഓടെ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി പറഞ്ഞു. രാജ്യം അഭിലാഷത്തിൽനിന്ന് പ്രവർത്തനത്തിലേക്ക് മാറിയിരിക്കുന്നു. സൗദി ആതിഥേയത്വം വഹിക്കുന്ന എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 എന്നിവ അടുത്തുവരുമ്പോൾ നമ്മുടെ യുവാക്കളെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് ഭാവി കഴിവുകൾ ആവശ്യമാണ്.
ഹ്യൂമൻ ക്യാപ്പലിറ്റി ഇനീഷ്യേറ്റിവ് റിയാദ് റിറ്റ്സ് കാൾട്ടൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സിനിമ, ഡിസൈൻ, ഫാഷൻ, ഡിജിറ്റൽ കലകൾ എന്നിവയിൽ ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ക്രിയേറ്റിവ് ഇക്കണോമി 80,000-ലധികം ജോലികളെ പിന്തുണക്കും.
2030-ഓടെ ജി.ഡി.പിയുടെ 4.4 ശതമാനത്തിൽനിന്ന് 19 ശതമാനമായി ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വളരുമെന്ന് വാണിജ്യ മന്ത്രി വിശദീകരിച്ചു. 2030-ഓടെ ആരോഗ്യമേഖല 250 ശതകോടി റിയാലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദികളിൽ 65 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണ്.
ഇതിനർഥം ആജീവനാന്ത വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്നത് മേലിൽ ഒരു ഓപ്ഷനല്ല, മറിച്ച് അത്യന്താപേക്ഷിതമായ ആവശ്യമാണ്. കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിലാളികളുടെ കഴിവുകളിലും ഭാവി ആവശ്യങ്ങളിലും ഉള്ള വിടവുകൾ വിലയിരുത്തുന്നതിനും രാജ്യം പ്രവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിന് പുറമേ രാജ്യത്തേക്ക് വൈദഗ്ധ്യം കൊണ്ടുവരിക, ഭാവി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാർഥികളെ വിദേശത്തേക്ക് അയക്കുക എന്നിവക്കായും രാജ്യം പ്രവർത്തിക്കുന്നുവെന്നും അൽ ഖസബി പറഞ്ഞു. ‘തയാറെടുപ്പിനപ്പുറം’ എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം ബുധനാഴ്ച അവസാനിക്കും.